മിന്നൽ വേഗത്തിൽ അന്വേഷണം; കൊലക്കേസ് പ്രതിയെ ഷാർജ പൊലീസ് പിടികൂടിയത് കേവലം 36 മണിക്കൂറിനുള്ളിൽ

Mail This Article
ഷാർജ∙ കൊലക്കേസിലെ പ്രതിയെ ഷാർജ പൊലീസ് ക്രിമിനൽ ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സിഐഡി) പിടികൂടിയത് വെറും 36 മണിക്കൂറിനകം. ഏഷ്യക്കാരനായിരുന്നു പ്രതി. ഷാര്‍ജയിലെ വ്യാവസായിക മേഖലകളിലൊന്നിൽ മൃതദേഹം കണ്ടെത്തിയതായി സെപ്റ്റംബർ 30-ന് ഓപറേഷൻസ് വിഭാഗത്തിൽ റിപോർട്ട് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ബന്ധപ്പെട്ട അധികാരികൾക്കൊപ്പം സുരക്ഷാ പട്രോളിങ് സ്ഥലത്തേയ്ക്ക് നീങ്ങി.
ഇരയെ മൂർച്ചയുള്ള വസ്തു കൊണ്ട് കുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊല്ലപ്പെട്ടയാളേയും കുറ്റവാളിയേയും തിരിച്ചറിയാൻ അന്വേഷണ ഏജൻസികൾ തിരച്ചിൽ ആരംഭിച്ചു. 12 മണിക്കൂറിനുള്ളിൽ കുറ്റവാളിയെ തിരിച്ചറിഞ്ഞു. പ്രതി യുഎഇ താമസ–കുടിയേറ്റ നിയമം ലംഘിച്ചതായി കണ്ടെത്തി. ദുബായ് പൊലീസുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. അയാൾ കുറ്റം സമ്മതിക്കുകയും കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
English Summary: Sharjah police arrested the accused in the murder case in just 36 hours