അറബ് മീഡിയ ഫോറത്തിന് തുടക്കം; ഡോ.മുഹമ്മദ് ഗാനെം അൽ റുമൈഹിയെ മാധ്യമ വ്യക്തിത്വമായി തിരഞ്ഞെടുത്തു

Mail This Article
ദുബായ് ∙ ദുബായിൽ നടന്ന അറബ് മീഡിയ ഫോറം 2023ൽ ഈ വർഷത്തെ മാധ്യമ വ്യക്തിത്വമായി ഡോ.മുഹമ്മദ് ഗാനെം അൽ റുമൈഹിയെ തിരഞ്ഞെടുത്തു. ദുബായിലെ മദീനത്ത് ജുമൈറയിൽ ആരംഭിച്ച അറബ് മീഡിയ ഫോറത്തിന്റെ (എഎംഎഫ്) 21-ാമത് എഡിഷന്റെ ഉദ്ഘാടന ദിനമായ ഇന്ന്(ചൊവ്വ) ദുബായ് രണ്ടാം ഉപ ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ദേഹത്തെ ആദരിച്ചു.

1942-ൽ ജനിച്ച ഡോ. അൽ റുമൈഹി കുവൈത്തിൽ നിന്നുള്ള എഴുത്തുകാരനും ചിന്തകനും വിവർത്തകനും സാമൂഹ്യശാസ്ത്ര പ്രഫസറുമാണ്. അറബ് മാധ്യമ പുരസ്കാരങ്ങളിലെ മറ്റൊരു പ്രമുഖ വിഭാഗമായ മികച്ച കോളമിസ്റ്റ് അവാർഡ് നേടിയ ഡോ.സൗസൻ അൽ അബ്താഹിനെയും ഷെയ്ഖ് അഹമ്മദ് ആദരിച്ചു. ബെയ്‌റൂട്ടിലെ ലെബനീസ് യൂണിവേഴ്‌സിറ്റിയിലെ അറബിക് ഭാഷാ വിഭാഗത്തിലെ ഇസ്‌ലാമിക നാഗരികതയുടെ പ്രഫസറും സൗദിയിലെ അഷർഖ് അൽ അൗസത്ത് പത്രത്തിന്റെ എഴുത്തുകാരനുമാണ് ഇദ്ദേഹം. അറബ് മാധ്യമ രംഗത്തെ വിവിധ വിഭാഗങ്ങളിലെ പുരസ്‌കാര ജേതാക്കളെയും ആദരിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദ്വിദിന പരിപാടിയിൽ പ്രമുഖ മാധ്യമ പ്രവർത്തകരും മന്ത്രിമാരും പ്രാദേശിക അറബ് തലവൻമാരും ഉൾപ്പെടെ മൂവായിരത്തിലേറെ പേർ പങ്കെടുക്കുന്നു. രാജ്യാന്തര മാധ്യമ സംഘടനകളും ചിന്തകരും ബുദ്ധിജീവികളും എഴുത്തുകാരും ഇതിലുൾപ്പെടും. അത്യാധുനിക മാധ്യമ പ്രവണതകൾ പര്യവേക്ഷണം ചെയ്യുന്നതിനും അറബ് ലോകത്തെ മാധ്യമങ്ങൾക്ക് ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഒരു പുതിയ കാഴ്ചപ്പാട് ചർച്ച ചെയ്യുന്നതിനുമായി 130 പ്രഭാഷകരും 160 മാധ്യമ സംഘടനകളുടെ പങ്കാളിത്തവും ഉൾപ്പെടുന്ന 75-ലേറെ സെഷനുകൾക്ക് ഫോറം സാക്ഷ്യം വഹിക്കും.
English Summary: 21st edition of Arab Media Forum to begin