സാംക്രമികേതര രോഗങ്ങൾ; മൂന്നാംഘട്ട സർവേ ഈ മാസംമുതൽ

Mail This Article
ദോഹ∙ സാംക്രമികേതര രോഗങ്ങളെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം നടത്തുന്ന ദേശീയ സർവേയുടെ മൂന്നാം ഘട്ടത്തിന് ഈ മാസം തുടക്കമാകും. ആദ്യ 2 ഘട്ടങ്ങളിൽ പങ്കെടുത്തവർ പരിശോധനയ്ക്ക് വിധേയമാകണം. സാംക്രമിക ഇതര രോഗങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട അപകട സാധ്യതകളെക്കുറിച്ചുമാണ് സർവേ. ആദ്യ 2 ഘട്ടങ്ങളിലും പങ്കെടുത്തവർ ഹെൽത്ത് സെന്ററുകൾ സന്ദർശിച്ച് ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഗ്ലൂക്കോസ്, ഫാറ്റ് എന്നിവയുടെ തോത് അറിയാനുള്ള രക്ത പരിശോധനകളും സോഡിയം, ക്രിയാറ്റിൻ പരിശോധനകളുമാണ് നടത്തുക. സർവേയുടെ മുൻ ഘട്ടങ്ങളിൽ പങ്കെടുത്തവരെ ഹെൽത്ത് സെന്ററുകളിൽ നിന്ന് ബന്ധപ്പെടും. പരിശോധനയ്ക്കായി അപ്പോയ്മെന്റ് ക്രമീകരിക്കും. 10 മുതൽ 12 മണിക്കൂർ ഭക്ഷണ-പാനീയങ്ങൾ കഴിക്കാതെ വേണം പരിശോധനയ്ക്ക് എത്താൻ.
ഒന്നും രണ്ടും ഘട്ടങ്ങളിൽ പങ്കെടുത്തവർ സർവേ പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് സാംക്രമിക ഇതര രോഗ പ്രതിരോധ വകുപ്പ് ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽതാനി നിർദേശിച്ചു. പുകവലി, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണരീതി, ശരീരഭാരം വർധിക്കൽ, ഉയർന്ന രക്തസമ്മർദം തുടങ്ങിയ കാരണങ്ങളാൽ സാംക്രമിക ഇതര രോഗങ്ങളുള്ള വ്യക്തികളുടെ ആരോഗ്യത്തിന് അപകടകരമാകുന്ന ഘടകങ്ങളുടെ സമഗ്ര വിവരങ്ങളാണ് സർവേ നൽകുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ മേഖലയിൽ ഉചിതമായ നയങ്ങളും തീരുമാനങ്ങളും എടുക്കുന്നതിനും സർവേ പ്രധാനമാണ്.
ലോകാരോഗ്യ സംഘടന വികസിപ്പിച്ച ഘട്ടം ഘട്ടമായുള്ള ദേശീയ സർവേ പ്ലാനിങ്-സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി, പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവരുമായി ചേർന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം നടപ്പാക്കുന്നത്. ആദ്യ 2 ഘട്ടങ്ങളിലായി വീടുകൾ സന്ദർശിച്ച് വിട്ടുമാറാത്ത രോഗങ്ങളുടെ പ്രധാന അപകട ഘടകങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ബയോമെട്രിക്‌സുകൾ എന്നിവയാണ് ശേഖരിച്ചത്. 2020 ലെ സെൻസസ് അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പെട്ട വീടുകളിലാണ് സർവേ നടത്തിയത്.
English Summary: MoPH will start 3rd phase survey for chronic Non-communicable diseases.