ADVERTISEMENT

ദുബായ്∙  ഒരു സിനിമയ്ക്കെതിരെ മനഃപൂർവം പ്രേക്ഷകർ ആരും മാർക്കിടുമെന്ന് കരുതുന്നില്ലെന്നും സിനിമ അവരെ എത്രമാത്രം സ്വാധീനിക്കുന്നതിനനുസരിച്ചായിരിക്കും മാർക്ക് ലഭിക്കുകയെന്നും നടൻ മമ്മൂട്ടി. ദുബായിൽ തന്‍റെ പുതിയ ചിത്രമായ 'കണ്ണൂർ സ്ക്വാഡി'ന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സിനിമ തുടങ്ങുന്നതിന് മുൻപും ചിത്രീകരണ സമയത്തുമൊക്കെ എല്ലാവരും വളരെ ആവേശത്തോടെ ഉണ്ടാകാറാണ് പതിവെങ്കിലും റിലീസ് ദിവസം അടുക്കുമ്പോൾ പരിഭ്രമവും ആശങ്കയും വർധിക്കും. ഏറ്റക്കുറച്ചിലുകളുണ്ടാകാമെങ്കിലും മനഃപ്രയാസവും പരിഭ്രമവുമൊക്കെ എല്ലാവരിലും ഒരേ അളവിലാണ്. ഒരുവർഷം മുഴുവൻ പഠിച്ച് പരീക്ഷയെഴുതിയ റിസൾട്ട് കാത്തിരിക്കുന്നതുപോലെ തന്നെയാണത്. പരീക്ഷ നന്നായി എഴുതിയാൽ കൃത്യമായി മാർക്ക് കിട്ടും. പക്ഷേ, പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സിനിമയാണോ എന്നതിനനുസരിച്ചായിരിക്കും മാർക്ക്. 

 

ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായമുണ്ടായിരിക്കാം. നമുക്ക് സ്വന്തമായി അഭിപ്രായമുണ്ടായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ അഭിപ്രായം നമ്മുടേതാകരുത്. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാത്തത് നല്ല പ്രവണതയല്ല. ഒരിക്കലും സിനിമാ പ്രവർത്തകർ തങ്ങളുടെ ചിത്രത്തെ വലിയ സംഭവമായി അവതരിപ്പിക്കാറില്ല. പ്രേക്ഷകരിലാണ് പ്രതീക്ഷകളേറുന്നത്. അവരാണ് അതിന് ഹൈപ്പ് കൂട്ടുന്നത്. സിനിമക്കാർക്ക് നെഞ്ചിടിപ്പും ചങ്കിടിപ്പും മാത്രമേയുള്ളൂ.

ദുബായിൽ വാർത്താ സമ്മേളനത്തിൽ മമ്മൂട്ടി സംസാരിക്കുന്നു. 
 ചിത്രം:മനോരമ
ദുബായിൽ വാർത്താ സമ്മേളനത്തിൽ മമ്മൂട്ടി സംസാരിക്കുന്നു. ചിത്രം:മനോരമ

Read also: 'ഗൾഫിൽ ലീവില്ലാതെ 16 മണിക്കൂർ വെയിലും തണുപ്പും കൊണ്ട് ജോലി ചെയ്തിട്ടും ഇത്രയും വേദന ഉണ്ടായിട്ടില്ല; 'വില്ലൻ മലയാളി', വൈറൽ പോസ്റ്റ്

ഓടുന്ന സിനിമ മാത്രം എടുക്കാനുള്ള തന്ത്രമുണ്ടായിരുന്നെങ്കിൽ എന്‍റെ എല്ലാ സിനിമയും വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഒരു കളക്ടീവ് പ്രൊഡക്ടാണ്. അത് എഴുത്തുകാരുടെ ഭാവനയിൽ വിരിയുന്നു. അത് മറ്റുള്ളവരുമായി സംവേദിക്കാൻ കഴിയുന്നതിന് പരിമിതിയുണ്ട്. അങ്ങനെയുണ്ടായില്ലെങ്കിൽ ആ സിനിമയെ അവർ നിരാകരിക്കും. ഒരു സിനിമയുടെ മികവിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് പരാജയപ്പെടുന്നതെന്നും മമ്മൂട്ടി പറഞ്ഞു. . 

 

∙ കണ്ണൂർ സ്ക്വാഡിന് രണ്ടാം ഭാഗം വന്നേക്കും

 

ഈ ചിത്രത്തിലെ നായകൻ വീരശൂര പരാക്രമിയോ വളരെ അധികാരമുള്ളതോ ആയ പൊലീസ് ഉദ്യോഗസ്ഥനോ അല്ല, എ എസ് ഐയാണ്. കണ്ണൂർ പൊലീസിൽ കേസന്വേഷണത്തിന് ഉണ്ടായിരുന്ന പ്രത്യേക സ്ക്വാഡിനെ മറ്റുള്ളവർ വിളിച്ചിരുന്നതാണ് കണ്ണൂർ സ്ക്വാഡെന്ന്. വളരെ സത്യസന്ധമായി നിർമിച്ച ചിത്രമാണിത്. ഈ ചിത്രത്തിന്മേൽ പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ല. സിനിമയല്ലാതെ മറ്റു വാഗ്ദാനങ്ങളൊന്നും നൽകാനുമില്ല. മമ്മൂട്ടിക്കമ്പനിയുടെ ഏറ്റവും ചെലവേറിയെ സിനിമയാണിത്. വലിയ താരനിരയൊന്നുമില്ലെങ്കിലും ചെലവു കൂടാൻ കാരണം പൂനയ്ക്കടുത്തെ വായുവിലടക്കം വളരെ ദൂരം സഞ്ചരിച്ച് ചിത്രീകരിച്ചതുകൊണ്ടാണ്. 

 

കണ്ണൂർ സ്ക്വാഡിന് രണ്ടാം ഭാഗമുണ്ടായേക്കാമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി  ഓസ്കാറിലേയ്ക്ക്  തിരഞ്ഞെടുക്കപ്പെട്ട 2018 ന്‍റെ അണിയറപ്രവർത്തകർക്ക് അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.

 

∙ ആദ്യ നായകനടൻ ഡോക്യു ഫിക് ഷനെന്ന് നിരാകരിച്ചു

 

ഈ ചിത്രം എഴുതുമ്പോൾ കണ്ണൂർ സ്ക്വാഡിലെ നായക കഥാപാത്രം മമ്മൂട്ടിയായിരുന്നില്ലെന്ന് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ് പറഞ്ഞു. ആദ്യം മറ്റൊരു നടനെയായിരുന്നു സമീപിച്ചത്. അദ്ദേഹം ഇതൊരു ഡോക്യു ഫിക് ഷനാണല്ലോ  എന്ന് അഭിപ്രായപ്പെട്ട് നിരാകരിച്ചു. തുടർന്ന് മമ്മൂട്ടിയിലെത്തുകയായിരുന്നു. യഥാർഥത്തിൽ നടന്ന സംഭവമാണ് ചിത്രത്തിന്‍റെ പ്രമേയം. ഈ കഥാപാത്രങ്ങൾ പലതും ഇപ്പോഴും ജീവിച്ചിരിപ്പുള്ളവരാണ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡിന് മുഹമ്മദ് ഷാഫി കഥയെഴുതി. വിജയരാഘവൻ, കെ.യു. മനോജ്, ദീപക് പറമ്പിൽ, കിഷോർ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ജിസിസിയിലെ 130ലേറെ തിയറ്ററുകളിൽ നാളെ ചിത്രം പ്രദർശനമാരംഭിക്കുമെന്ന് ഗൾഫിലെ വിതരണക്കാരായ ഗ്ലോബൽ ട്രൂത്ത് സിഇഒ അബ്ദുൽ സമദ് പറഞ്ഞു.  ചിത്രത്തിലെ മറ്റു അഭിനേതാക്കളായ അസീസ് നെടുമങ്ങാട്, ശബരീഷ് വർമ എന്നിവരും, ആർജെ വൈശാഖും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.  

 

English Summary: Audiences do not intentionally mark themselves against the film; 'Kannur Squad' may have a second part: Mammootty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT