ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ഷാർജ - ഒമാൻ ധാരണ

Mail This Article
മസ്കത്ത്/ഷാർജ ∙ രണ്ടുദിവസത്തെസന്ദർശനത്തിന് ഒമാനിലെത്തിയ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖുമായി ചർച്ച നടത്തി.
അൽ ബറാക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. ശാസ്ത്ര, സാംസ്കാരിക മേഖലകളിലെ വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഒമാനിലെ യുഎഇ സ്ഥാനപതി മുഹമ്മദ് ബിൻ നഖ്റ അൽ ദാഹിരി, സാംസ്കാരിക വകുപ്പ് മേധാവി അബ്ദുല്ല അൽ ഒവൈസ്, പ്രോട്ടോക്കോൾ വകുപ്പ് ചെയർമാൻ മുഹമ്മദ് ഉബൈദ് അൽ സാബി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഷാർജ ഭരണാധികാരിയുടെ ബഹുമാനാർഥം വിരുന്നും ഒരുക്കിയിരുന്നു.
ഒമാനിലെത്തിയ ഡോ. ഷെയ്ഖ് സുൽത്താന് മസ്കത്തിലെ റോയൽ എയർപോർട്ടിൽ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
English Summary: Sultan bin Muhammad Al-Qasimi held talks with Haitham bin Tarik.