ADVERTISEMENT

ദമാം∙ റിയാദിലെ കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും ജവാസത്തിലും തർഹീലിലും ജയിലുകളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും മോർച്ചറികളിലും, രക്തബാങ്കിലുലൊക്കെ  കൈയിൽ ഒരു കെട്ടുഫയലുമായി നിറപുഞ്ചിരിയോടെ കാണുന്ന ഒരു മലയാളി മുഖമുണ്ട്; പ്രവാസലോകത്തെ ജനനം മുതൽ മരണം വരെയുള്ള കാലത്തെ  എന്തിനും ഏതിനും സമാനതകളില്ലാത്ത നിസ്വാർത്ഥ സഹായവും കൈത്താങ്ങുമായി ഓടിയെത്തുകയാണ് റിയാദിലെ സാമൂഹിക,  ജീവകാരുണ്യ പ്രവർത്തകനായ സിദ്ദീഖ് തുവൂർ.

Photo: Special Arrangement
Photo: Special Arrangement

 

Photo: Special Arrangement
Photo: Special Arrangement

ആരും യാത്രചെയ്യാൻ ഒന്നുമടിക്കുന്ന മരുഭൂമിയുടെ ഉള്ളറകളിലേക്ക് നിയമസംവിധാന പിന്തുണയോടെ കടന്ന് ചെന്ന് ഇടയ ജീവിതത്തിൽ നിന്ന് രക്ഷിച്ചെടുത്തത് അനവധി പേരെയാണ്. തൊഴിൽതട്ടിപ്പിന് ഇരകളായി വിവിധ മരുഭൂമികളിലെ മസറകളിൽ (ഒട്ടക– ആട് ഫാം)  പെട്ടുപൊയ  46 പേരുടെ ജീവിതമാണ്  സൗദി പൊലീസിന്റെ സഹായത്തോടെ ഇക്കഴിഞ്ഞ ഒന്നര വർഷത്തിനിടെ സിദ്ദീഖ് തുവൂർ തിരികെയെത്തിച്ചത്. അതിനു വേണ്ടി മാത്രം വിവിധ മരുഭൂമികളിലെ വന്യമായ അപരിചിത വഴിത്താരകളിൽ തനിയെ വാഹനമോടിച്ച് താണ്ടിയത് നാൽപ്പതിനായിരത്തിലേറെ കിലോമീറ്ററുകളാണ്.   

Photo: Special Arrangement
Photo: Special Arrangement

ഓരോ തവണയും തേടിയെത്തുന്ന ഫോൺ കോളുകളിലെ മറുവശത്തുള്ളവരുടെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനും നിയമസഹായം നൽകി രക്ഷിക്കാനും അഭയമൊരുക്കാനും ചികിത്സാ സഹായമൊരുക്കാനും, രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് ഉൾപ്പടെ നിരവധി വിഷയങ്ങളുടെ  നിയോഗം പരോപകരമേ പുണ്യം എന്ന് വിശ്വസിക്കുകയാണ് ഈ മനുഷ്യസ്നേഹി.  ഇവിടെ മരണമടഞ്ഞ നിരവധി മലയാളികളുടെ മൃതദേഹം നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കയറ്റി അയക്കുന്നതിനും ഇവിടെ സംസ്കരിക്കുന്നതിനും ഒക്കെ എല്ലാത്തിനും സിദ്ദീഖ് മുൻപന്തിയിലുണ്ട്. കള്ളക്കേസിൽ കുടുങ്ങിയപ്പോയവർ, ഹുറൂബ് ആയവർ, ജയിൽ ശിക്ഷിക്കപ്പെട്ടവർ, തർഹീൽ അകപ്പെട്ടവർ, തൊഴിൽപ്രശ്നങ്ങൾ, നിയമപ്രശ്നങ്ങൾ ഇൻഷൂറൻസ് നഷ്ടപരിഹാരം തുടങ്ങി സാധാരണക്കാരന്റെ അനവധി പ്രശ്നങ്ങൾക്ക് പരിഹാരമെത്തിക്കാൻ സിദ്ദിഖ് നടത്തിയ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. തന്നെ തേടിയെത്തുന്ന ഒരോ വിഷയങ്ങളും പിന്നത്തേയ്ക്ക് മാറ്റിവെക്കാതെ ഉടൻ സാധ്യമായ വഴികൾ തേടി ഇറങ്ങും.

 

Photo: Special Arrangement
Photo: Special Arrangement

∙മരുഭൂമിയിൽ കുടുങ്ങിയവർക്ക് രക്ഷാദൗത്യവമായി  ഡ്രൈവിങ്  

Photo: Special Arrangement
Photo: Special Arrangement

 

Photo: Special Arrangement
Photo: Special Arrangement

 സിദ്ദീഖ് തുവൂർ  ഇക്കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ  മരുഭൂമിയിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ വേണ്ടി മാത്രം തനിയെ വണ്ടിയോടിച്ച് തുടരുന്ന യാത്ര ഇതുവരെ നാൽപ്പതിനായിരത്തിലേറെ കിലോമീറ്ററുകൾ കടന്നിരിക്കുന്നു. മരുഭൂമിയിൽ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ 46 പേരെയാണ് ഇതുവരെ രക്ഷിച്ചെടുത്തതെന്ന് ചാരിതാർഥ്യത്തോടെ അദ്ദേഹം പറയുന്നു. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് വിവിധ പ്രഫഷണലുകളിലായി ഒരു ലക്ഷം രൂപയിലധികം തുക വാങ്ങിയാണ് ഏജൻറുമാർ ഖത്തറിലേക്ക് ജോലിക്ക് കൊണ്ട് വരുന്നത്. അവരുടെ സ്പോൺസർമാർ ഖത്തറിൽ നിന്ന് സൗദിയിലേക്ക് സന്ദർശക വീസയിൽ കൊണ്ട് വന്ന് നൂറുകണക്കിന്  ഒട്ടകങ്ങളെ മേക്കുന്ന ജോലി ഏൽപ്പിക്കുകയാണ്. 250 മുതൽ 400 വരെ ഒട്ടകളും ആടുകളും ഓരോ സ്ഥലത്തുമുണ്ടാവുമെന്ന് സിദ്ദിഖ് പറയുന്നു.

Photo: Special Arrangement
Photo: Special Arrangement

 

3600 കിലോമിറ്ററിലേറെ ദൂരം 3 തവണ യാത്രചെയ്ത ദൗത്യമാണ്  ഏറ്റവും ദൈർഘ്യമേറിയത്. അറേബ്യൻ പെനിൻസുലയിലെ ഏറ്റവും വലിയ  മണൽ തീരമാണ് റുബ് അൽ ഖാലി . 1,000 കിലോമീറ്റർ (620 മൈൽ) നീളവും 500 കിലോമീറ്റർ (310 മൈൽ) വീതിയുമുണ്ട് ഈ മരുഭൂമിക്ക്. റുബ് അൽ ഖാലിയുടെ ഭാഗമായ ഖർഖീറിലുള്ള 7പേരെ അന്വേഷിച്ച് റിയാദിൽ നിന്ന് മിഷല്ല വഴി സൗദി, ഒമാൻ ,യമൻ അതിർത്തി പങ്കിടുന്ന ഖർഖീർ  മരുഭൂമിയിലേക്ക് പുറപ്പെട്ടതാണ് ഇന്നുവരെ നടത്തിയതിൽ ഏറ്റവും ദീർഘയാത്ര. അവിടെയുള്ള ഇന്ത്യാക്കാരുടെ മോചനത്തിനായി ബോർഡർ ഗാർഡുമായി ബന്ധപ്പെട്ടെങ്കിലും പ്രത്യേക അനുമതി നേടണമെന്നതിനാൽ അവരെ കാണാനാവാതെ കേസ് ഫയൽ ചെയ്ത് റിയാദിലേക്ക് മടങ്ങി. റുബുഉൽ ഖാലി വഴിയുള്ള  ആ യാത്ര ദുർഘടമായിരുന്നു  3,600 കിലോമീറ്റർ സഞ്ചരിച്ച്  റിയാദിൽ തിരിച്ചെത്തി. യാത്രയുടെ ഉദ്ദേശം മനസ്സിലാക്കിയ മുതിർന്ന ഉദ്യോഗസ്ഥർ വരെ വെള്ളവും ,ഭക്ഷണവും വാഹനത്തിലെത്തിച്ചു നൽകിയിരുന്നു. വിജനമായ മരുഭൂമിയായതിനാൽ വാഹനത്തിൽ സൗജന്യമായി  പെട്രോൾ നിറയ്ക്കാനും, രണ്ടു ദിവസം തുടർച്ചയായുള്ള യാത്ര ക്ഷീണം മനസ്സിലാക്കി  താമസത്തിലുള്ള ഏർപ്പാട് ചെയ്യാമെന്നും അവർ വാഗ്ദാനം ചെയ്തു. അത്യാവശ്യ ഘട്ടത്തിൽ അവരെ ബന്ധപ്പെടാനുള്ള നമ്പറും നൽകി സ്നേഹത്തോടെയാണ് തങ്ങളെ യാത്രയയച്ചു. 

Photo: Special Arrangement
Photo: Special Arrangement

 

Photo: Special Arrangement
Photo: Special Arrangement

ഖർഖീർ  പുറമെ നിന്ന് പ്രവേശനം കർശനമാക്കിയ സ്ഥലമാണത്.  വിജനമായ മരുഭൂമിയിലേക്ക് പ്രവേശിച്ചാൽ പുറത്തിറങ്ങാൻ കഴിയില്ല .  വാദി ദവാസിർ വഴി ഈ സ്ഥലത്തേക്ക് പ്രവേശിക്കാമെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ  അന്വേഷണം ചെന്നെത്തിയത് ഷാറൂറയിലേക്കാണ്. ഒരാഴ്ചക്ക് ശേഷം  ഷറൂറയിലേക്ക് തിരിച്ചു. ഷറൂറ പബ്ലിക് സെക്യൂരിറ്റി, പൊലീസ്, ബോർഡർ ഗാർഡ്, ഗവർണറേറ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നേരിട്ടെത്തി പരാതി സമർപ്പിച്ചു. ഉദ്യോഗസ്ഥരുടെ അനുഭാവ പൂർണ്ണമായ പ്രതികരണം  ആശ്വാസമേകി. വിശ്രമമില്ലാതെ നാലു ദിവസം വിവിധ ഓഫീസുകൾ കയറിയിറങ്ങി, നീണ്ടു പോകുമെന്നതിനാൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഞങ്ങൾ മടങ്ങി 2,200 കിലോമീറ്റർ യാത്ര ചെയ്ത് റിയാദിൽ തിരിച്ചെത്തി.

Photo: Special Arrangement
Photo: Special Arrangement

 

Photo: Special Arrangement
Photo: Special Arrangement

കിഴക്കൻ പ്രവിശ്യയിലെ റഫീയക്ക്ക്കടുത്തുള്ള മിഷല്ലയിൽ കുടുങ്ങിയ ഗുജറാത്ത് സ്വദേശികളായ 3 പേരിൽ നിന്നായിരുന്നു തുടക്കം. റിയാദിൽ നിന്ന് 400 കിലോമീറ്ററിലേറെ ദൂരമുള്ള ഈ സ്ഥലത്തേക്ക് ഏഴു തവണയിലധികം യാത്ര ചെയ്ത്  ഓരോരുത്തരെയായി മോചിപ്പിച്ചു. പിന്നീട്  റിയാദിൽ  നിന്ന് തുടങ്ങി , മിശല്ല, അൽ ഹസ , ഒമാൻ ബോർഡർ വരെ 3600 കിലോ മീറ്റർ രണ്ടു  ദിവസം തുടർച്ചയായി യാത്ര ചെയ്തു. ശേഷം ശറൂറ , അൽ ഹസ , ഹറദ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെ കാണാനായി പുറപ്പെടുകയും പൊലീസിന്റെ സഹായത്തോടെ പലരെയും മോചിപ്പിക്കാനും കഴിഞ്ഞു. ഗുജറാത്ത് സ്വദേശി റിവാ ഭായി, സുനിൽ ദാമോദർ, സാബിറലി,  യുപി സ്വദേശി റിയാസുദ്ദീൻ, മഹീന്ദ്ര,  ഉദയ്, അമർജിത്ത്, ദന്തു ,അഹദ്,നൗഷാദ്, ഫൈസാബാദ് സ്വദേശികളായ രാജു, ദബ്ളു,ബീഹാർ സ്വദേശി രാം ബിലാസ് എന്നിവരൊക്കെ മോചനമൊരുക്കിയവരിൽ ചിലർ മാത്രം.

 

8

∙ സൗദി പൊലീസ് നന്മമരങ്ങൾ

 

സൗദി പൊലീസിന്റെ നന്മയുള്ള മുഖങ്ങളാണ്   മരുഭൂമിയിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ എത്തുമ്പോൾ കാണാൻ കഴിഞ്ഞത്. ചിലതെല്ലാം  തൊഴിൽ പ്രശ്നമായിട്ടു പോലും മനുഷ്യത്വത്തിന്റെയും കരുതലിന്റെയും സാന്ത്വനത്തിന്റെയും സംരക്ഷണത്തിന്റെയും ആൾ രൂപമായി മാറുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.

 

ദുർഘടം പിടിച്ചതായിരുന്നു ഈ യാത്രയിലെ വഴികൾ പലതും.  പടച്ച തമ്പുരാനിൽ സർവ്വതും സമർപ്പിച്ചാണ്  യാത്രകൾ. വാട്സ് ആപ്പിലും ഫോണിലുമായി കുടുംബവും സഹപ്രവർത്തകരുമുണ്ടാകും.  കിലോമീറ്ററുകളോളം മനുഷ്യവാസമോ, പെട്രോൾ പമ്പുകളോ ഇല്ലാത്ത സ്ഥലങ്ങളുണ്ട്. മരുഭൂമിയിലൂടെയുള്ള യാത്രയിൽ വാഹനം മണലിൽ ആഴ്ന്ന് പോകുകയും ടയർ പൊട്ടുകയും ചെയ്ത അനുഭവങ്ങളുണ്ട് . സൗദി സ്വദേശികളുടെ സഹായം പലപ്പോഴും ലഭിച്ചിട്ടുണ്ട്. വഴികൾ ദുർഘടമാണെങ്കിലും പീഡനമനുഭവിക്കുന്നവരുടെ ദയനീയ മുഖം കാണുമ്പോൾ ഈ ദൗത്യത്തിൽ നിന്ന് പിൻമാറാൻ കഴിയുന്നില്ല. 

 

ഇവരെ മോചിപ്പിച്ച് പുറത്ത് കൊണ്ട് വരുമ്പോൾ  നിയമപരമായി നീങ്ങാനുള്ള പിന്തുണ നൽകിയാലും എത്രയും വേഗം നാടണയണമെന്നായിരിക്കും അവരുടെ ചിന്ത. എന്നത് കൊണ്ട് തന്നെ പൊലീസ് മുഖേന സ്പോൺസർമാരുമായി ഒത്തുതീർപ്പിലെത്തി നാട്ടിലേക്കയക്കുകയാണ്.48 കേസുകൾ  റിപ്പോർട്ട് ചെയ്തതിൽ 46 പേരെയും നാട്ടിലെത്തിച്ചു. രക്ഷപ്പെട്ടവർക്ക് ലഭിക്കാനുള്ള ശമ്പളത്തിനും യാത്ര രേഖകൾക്കും വേണ്ടി മുതിർന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടാറുണ്ട് ഇത്തരം ജോലിക്ക് മാന്യമായ ശമ്പളവും മറ്റു സൗകര്യവും നൽകുന്ന സൗദി പൗരൻമാരുണ്ട്. 

 

ഒട്ടകം, ആട് വളർത്തൽ സൂക്ഷ്മതയോടെ ചെയ്യുന്നവരാണിവർ. തണുപ്പ് കാലത്ത് വസ്ത്രങ്ങൾ വിതരണം ചെയ്യാൻ പോകുമ്പോൾ തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കാറുണ്ട്. തൊഴിലിൽ സംതൃപ്തരാണവർ. ഏതൊരു ജോലിയെയും പോലെ ശമ്പളം, താമസം, ഭക്ഷണം എല്ലാം കരാർ പ്രകാരം നൽകിയാൽ മറ്റു ബുദ്ധിമുട്ടുകളുണ്ടാവില്ല. വ്യാജ കരാറുകളുണ്ടാക്കി ട്രാവൽ ഏജന്റമാരുടെ ചതിയിൽ പെടുന്നവരാണ് ഭൂരിഭാഗവും.  എന്നാൽ ജോലി സാഹചര്യമൊക്കെ വ്യക്തമാക്കി കൃത്യമായ ശമ്പളവും,ആനുകൂല്യങ്ങളും, ഭക്ഷണവും, മരുന്നും ചികത്സയും, മികച്ച താമസ സൗകര്യവും അവധിയും ഒരുക്കി നൽകുന്ന നല്ലവരായ സ്പോൺസർമാരുമുണ്ട്.

 

∙ കോവിഡ് കാലത്ത് ഒറ്റയ്ക്കൊരു കബറടക്കം

 

കോവിഡ്19 മഹാമാരിയുടെ തുടക്കം ലോകം വിറങ്ങലിച്ചു നിൽക്കുന്നു. രോഗത്തെ ഭയന്ന് പരസ്പരം മാറ്റി നിർത്തുന്ന സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിരവധി സുരക്ഷാ പ്രതിരോധ നടപടികൾ. ഇതിനിടെയിലാണ്  കോവിഡ് ബാധിച്ച മലപ്പുറം സ്വദേശി യുവാവ് മരിച്ചത്. നടപടിക്രമങ്ങളൊക്കെ പൂർത്തീകരിച്ച് മൃതദേഹം കബറടക്കുന്നതിനുള്ള അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ഓടി നടന്നു സംഘടിപ്പിച്ചു. കോവിഡ് ബാധിച്ചു മരണമടഞ്ഞതിനാൽ മൃതദേഹം അടക്കുന്നതിനായുള്ള മാനദണ്ഡം പാലിക്കണ്ടതുണ്ടെന്നും അതിനുള്ള ക്രമീകരണം ചെയ്തു തരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രാലത്തോട് അഭ്യർഥിച്ചു.  

 

പ്രത്യേക  സജ്ജീകരണമുള്ള  അംബുലൻസ് ടീം എത്തുമെന്നും അറിയിപ്പ് ലഭിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് അടക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവർ കബർസ്ഥാനിൽ ഉണ്ടാവുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിച്ചത്. അത്കൊണ്ട് തന്നെ സഹായത്തിന് ആരേയും കൂട്ടാതെ ഡിസ്പോസിബിൾ കവറോളും എൻ19 മാസ്കും ഫേസ്ഷീൽഡും ധരിച്ച് സ്വന്തം കാറിൽ ആംബുലൻസിനെ അനുഗമിച്ച് എത്തി. അവിടെ സഹായത്തിനായി ആരെയും കണാൻ കഴിഞ്ഞില്ല. മാത്രവുമല്ല അവിടെയുണ്ടായിരുന്ന മറ്റു പലരും കൊറോണ ബാധിച്ച മൃതദേഹമാണെന്ന് അറിഞ്ഞതോടെ സ്ഥലം വിടുകയും ചെയ്തു. 

 

മൃതദേഹം ആംബുലൻസിൽ നിന്നും പുറത്തെത്തിക്കാൻ ഒരു കൈ സഹായം അവിടെയുണ്ടായിരുന്നവരോട്  ആവശ്യപ്പെട്ടുവെങ്കിലും  ഭയന്ന് അരും അടുത്തു വന്നില്ലെന്നും സിദ്ദിഖ് പറയുന്നു. ഒടുവിൽ  മൃതദേഹം പുറത്തെത്തിക്കാനും അവിടെ പ്രാർഥന നടത്താനും കുഴിയിലേക്ക് ഇറക്കി വയ്ക്കാനും ആരോ രണ്ടു പേർ സഹായിച്ച് വേഗം മടങ്ങി. ആംബുലൻസ് ഡ്രൈവറും ഇതിനിടെ മടങ്ങി. ഏപ്രിൽ മാസത്തിലെ ചുട്ടുപഴുക്കുന്ന നട്ടുച്ചവെയിലിൽ  തനിയെ കുഴിമാടത്തിൽ മണ്ണിട്ടു മൂടി നിറച്ചു. ഭൂരിഭാഗവും കുഴി മൂടികഴിഞ്ഞപ്പോഴേക്കും അവശനായി. അവിടെയെത്തിയ കബർസ്ഥാനിലെ രണ്ടു ബംഗാളി തൊഴിലാളികൾക്ക്  കൂലി കൊടുത്ത് പൂർണമാക്കി. ജീവിതത്തിൽ ഇത് പോലെ ഒരു അനുഭവം അഭിമുഖീകരിക്കണ്ടി വന്നിട്ടെല്ലന്നും  ഓർക്കുന്നു.

 

∙ ജയിൽ മോചിതരാകുമ്പോൾ

 

മറ്റുള്ളവരുടെ ചതിയും വഞ്ചനയും കാരണം വിവിധ കേസുകളിൽപ്പെട്ട് ജയിൽ ശിക്ഷയനുഭവിക്കുന്നവർ പിന്നീട് നിരപരാധിത്വം തെളിയിച്ച് മോചിതരാകുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ്. വാഹനാപകടത്തിൽ രണ്ട് മാസം ശിക്ഷ വിധിക്കുകയും  രണ്ടര വർഷം ജയിലിൽ കിടക്കേണ്ടിവരികയും ചെയ്ത നൗഷാദ് ഷംസുവിന്റെ മോചനം, മഞ്ചേരി സ്വദേശി ഉണ്ണിക്കെതിരായി വന്ന 111,000 ന്റെ വ്യാജ കേസ് തള്ളിയത്, കൊല്ലം സ്വദേശി അനിന്ത് ശശിധരനെതിരായ കേസിൽ ജയിച്ചത്, കൊൽക്കത്ത സ്വദേശി മുർമിയ തൊഴിൽ കേസിൽ അനുകൂല വിധി വാങ്ങിയത്, വാഹനാപകടത്തിൽ മരിച്ചു എന്ന് ഡോക്ടർ വിധി എഴുതിയ വയനാട് സ്വദേശി ശിഹാബ് രക്ഷപ്പെട്ടത്.. ഇവയെല്ലാം എറെ സന്തോഷം തോന്നിയ അനുഭവങ്ങളിൽ ചിലതാണ്. സൗദി ജയിലിൽ അകപ്പെട്ട കോളജ് സഹപാഠിയെ അവിചാരിതമായി ജയിൽ സന്ദർശനത്തിനിടെ കണ്ടെത്തിയതും മോചിപ്പിച്ച് നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞതും   തനിക്ക് വേറിട്ട അനുഭവമായിരുന്നു.

 

ജീവകാരുണ്യ പ്രവർത്തനത്തിന് എംബസി മുൻ അറ്റാഷെ പി. രാജേന്ദ്രൻ നൽകിയ പിന്തുണ വലുതാണ്. മരുഭൂമിയിൽ കുടുങ്ങിയ ആളുകളെ മോചിപ്പിക്കാൻ പോവുമ്പോൾ എംബസി അധികൃതർ വലിയ പിന്തുണ നൽകുന്നുണ്ട്.യാത്രകളിൽ കൃതമായ ഇടവേളകളിൽ വിളിച്ച് തിരക്കി തന്റെ സുരക്ഷയും ഉറപ്പാക്കും. വിവിധ സംഘടനകൾക്കായി പരിശീലന ക്ലാസുകളും നൽകുന്നുണ്ട്. കൂടുതൽ ആളുകളെ സാമൂഹിക സേവന ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമാക്കുന്നതിനാവാശ്യമായ ബോധവൽക്കരണ പരിപാടികളും നടത്തുന്നു. പൊലീസ്, ജയിൽ,കോടതി, അപകട നഷ്ടപരിഹാര(GOZI) കേസുകൾ തുടങ്ങിയ നിയമപരമായ വിഷയങ്ങളിലും അബ്ഷിർ, ഖ്വിവ,നാജിം പോർട്ടലുകളിലെ സേവനങ്ങളെകുറിച്ചും ബോധവൽക്കരണവും പരിശീലനവും നൽകുന്നു.

 

∙ ജീവകാരുണ്യ പ്രവർത്തനങ്ങൾ; പ്രേരകമായത് ജീവിത പാഠങ്ങൾ

 

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദനമായത് നാട്ടുകാർക്ക് എന്തിനും ഏതിനും സഹായവുമായി ഓടിനടന്നിരുന്ന സാധാരണക്കാരനായ തന്റെ പിതാവ്  തുവ്വൂർ, കിഴിശ്ശേരി ഇബ്രാഹിമും മാതാവ് മറിയവും തെളിയിച്ച ജീവിത വഴിയാണന്ന് സിദ്ദീഖ് പറയുന്നു. റിയാദിൽ ഭാര്യ ബാസിമ , മക്കളായ നേഹ മർയം, സാറാ മർയം എന്നിവർ  എല്ലാത്തിനും കരുത്തായും കരുതലായും കൂടെയുണ്ട്. ഒരോ വിഷയങ്ങൾ വരുമ്പോഴും ആവശ്യമായ രേഖകളും അപേക്ഷകളും മറ്റും തയ്യാറാക്കി ഒരുക്കി നൽകുന്നത്  ഭാര്യയും മക്കളുമാണ്.

 

 നാട്ടിലും സാമൂഹിക പ്രവർത്തകനായിരുന്നു സിദ്ദീഖ്. മണ്ണാർക്കാട്  എംഇഎസ് കല്ലടി കോളജിൽ നിന്ന് എംകോം  നേടിയ ശേഷം വളാഞ്ചേരി മജ്​ലിസ് കോളജിൽ അധ്യാപകനായിരുന്നു. 2003 ലാണ്  സൗദിയിലെത്തുന്നത്  അക്കാലത്ത് നാട്ടുകാരിലൊരാൾ സൗദിയിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ ആയിരുന്നു. വിവരമറിഞ്ഞ് അക്കാലത്തെ പല സമൂഹിക പ്രവർത്തകരോടും നാട്ടുകാരനെ രക്ഷിക്കുന്നതിനായി സഹായം തേടി അലഞ്ഞു, രാത്രി 1.30 വരെയൊക്കെ സാമൂഹിക പ്രവർത്തകരെ കാണാൻ കാത്തുകെട്ടിനിന്നുവെങ്കിലും ഫലം കണ്ടില്ലായിരുന്നു. ഇതുപോലുള്ള  പല വിഷയങ്ങളുമായി സമീപിച്ചെങ്കിലും പലപ്പോഴും പലരും സമയമില്ലെന്നും മറ്റു തിരക്കുകളിലാണെന്നും ഒഴിവ്കഴിവുകൾ പറഞ്ഞും  അവഗണിച്ചതിൽ നിന്നുമാണ് തന്നിലെ ജീവകാരുണ്യ സാമൂഹിക പ്രവർത്തകനെ സൗദിയിലും രൂപപ്പെടുത്തിയത്.  അത് കൊണ്ട് തന്നെ നേരമോ കാലമോ നോക്കാതെ എവിടെയും ജീവകാരുണ്യ വഴികളിൽ സഹായവുമായി ഓടി എത്തുകയാണ് ഈ യുവാവ്.

Read also: രാജ്യത്തുടനീളം പാർക്കിങ്‌ ഫീസിന് ഒറ്റ ആപ്പ്, 20 മൈൽ സോണുകൾ റദ്ദാക്കൽ; ജനകീയ നടപടികൾക്ക് ഒരുങ്ങി ഋഷി സുനക്

 

തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്  പിന്തുണ നൽകുന്നത് ഇന്ത്യൻ എംബസിയും, കെഎംസിസിയും ഒപ്പം സമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകരുമാണ്. ഇതിനോടകം ഇന്ത്യൻ എംബസിയടക്കം നാട്ടിലും സൗദിയിലുമുള്ള നിരവധി സംഘടനകളാണ് ഇദ്ദേഹത്തിന്റെ സാമൂഹിക , ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആദരവുകളും പുരസ്കാരങ്ങളും നൽകിയത്.

 

∙ നൈമിഷികമായ ജീവിതത്തിൽ അശണർക്ക് അത്താണി

 

നാട്ടിൽ ജ്യേഷ്ഠനും 5 സഹോദരിമാരും ഉമ്മയുടെ സഹോദരിയുമുണ്ട്. ഇളയ അനുജത്തി ബുദ്ധിപരിമിതിയുള്ള കുട്ടിയാണ്. വർഷങ്ങളായുള്ള സ്വപ്നമാണ് നാട്ടിൽ അത്തരം കുട്ടികൾക്ക് പരിശീലന കേന്ദ്രവും രക്ഷിതാക്കൾക്ക് തൊഴിൽ കേന്ദ്രവും  സാമ്പത്തിക ബാദ്ധ്യത തീർത്ത് നാട്ടിൽ സെറ്റിലായി അവരോടൊപ്പം കൂടുക. നൈമിഷികമായ ജീവിതത്തിൽ അശണർക്ക് അത്താണിയാകുക, എല്ലാ പ്രശ്നങ്ങളും തീർക്കാനായില്ലെങ്കിലും തന്നാൽ കഴിയുന്ന കാര്യങ്ങൾ  പരമാവധി ചെയ്ത് കൊടുക്കുക എന്നതാണ് സിദ്ദിഖിന്റെ സ്വന്തം മുദ്രാവാക്യം .

 

English Summary: A Malayali who saved 46 people trapped in the masaras in the deserts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com