ADVERTISEMENT

ദോഹ∙കുഞ്ഞൻ കാറുകളുടെ മത്സരക്കുതിപ്പിനായി ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ട് സുസജ്ജം. നവീകരണ-വികസന പ്രവർത്തനങ്ങൾ പൂർത്തിയായി. ഒക്‌ടോബർ 6 മുതൽ 8 വരെ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീമത്സരങ്ങൾക്ക് വേദിയാകും. സൂപ്പർതാരങ്ങൾക്ക് കുതിച്ചു പായാൻ സർക്യൂട്ടിലെ മത്സര ട്രാക്കുകളുടെ ശേഷി വർധിപ്പിച്ച് അത്യാധുനിക നിലവാരത്തിലാക്കി. കൂടാതെ സർക്യൂട്ടിലെ പ്രധാന കെട്ടിടങ്ങൾ, ഗ്രാൻഡ് സ്റ്റാൻഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നവീകരണവും വികസനവും പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) വ്യക്തമാക്കി.

ഏഴു മാസം കൊണ്ടാണ് സർക്യൂട്ടിലെ വികസന, നവീകരണ ജോലി പൂർത്തിയാക്കിയത്. ഏറ്റവും ഉയർന്ന രാജ്യാന്തര മാനദണ്ഡങ്ങൾക്കും ഫോർമുല വണ്ണിന്റെ  നിശ്ചിത വ്യവസ്ഥകൾക്കും അനുസൃതമായാണ് ട്രാക്ക് വികസനം. അത്യാധുനിക സാങ്കേതിക വിദ്യയിലാണ് പ്രവർത്തനം. ഫോർമുല വണ്ണിന്റെ 5.38 കിലോമീറ്റർ റേസ് ട്രാക്കിൽ 16 ടേണുകളാണുള്ളത്. സർക്യൂട്ടിലെ മത്സര ട്രാക്കുകൾക്ക് ഇന്റർനാഷനൽ ഓട്ടമൊബീൽ ഫെഡറേഷന്റെ അംഗീകാരവും ലഭിച്ചു കഴിഞ്ഞു. 

സർക്യൂട്ടിൽ വിശാലമായ ഫാൻ സോൺ, ഫൈവ് സ്റ്റാർ വിഐപി ഏരിയകൾ എന്നിവ നിർമിച്ചതിനൊപ്പം എല്ലാ ഗ്രാൻഡ് സ്റ്റാൻഡുകളുടെയും ശേഷിയും പാർക്കിങ് സൗകര്യങ്ങളും വർധിപ്പിച്ചു. 15,000 വാഹനങ്ങൾക്കുള്ള ഇൻഡോർ-ഔട്ട്‌ഡോർ കാർ പാർക്കിങ് സൗകര്യങ്ങൾ പുതുതായുണ്ട്. മത്സര കാറുകളുടെ തയാറെടുപ്പുകൾക്കായി 50 ഗാര്യേജുകളും. 40,000 കാണികളെ ഉൾക്കൊള്ളാൻ തക്കവിധം സർക്യൂട്ടിന്റെ ശേഷി വർധിപ്പിച്ചിട്ടുണ്ട്.

Read also: യുഎഇയിലെ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ്: തൊഴിലാളികൾ അറിഞ്ഞിട്ടില്ലെങ്കിൽ കമ്പനികൾ റജിസ്റ്റർ ചെയ്യണം

 

പുതിയ നടപ്പാതകൾ, ബാരിയറുകൾ, സേഫ്റ്റി ഘടകങ്ങൾ, ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയെല്ലാം പൂർത്തിയായി കഴിഞ്ഞു. നിർമാണം പൂർത്തിയായതിൽ സർക്യൂട്ടിന്റെ വടക്കും തെക്കുമായി 3 ടണലുകളും കാൽ നടയാത്രക്കായുള്ള ടണലുകളും ഉൾപ്പെടുന്നു. സർക്യൂട്ടിലെ 1,80,000 ചതുരശ്രമീറ്റർ സ്ഥലം ഹരിതാഭമാക്കി. ലുസെയ്ൽ സർക്യൂട്ടിന്റെ പരിസര പ്രദേശങ്ങളിലായുള്ള ഇന്റർസെക്ഷനുകളും 21 കിലോമീറ്റർ റോഡും നവീകരിച്ചു.

English Summary: Lusail Circuit ready to host F1 Qatar Grand Prix.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com