'കിമ്മത്ത് അൽ സൗദ'; സൗദിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ ആഡംബര പര്‍വത വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു

Mail This Article
ജിദ്ദ∙ സൗദിയിലെ പര്‍വതമേഖലയില്‍ പുതിയ പദ്ധതി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാന്‍ പ്രഖ്യാപിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. തെക്കുപടിഞ്ഞാറന്‍ സൗദിയിലെ അസീര്‍ മേഖലയിലാണ് പുതിയ പദ്ധതി. ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദം തുടങ്ങിയ സുപ്രധാന വ്യവസായങ്ങള്‍ വിപുലീകരിച്ച് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ശ്രമങ്ങളുടെ പ്രധാന ഭാഗമാകും പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം അസീര്‍ വികസന പദ്ധതിയെ ഇത് പിന്തുണയ്ക്കുകയും ചെയ്യും. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3,015 മീറ്റര്‍ ഉയരത്തില്‍ ഒരു ആഡംബര പര്‍വത വിനോദസഞ്ചാര കേന്ദ്രം സ്ഥാപിക്കുന്നതാണ് 'കിമ്മത്ത് അൽ സൗദ' എന്ന പദ്ധതി നടപ്പാക്കുന്നത്. സൗദ മേഖലയിലും റിജാല്‍ അല്‍മയുടെ ചില ഭാഗങ്ങളിലുമായാണ് ഇത് നടപ്പാക്കുക.


പരിസ്ഥിതി, സാംസ്‌കാരിക-പൈതൃക സമൃദ്ധി എന്നിവ സംരക്ഷിച്ചുകൊണ്ട് അഭൂതപൂര്‍വമായ ജീവിതാനുഭവം പ്രദാനം ചെയ്യുന്നതിലൂടെ സൗദാ കൊടുമുടികള്‍ ലക്ഷ്വറി മൗണ്ടന്‍ ടൂറിസത്തിന്റെ ഒരു പുതിയ യുഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന് സൗദ ഡെവലപ്‌മെന്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. വിനോദസഞ്ചാരവും വിനോദവും വിപുലീകരിക്കുക, സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുക, നിക്ഷേപം ആകര്‍ഷിക്കുക, രാജ്യത്തിന്റെ മൊത്തം ജിഡിപിയിലേക്ക് 29 ബില്യനിലധികം റിയാല്‍ സംഭാവന ചെയ്യുക, പ്രത്യക്ഷവും പരോക്ഷവുമായ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഇത് യോജിപ്പിച്ചിരിക്കുന്നു.
രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിക്കാട്ടുകയും ആഘോഷിക്കുകയും ചെയ്യുന്നതോടൊപ്പം സൗദിയിലെ വിനോദസഞ്ചാര മേഖലയിൽ സൗദ കൊടുമുടി ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലായിരിക്കുമെന്നും ആഗോള ടൂറിസം ഭൂപടത്തില്‍ രാജ്യത്തെ സ്ഥാപിക്കുമെന്നും കിരീടാവകാശി പറഞ്ഞു. സന്ദര്‍ശകര്‍ക്ക് സൗദാ കൊടുമുടികളുടെ സൗന്ദര്യം കണ്ടെത്താനും അതിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും പര്യവേക്ഷണം ചെയ്യാനും പ്രാദേശിക സമൂഹത്തിന്റെ ആധികാരിക ആതിഥ്യമര്യാദ അനുഭവിക്കാനും അവസരമുണ്ട്. സമൃദ്ധമായ പച്ചപ്പിന് ഇടയില്‍, മേഘങ്ങള്‍ക്ക് മുകളില്‍ സൗദാ കൊടുമുടി അവിസ്മരണീയ അനുഭവം നല്‍കും.
2033 ഓടെ വര്‍ഷം മുഴുവനും രണ്ട് ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആഡംബര, ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കാനാണ് സൗദ പീക്ക്‌സ് ലക്ഷ്യമിടുന്നത്. പ്രാദേശിക പരമ്പരാഗതവും വാസ്തുവിദ്യാ ശൈലികളും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് മാസ്റ്റര്‍പ്ലാന്‍ രൂപകല്‍പന. തഹ്‌ലാല്‍, സാഹബ്, സബ്‌റഹ്, ജരീന്‍, റിജാല്‍, റെഡ് റോക്ക് എന്നിങ്ങനെ ആറ് അതുല്യമായ വികസന മേഖലകളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
English Summary: Saudi to create luxury mountain tourism plan; 'Kimmat Al Souda' announced