പുതിയ ആകർഷണങ്ങളുമായി സന്ദർശകരെ സ്വാഗതം ചെയ്ത് ദുബായ് മിറക്കിൾ ഗാർഡൻ
Mail This Article
ദുബായ്∙ പുതിയ ആകർഷണങ്ങളുമായി സന്ദർശകരെ സ്വാഗതം ചെയ്ത് ദുബായിയിലെ മിറക്കിൾ ഗാർഡൻ. ലോകത്തിലെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ മിറക്കിൾ ഗാർഡന്റെ പന്ത്രണ്ടാം പതിപ്പാണ് ഇത്. ദ സ്മർഫ്സ് എന്ന കോമിക് കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പത്താം പതിപ്പിൽ ഒരുക്കിയ സ്മർഫ്സ് മഷ്റൂം വില്ലേജിൽ മാത്രം പൂക്കൾകൊണ്ട് അലങ്കരിച്ച ഏഴ് പുതിയ ആകർഷണങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
ദുബായ് ലാന്‍ഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് മിറക്കിൽ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. 120 ലേറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കളാണ് മനോഹരമായി നട്ടുവളർത്തിയിരിക്കുന്നത്. ഫ്ലവർ ടണൽ, ത്രി ഡി ലൈറ്റിങ് തൂണുകൾ, ഫ്ലവർ വാട്ടർ ഫൗണ്ടെനുകൾ തുടങ്ങി വ്യത്യസ്തമായ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒട്ടേറെ കൗതുകങ്ങളുണ്ട് ഇവിടെ. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച എമിറേറ്റ്സ് എ380 വിമാനമാണ് മറ്റൊരു ആകർഷണം. അഞ്ച് ലക്ഷം പൂക്കളും ചെടികളും കൊണ്ടാണ് വിമാനം അലങ്കരിച്ചിരിക്കുന്നത്. കൂടുതൽ വലുപ്പത്തിലുള്ള വാട്ടർ വീലും ഇത്തവണ കാണാം . പൂന്തോട്ടത്തിനുള്ളിൽ നിലവിലുള്ള രണ്ട് ചെറിയ വാട്ടർ വീലുകൾക്കൊപ്പമാണ് ഇതും ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ ഒട്ടേറെ വിനോദപരിപാടികളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മുന്‍വർഷങ്ങളിലെ പ്രദർശനം വൻവിജയത്തെ തുടര്‍ന്ന് സന്ദർശകർക്കായി കൂടുതല്‍ ആകര്‍ഷകമായ കാഴ്ചകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സന്ദര്‍ശകരുടെ വര്‍ധന കണക്കിലെടുത്ത് കൂടുതല്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍, ഫുഡ് ഔട്ട്‌ലെറ്റുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒൻപത് മുതല്‍ രാത്രി ഒൻപത് വരെയാണ് പ്രവര്‍ത്തനസമയം. വാരാന്ത്യങ്ങളില്‍ രാത്രി 11 മണിവരെയും തുറന്നിരിക്കും. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
English Summary: Dubai Miracle Garden welcomes visitors with new attractions