ADVERTISEMENT

റിയാദ് ∙ മഞ്ഞിനെയും മേഘങ്ങളെ തൊട്ട് പച്ചപ്പിനെ തഴുകി മലമുകളിൽ ആഡംബര ജീവിതം നയിക്കാൻ സൗദി അവസരമൊരുക്കുന്നു. രാജ്യത്തെ ഉയരം കൂടിയ കൊടുമുടിയിൽ (3015 മീറ്റർ) അത്യാഡംബര ടൂറിസം പദ്ധതി പ്രഖ്യാപിച്ചാണ് ആഗോള സഞ്ചാരികളെ സൗദിയിലേക്ക് ആകർഷിക്കുന്നത്. സൗദാ പീക്സ് എന്ന പേരിട്ട പദ്ധതിയുടെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി 940 ഹോട്ടൽ മുറികളും 391 വില്ലകളും പണിയും. പർവതനിരകളുടെ അന്തരീക്ഷത്തിൽ രാജകീയ താമസവും പ്രകൃതിരമണീയ കാഴ്ചകളും ആസ്വദിക്കാം. സൗദാ കൊടുമുടിയിലെ വാസം സന്ദർശകർക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കും.

തെക്കുപടിഞ്ഞാറൻ സൗദിയിലെ അസീർ മേഖലയിലുള്ള അൽസൗദാ പർവ്വതത്തിലും റിജാൽ അൽമയുടെ ചില ഭാഗങ്ങളിലുമായാണ് പദ്ധതി നടപ്പാക്കുക. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽകരിക്കുന്നതിന്റെ ഭാഗമാണിതെന്ന് പബ്ലിക് ഇൻവസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) അറിയിച്ചു.

പരിസ്ഥിതി, സാംസ്‌കാരിക, പൈതൃക സമൃദ്ധി എന്നിവ സംരക്ഷിച്ചുകൊണ്ട് വ്യത്യസ്ത ജീവിതാനുഭവം യാഥാർഥ്യമാക്കുന്നതാണ് പദ്ധതി. ആഡംബര പർവത ടൂറിസത്തിന്റെ പുതിയ യുഗത്തെ പ്രതിനിധീകരിക്കുന്നതാണ് പദ്ധതിയെന്ന് സൗദാ ഡവലപ്‌മെന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

ചിത്രത്തിന് കടപ്പാട് : സബ്ക്ക്
ചിത്രത്തിന് കടപ്പാട് : സബ്ക്ക്

വിനോദവും ടൂറിസവും വിപുലീകരിക്കുക, സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുക, നിക്ഷേപം ആകർഷിക്കുക, ജിഡിപിയിലേക്ക് 2900 കോടി റിയാൽ സംഭാവന ചെയ്യുക, പ്രത്യക്ഷവും പരോക്ഷവുമായി ആയിരങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. പുതിയ പദ്ധതി ആഗോള ടൂറിസം ഭൂപടത്തിൽ സൗദിയെ അടയാളപ്പെടുത്തുമെന്നും പറഞ്ഞു. 2033ൽ യാഥാർഥ്യമാകുന്ന പദ്ധതിയിലൂടെ വർഷത്തിൽ 20 ലക്ഷം സന്ദർശകരെ സൗദാ പീക്കിസിൽ എത്തിക്കാമെന്നാണ് പ്രതീക്ഷ. തഹ്‍ലാൽ, സഹാബ്, സബ്ര, ജരീൻ, റിജാൽ, റെഡ് റോക്ക് എന്നീ 6 സോണുകളിലായി വ്യത്യസ്ത വികസന പദ്ധതികൾ നടപ്പാക്കും. ആഡംബര ഹോട്ടലുകൾ ഹിൽ റിസോർട്ടുകൾ, കലാ സാംസ്കാരിക, കായിക, വിനോദ കേന്ദ്രങ്ങൾ, കുന്നിൻചെരിവിൽ വൻ സൗകര്യമുള്ള ചെറിയ കുടിലുകൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്.

English Summary: Saudi launches masterplan for new 'Soudah Peaks' luxury tourism project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT