7 മാസം, 25 ലക്ഷം സന്ദർശകർ; വിനോദസഞ്ചാരികളുടെ വരവിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രാജ്യമായി ഖത്തർ

Mail This Article
ദോഹ ∙ ഈ വർഷം ജൂലൈ വരെയുള്ള വിനോദസഞ്ചാരികളുടെ വരവിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രാജ്യമായി ഖത്തർ. ഏറ്റവും പുതിയ യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യുഎൻഡബ്ല്യുടിഒ) വേൾഡ് ടൂറിസം ബാരോമീറ്റർ പ്രകാരമാണിത്. ജനുവരി മുതൽ ജൂലൈ വരെ ഖത്തറിലേക്കുള്ള രാജ്യാന്തര സന്ദർശകരുടെ വരവിൽ 95 ശതമാനത്തിലധികമാണ് വർധന. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. 25 ലക്ഷത്തിലധികം സന്ദർശകരാണ് കഴിഞ്ഞ 7 മാസത്തിനിടെ എത്തിയത്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം പേരെത്തിയത്.
വർഷാദ്യ പകുതിയിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോയവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്, 20 ലക്ഷത്തിലധികം യാത്രക്കാർ. മുൻവർഷത്തേക്കാൾ 33.5 ശതമാനം വർധന. ആഭ്യന്തര ടൂറിസത്തിന് കരുത്തേകാൻ വ്യത്യസ്ത പരിപാടികളാണ് ഖത്തർ ടൂറിസം നടത്തുന്നത്. ഒക്‌ടോബർ 2 മുതൽ മാർച്ച് 28 വരെ നീളുന്ന ദോഹ എക്‌സ്‌പോയിലേക്ക് 30 ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഒക്‌ടോബറിൽ ഫോർമുല വൺ, മോട്ടോ ജിപി, ജനീവ മോട്ടർ ഷോ തുടങ്ങി സന്ദർശകരെ ആകർഷിക്കാനുള്ള പരിപാടികൾ ഏറെയുണ്ട്.
അതിനാൽ, അടുത്ത 3 മാസത്തിനിടെ രാജ്യത്തേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണം ഇനിയും കൂടും. പൊതുവേ മിഡിൽ ഈസ്റ്റിലേക്ക് എത്തിയ സന്ദർശകരുടെ എണ്ണം കോവിഡ് കാലത്തിന് മുൻപത്തേക്കാൾ 20 ശതമാനത്തിലധികമായി. ഈ കാലയളവിനുള്ളിൽ 2019ലെ നിലവാരം മറികടക്കുന്ന ലോകത്തിലെ ഏക മേഖലയും മിഡിൽ ഈസ്റ്റാണ്. സൗദി, ജോർദാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശക പ്രവാഹത്തിൽ വലിയ വളർച്ചയാണ് നേടിയത്. കോവിഡ് കാലത്തിന് മുൻപുള്ള കാലത്തിലേക്ക് 84 ശതമാനത്തോളം തിരികെ എത്താൻ രാജ്യാന്തര ടൂറിസത്തിനു സാധ്യമായി.
English Summary: Qatar recorded as the best-performing destination of international tourist arrivals.