ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; പ്രവാസി മലയാളിക്ക് എട്ടര കോടിയോളം രൂപ സമ്മാനം

Mail This Article
ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് എട്ടര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. ദുബായ് ജബൽ അലിയിൽ താമസിക്കുന്ന ഷംസുദ്ദീൻ ചെറുവട്ടന്റവിട (36) എന്നയാളാണ് ഭാഗ്യവാൻ. സഹോദരനും 9 സുഹൃത്തുക്കളുമൊത്താണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക ഇവരുമായി പങ്കിടും.
കഴിഞ്ഞ ഒരു വർഷമായി സംഘം എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. ഒാരോ പ്രാവശ്യവും ഒാരോരുത്തരുടെ പേരിലാണ് ടിക്കറ്റെടുക്കുന്നത്. റസ്റ്ററൻ്റ്–സൂപ്പർമാർക്കറ്റുകളുടെ പിആർഒയാണ് ഷംസുദ്ദീൻ. ഭാര്യയും 3 മക്കളും നാട്ടിലാണുള്ളത്. സമ്മാനം ലഭിച്ചത് ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുമെന്ന് ഷംസുദ്ദീൻ പറഞ്ഞു. ഇദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ നേടുന്ന 216–ാമത്തെ ഇന്ത്യക്കാരനാണെന്ന് അധികൃതർ പറഞ്ഞു.
ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ സമൈര ഗ്രോവർ ബിഎംഡബ്ല്യു എക്സ്5 എം50 െഎ കാർ സമ്മാനം നേടി. ദുബായിൽ നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ ടിക്കറ്റെടുത്തത്. ദുബായിൽ താമസിക്കുന്ന തങ്കച്ചൻ യോഹന്നാൻ (60) ഹാർലി ഡേവിഡ്സൺ സ്പോർട്സ്റ്റർ എസ് മോട്ടോർ ബൈക്കും സമ്മാനം നേടി. റിയൽ എസ്റ്റേറ്റ് കമ്പനിയിൽ വാച്ച്മാൻ ആയ ഇദ്ദേഹം ആദ്യമായാണ് ഒരു ടിക്കറ്റ് വാങ്ങിയത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ തന്നെ മറ്റൊരു നറുക്കെടുപ്പിൽ റാസൽഖൈമ ഫ്രീസോണിൽ കമ്പനി നടത്തുന്ന ഇത്യോപ്യക്കാരനായ ടെക് ലിറ്റ് ടെസ് ഫായെ (48) 10 ലക്ഷം ഡോളർ നേടി.
English Summary: Malayali wins 8.5 crore rupees (10 Lakh US Dollars) in duty free draw.