ADVERTISEMENT

അബുദാബി/ദുബായ് ∙ വിദേശത്തേക്കും തിരിച്ചും തനിച്ചു വിമാനയാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള (അൺഅക്കമ്പനീഡ് മൈനർ) സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ.  5–12 വയസിനിടയിലുള്ള കുട്ടികൾക്ക് വിമാന ടിക്കറ്റിനു പുറമെ നൽകേണ്ട തുകയാണ് 10,000 രൂപയാക്കിയത്. യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിനു പുറമെ 450 ദിർഹമാണ് (10172 രൂപ) സർവീസ് ചാർജ്. ഓരോ രാജ്യത്തുനിന്നുമുള്ള ഫീസിൽ വ്യത്യാസം ഉണ്ടാകും.

കുട്ടികളെയും ലഗേജും വിമാനത്താവളത്തിൽ വച്ച് രക്ഷിതാക്കളിൽനിന്ന് ഏറ്റുവാങ്ങുന്ന എയർലൈൻ ജീവനക്കാർ ചെക്ക്–ഇൻ, എമിഗ്രേഷൻ നടപടികളും പൂർത്തിയാക്കി വിമാനത്തിൽ കയറ്റി ഇരുത്തുന്നതുവരെ കൂടെയുണ്ടാകും. വിമാനത്തിൽ എന്ത് ആവശ്യത്തിനും കുട്ടികൾക്ക് ഇവരെ ആശ്രയിക്കാം. 

നാട്ടിൽ വിമാനമിറങ്ങിയാൽ കുട്ടിയുടെ എമിഗ്രേഷൻ പൂർത്തിയാക്കി ലഗേജും എടുത്ത് ബന്ധപ്പെട്ട വ്യക്തിക്ക് രേഖാമൂലം കൈമാറും. മികച്ച ഈ സേവനത്തിനു സർവീസ് ചാർജ് നൽകുന്നതിലും രക്ഷിതാക്കൾക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാൽ ഒറ്റയടിക്ക് തുക ഇരട്ടിയാക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. 

വർധിച്ച വിമാനക്കൂലിയിൽനിന്ന് രക്ഷപ്പെടാൻ പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾ മക്കളെ തനിച്ചു നാട്ടിലേക്ക് അയയ്ക്കുന്ന പതിവുണ്ടായിരുന്നു. വേനൽ അവധിക്കാലത്ത് ഒരു കുടുംബത്തിന് നാട്ടിലെത്താൻ മാത്രം രണ്ടര ലക്ഷത്തിലേറെ രൂപ വരും. കുട്ടിയെ തനിച്ചയക്കുമ്പോൾ സീസൺ അനുസരിച്ച് ഒരാളുടെ ടിക്കറ്റ് തുകയേ വരൂ എന്നതായിരുന്നു ആശ്വാസം. ചൈൽഡ് ഫെയർ എന്ന പേരിൽ 12 വയസ്സിനു താഴെയുള്ള കുട്ടികളുടെ വിമാന ടിക്കറ്റിന് നൽകിയിരുന്ന ഇളവു നിർത്തലാക്കിയതും പ്രവാസികളെ വെട്ടിലാക്കി. ഈയിടെ ചൈൽഡ് ഫെയർ മാറ്റിയത് ചെലവ് കൂട്ടി. കുടുംബമൊന്നിച്ച് യാത്ര ചെയ്യേണ്ടി വരുമ്പോൾ മുതിർന്നവർക്കുള്ള ടിക്കറ്റ് തുക തന്നെ കുട്ടികൾക്കും നൽകേണ്ടിവരുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്.

കുട്ടികളെ തനിച്ച് യാത്രയാക്കുമ്പോൾ
∙ കുറഞ്ഞത് യാത്രയ്ക്ക് 3 പ്രവൃത്തി ദിവസം മുൻപ് എയർലൈന്റെ ഓഫിസിൽ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യണം.
∙ അൺ അക്കംപനീഡ് മൈനർ അപേക്ഷയുടെ 4 കോപ്പി സമർപ്പിക്കണം.
∙ കുട്ടിയെ ഏൽപിക്കുന്നതും ഏറ്റുവാങ്ങുന്നതുമായ വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ, ബന്ധം, ഫോൺ നമ്പർ എന്നിവ മുൻകൂട്ടി എയർലൈൻ ജീവനക്കാരെ അറിയിക്കണം.
∙ അപേക്ഷയിൽ രേഖപ്പെടുത്തിയവർ തന്നെ എയർപോർട്ടിൽ കുട്ടിയെ ഏൽപിക്കുകയും സ്വീകരിക്കുകയും ചെയ്യണം.
∙ ഇവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
∙ വിമാനം പുറപ്പെടുന്നതിനു 2 മണിക്കൂർ മുൻപു തന്നെ ചെക്ക്–ഇൻ നടപടികൾ പൂർത്തിയാക്കണം.
∙ കുട്ടിയുടെയും രക്ഷിതാവിന്റെയും രേഖകൾ ചെക്ക്–ഇൻ സമയത്ത് ഹാജരാക്കണം.
∙ മരുന്ന് വസ്ത്രം, ഇഷ്ടപ്പെട്ട ടോയ്സ് തുടങ്ങി കുട്ടികൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഹാൻഡ് ബാഗേജിൽ ഉണ്ടെന്ന് ഉറപ്പാക്കണം.
∙ യാത്രയിലുടനീളം കുട്ടിയെ എയർഹോസ്റ്റസ് പരിചരിക്കും. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും കുട്ടിയെ സഹായിക്കും
∙ വിമാനത്തിൽ എമർജൻസി എക്സിറ്റിനടുത്തുള്ള സീറ്റ് അൺ അക്കംപനീഡ് മൈനർക്ക് ബുക്ക് ചെയ്യരുത്.
∙ ഒരേവിമാനത്തിൽ വ്യത്യസ്ത ക്ലാസിലാണ് കുട്ടിക്കും രക്ഷിതാവിനും സീറ്റെങ്കിലും കുട്ടിയെ അൺ അക്കമ്പനീഡ് മൈനർ ആയി കണക്കാക്കും.
∙ കുട്ടിയെ ഏൽപിക്കാനും സ്വീകരിക്കാനും എത്തുന്നവർ നിശ്ചിത സമയത്തിനു നേരത്തെ തന്നെ ഹാജരായി നടപടികൾ പൂർത്തിയാക്കി ഒപ്പുവച്ച് രേഖകൾ കൈമാറണം.
∙ യുകെയിലേക്കു തനിച്ചു പോകുന്ന കുട്ടികൾ യുകെ ബോർഡർ ഫോഴ്സിന്റെ നിയമാവലി അനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഓരോ രാജ്യത്തിന്റെയും നിയമത്തിൽ വ്യത്യാസമുണ്ടാകും.

English Summary: New Guidelines for Minors Travelling Onboard, Air India Stops Concession for Children - Huge Blow for Expats 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com