'ഉൗളക്കാടനില്ലാത്ത ചടങ്ങ് ഉപ്പില്ലാത്ത കഞ്ഞിപോലെ': യൂസഫലി; സെലിബ്രിറ്റികളുടെ പ്രിയങ്കരൻ, മനുഷ്യസ്നേഹം വലുതെന്ന് പ്രവാസിയായ ചാക്കോ
Mail This Article
ദുബായ് ∙ 'യുഎഇയിൽ എവിടെ ചടങ്ങുണ്ടോ, അവിടെ ചാക്കോ ഉൗളക്കാടനുണ്ടെ'ന്നൊരു അലിഖിത ചൊല്ല് പ്രവാസി മലയാളികളുടെ ഇടയിലുണ്ട്. ദുബായിലെയും ഷാർജയിലെയും പ്രവാസികൾ അത് നേരിട്ട് കണ്ട് സമ്മതിച്ചതുമാണ്. സന്തോഷമായാലും സന്താപമായാലും, ആ ചടങ്ങുകളിൽ തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി സംബന്ധിച്ചിരിക്കും. അത് 64 കാരനായ ഇദ്ദേഹത്തിന്റെ വാശിയല്ല, ഒരാവേശമാണ്. 'ഉൗളക്കാടനില്ലാത്ത ചടങ്ങ് ഉപ്പില്ലാത്ത കഞ്ഞി പോലെ'യാണെന്ന് തുറന്നുപറഞ്ഞത് പ്രമുഖ വ്യവസായി സാക്ഷാൽ എം.എ.യൂസഫലി!
ഏതൊരു ചടങ്ങും മറ്റുള്ളവരിൽ പ്രകാശം ചൊരിയുന്നതാണെന്നും അതിൽ പങ്കെടുക്കുക ഒരു മനുഷ്യനെന്ന നിലയിൽ തന്റെ കടമയാണെന്നും കഴിഞ്ഞ 42 വർഷമായി ആ നിലപാടാണ് തുടരുന്നതെന്നും ചാക്കോ പറയുന്നു. തിരക്കേറിയ യുഎഇ റോഡുകളിലൂടെ സ്വയം ഡ്രൈവ് ചെയ്ത് ഒാരോ വേദിയിലുമെത്തുന്നത് ഇൗ ചിന്തയുടെ ഉൗർജം കൊണ്ടു തന്നെ. ആത്മാർഥമായ ശ്രമമുണ്ടെങ്കിൽ നമുക്ക് ഭൂമിയുടെ ഏതറ്റം വരെ പോകാമെന്നും അദ്ദേഹം മനോരമ ഒാൺലൈന് മുന്നിൽ മനസ്സ് തുറക്കുന്നു:
ദുരിതക്കയത്തിൽ നിന്ന് കരകയറ്റുന്ന യുഎഇ
കഷ്ടപ്പാടു നിറഞ്ഞ ജീവിതമായിരുന്നു ചെറുപ്പത്തിൽ. ഉൗളക്കാടൻ എന്ന വീട്ടുപേരിന് ഒരു ഉൗക്കൊക്കെയുണ്ടെങ്കിലും നാട്ടുകാർക്ക് വലിയ മതിപ്പില്ലായിരുന്നു. ജോർജ്–മിനി ദമ്പതികളുടെ മകനായി ജനിച്ചു. അഞ്ച് സഹോദരിമാരുണ്ടായിരുന്നു. എല്ലാവർക്കും നല്ലൊരു ജീവിതം നൽകേണ്ടത് സഹോദരനെന്ന നിലയിൽ ചാക്കോയുടെ കർത്തവ്യമായിരുന്നു. അങ്ങനെയാണ് വിദ്യാഭ്യാസത്തിന് ശേഷം ബോംബെയിലേയ്ക്ക് വണ്ടി കയറിയത്. 1981 വരെ അവിടെ വിവിധ കമ്പനികളിൽ ജോലി ചെയ്തു. ഒടുവിൽ 1981 മാർച്ച് 13ന് യുഎഇയിലേക്ക് വിമാനം കയറുമ്പോൾ ഹോട്ടൽ സെന്റോറിൽ പർചേസിങ് അസിസ്റ്റന്റായിരുന്നു.
തന്റെ ഗോഡ് ഫാദദറായ ജോസിന്റെ അരികിലാണ് എത്തിയത്. ഉമ്മുല്‍ഖുവൈനിലെ ഒരു ഷെയ്ഖിന്റെ ഫലജ് അൽ മുഅല്ലയിലെ കൊട്ടാരത്തിലെ വീസയിലാണ് എത്തിയത്. അങ്ങനെ അവിടെ തന്നെ സഹായിയായി കൂടുമ്പോഴും ചാക്കോയുടെ മനസിൽ വിശാലമായ യുഎഇയുടെ ആകാശത്ത് ഉയരങ്ങളിലേക്ക് പറക്കുന്ന സ്വപ്നമായിരുന്നു നിറഞ്ഞുനിന്നത്. രണ്ടു മാസത്തിന് ശേഷം ദുബായിലേക്കു മാറി. മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും ദുബായ് ഡ്യൂട്ടി ഫ്രീ മാനേജറുമായിരുന്ന മലയാളി വി.സലീമിന്റെ ഷെഹർസാദ് എന്ന കമ്പനിയിൽ 1986 വരെ ജോലി ചെയ്തു. ഇതിനിടെ 1983ൽ യുഎഇ ഡ്രൈവിങ് ലൈസൻസ് നേടിയിരുന്നു. തുടർന്ന് മോളിനെക്സിൽ സെയിൽസ്മാനായി ജോലി ചെയ്ത ശേഷം 10 വർഷം ജില്ലെറ്റിലും പ്രവർത്തിച്ചു.
1995 മുതൽ സാറ ട്രേഡെന്റ് എമിറേറ്റ്സ് എന്ന കമ്പനിയിൽ അസി.സെയിൽസ് മാനേജരാണ്. ഈ ജോലിക്കിടെയാണ് ഒട്ടേറെ പേരുമായി സൗഹൃദത്തിലാകാൻ സാധിച്ചതെന്ന് ചാക്കോ പറയുന്നു. എന്നാൽ 2008ൽ പാർട്ണർഷിപ്പിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ചെറിയ നിക്ഷേപം നടത്തിയെങ്കിലും അതു പൊളിഞ്ഞതോടെ ജീവിതത്തിൽ ചില പാഠങ്ങളും പഠിച്ചു. പിന്നീട്, മലബാർ ഗോൾഡ് ജ്വല്ലറി ആൻഡ് ഡയമണ്ട് സ്ഥാപിച്ചപ്പോൾ ആദ്യത്തെ ഓഹരിയുടമകളിലൊരാളായി. ഇന്ന് നാട്ടിൽ രണ്ടു വീടുകളുമുണ്ട്. ഭാര്യയും മക്കളായ ലീനറ്റ് ചാക്കോ, ആനറ്റ് ചാക്കോ, അലൻ നോയൽ എന്നിവർ നല്ല നിലയിലാണ്. ചാക്കോ വരുമാനത്തിന്റെ നല്ലൊരു ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്നു.
ബിസിനസ് അല്ല, മനുഷ്യസ്നേഹം വലുത്
യുഎഇ എന്നാൽ ബിസിനസാണ്. എങ്കിലും മനുഷ്യർ തമ്മിലുള്ള സ്നേഹം, അടുപ്പം, സഹാനുഭൂതി, സൗഹാർദം എന്നിവയ്ക്കെല്ലാം വലിയ പ്രാധാന്യമുണ്ടെന്നാണ് ഉൗളക്കാടന്റെ പോളിസി. അതിന്റെ ഭാഗമായാണ് യുഎഇയിൽ നടക്കുന്ന ഏത് പരിപാടിക്കും ഇദ്ദേഹത്തിന് ക്ഷണം ലഭിക്കുന്നത്. ലുലു ഗ്രൂപ്പിന്‍റെതായാലും മറ്റു പ്രമുഖ മലയാളി കമ്പനികളുടെതായാലും ഒരു ചടങ്ങുണ്ടെങ്കിൽ അതിന്റെ ക്ഷണം ചാക്കോയ്ക്ക് കിട്ടിയിരിക്കും.
എല്ലാത്തിലും പങ്കെടുക്കുക എന്നത് ഇദ്ദേഹത്തിന്റെ ദിനചര്യയാണ്. സമയം എന്നത് എല്ലാവർക്കും 24 മണിക്കൂറേയുള്ളൂ. അത് കൃത്യമായി വിനിയോഗിക്കുന്നതിലാണ് കാര്യം. ഞാനത് പ്ലാൻ ചെയ്താണ് ജീവിക്കുന്നത്. രാവിലെ ആറിന് എഴുന്നേറ്റ് 8.10ന് ഒാഫീസിലെത്തിയാൽ പിന്നെ തനി ജീവനക്കാരനാണ്. വൈകിട്ട് 4 ന് വീട്ടിലെത്തും. പ്രവൃത്തി ദിവസങ്ങളിൽ ഒന്നോ രണ്ടോ പരിപാടിൾ മിക്കപ്പോഴും ഉണ്ടായിരിക്കും. പക്ഷേ, വാരാന്ത്യദിവസങ്ങളിൽ വിവിധ എമിറേറ്റുകളിലായി നടക്കുന്ന ആറ് പരിപാടികളിൽ വരെ ഇദ്ദേഹം പങ്കെടുത്തിരിക്കും. അവിടെ പ്രസംഗിക്കണമെന്നോ പേര് പരാമർശിക്കണമെന്നോ വിരുന്നുസത്കാരത്തിൽ പങ്കെടുക്കണമെന്നോ ആഗ്രഹമില്ല. ചെല്ലുക, കൈ കൊടുത്ത് സൗഹൃദം പുതുക്കുക, ഫോട്ടോയ്ക്ക് നിൽക്കുക, തിരിച്ചു മടങ്ങുക ഇതാണ് ഉൗളക്കാടൻ സ്റ്റൈൽ. ഇൗ പടങ്ങൾ പിന്നീട് സമൂഹമാധ്യമത്തിൽ നിറസാന്നിധ്യമാകും. യുഎഇയിലെ വമ്പന്മാരുടെ വീട്ടിലെ വിവാഹാഘോഷത്തിനോ മറ്റോ ക്ഷണിക്കപ്പെടുന്ന 25 പേരിൽ താനുണ്ടായിരിക്കുമെന്നും ഇത് വലിയ ആത്മവിശ്വാസമാണ് പകരുന്നതെന്നും അദ്ദേഹം പറയുന്നു. പിതാവ് ജോർജ് ഉൗളക്കാടൻ പണക്കാരനല്ലെങ്കിലും നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. ആ സ്വീകാര്യത ഗൾഫിൽ ചാക്കോയ്ക്കുമുണ്ട്.
ഇന്നസന്റിന്റെ പ്രിയ തോഴൻ; സെലിബ്രിറ്റികള്‍ക്ക് സുപരിചിതൻ
അന്തരിച്ച നടൻ ഇന്നസന്റിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു ചാക്കോ. ഇന്നസന്റ് ദുബായിലെത്തിയാൽ ആദ്യം വിളിക്കുന്നവരിലൊരാൾ. മമ്മുട്ടി, മോഹൻലാൽ തുടങ്ങിയവരെല്ലാം ചാക്കോ ഉൗളക്കാടന്റെ വണ്ടിയിൽ ദുബായിലൂടെ സഞ്ചരിച്ചിട്ടുണ്ട്.. യുഎഇയിലെ വലിയ ബിസിനസുകാരായാലും നാട്ടിൽ നിന്നെത്തുന്ന സെലിബ്രിറ്റികളായാലും സൗഹൃദം മുതലെടുക്കാറില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും എല്ലാവരുടെയും സ്നേഹം ലഭിക്കാറുണ്ടെന്നും ചാക്കോ പറയുന്നു.
ചാക്കോയുടെ അറുപതാം പിറന്നാളിന് ആശംസകള്‍ നേർന്നവരിൽ ഇന്നസന്റുമുണ്ടായിരുന്നു. യുഎഇയിലെത്തിയാൽ ചാക്കോയാണ് തന്റെ സന്തത സഹചാരിയെന്ന് ഇന്നസന്റ് ആശംസയിൽ പറയുന്നു. 1987 മുതലുള്ള സൗഹൃദമാണ് ചാക്കോയ്ക്ക് ഇന്നസന്റുമായിട്ട്. യുഎഇയിലെത്തിയാൽപ്പിന്നെ ചാക്കോയെ പിരിഞ്ഞുള്ള നിമിഷങ്ങളില്ല. കരാമയിലെ വീട്ടിലെ നിത്യസന്ദർശകൻ. ചാക്കോയുമായി കൂടിയാലോചിച്ചാണ് പരിപാടികൾ തീരുമാനിച്ചിരുന്നത്. ഇരിങ്ങാലക്കുട പ്രവാസി അസോസിയേഷന്റെ രണ്ട് പരിപാടികളിൽ അദ്ദേഹം പങ്കെടുത്തത് തീർത്തും സൗജന്യമായിട്ടായിരുന്നു. രണ്ട് പ്രാവശ്യവും ഇന്നസന്റിനെ പൊന്നാട അണിയിച്ച് ആദരിച്ചു. 2000ൽ ദുബായിൽ വെൽക്കം 2000 എന്ന പരിപാടിക്ക് വന്നപ്പോൾ ചാക്കോയുടെ റസ്റ്ററന്റിലായിരുന്നു ഇന്നസന്റ് ഉൾപ്പെടെ അതിൽ പങ്കെടുത്തവർക്കെല്ലാം ഉച്ചയൂണ്.
അടുത്തിടെ യുകെ സന്ദർശിച്ച യുഎഇ ബിസിനസ് സംഘത്തോടൊപ്പം ചാക്കോയുമുണ്ടായിരുന്നു. ബ്രിട്ടനിലെ ക്രൈം–പൊലീസിങ്–ഫയർ സഹ മന്ത്രി ക്രിസ് ഫിലിപ്പ് ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ചാക്കോയുടെ ഫോൺ നമ്പർ: +971 52 903 6923
English Summary: Malayali expat Chako Oolakadan who attends all major functions in UAE