ADVERTISEMENT

ദുബായ് ∙ ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനും ഒൗദ്യോഗിക ഏജൻസിയിൽ ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ സ്ലോട്ടുകൾ ലഭിക്കുന്നില്ല‌െന്ന് വ്യാപക പരാതി. എന്നാൽ, കൂടുതൽ ഫീസ് അടയ്ക്കേണ്ടുന്ന പ്രിമിയം ലോഞ്ച് സേവനത്തിന് അപേക്ഷിച്ചാൽ സ്ലോട്ട് റെഡി. ഇതാണ് ഇന്ന് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന്. ഇതു സംബന്ധമായ പരാതികൾ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. ബിഎൽഎസ് ഇന്റർനാഷനൽ എന്ന ഏജൻസിക്കാണ് യുഎഇയിലെ പാസ്പോർട് അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഇന്ത്യൻ സർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്.

പാസ്പോർട്ട് പുതുക്കാൻ ആവശ്യമായ രേഖകളുമായി മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് സ്ലോട്ടുകൾ ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭിക്കുന്നതെന്ന്  ഗ്ലോബൽ പ്രവാസി യൂണിയൻ ചെയർമാൻ അ‍ഡ്വ.ഫരീദ് പരാതിപ്പെട്ടു. എന്നാൽ പ്രീമിയം ലോഞ്ച് സേവനം നൽകി അധിക നിരക്ക് ഈടാക്കുന്നതിൽ അധികൃതർ അതീവ തത്പരരുമാണ്. പ്രീമിയം ലോഞ്ച് ഉപയോഗപ്പെടുത്താൻ വേണ്ടി സാധാരണ സ്ലോട്ടുകൾ പരിമിതപ്പെടുത്തുന്നതായാണ് ആരോപണം.  ഇത് ശരാശരി പ്രവാസികൾക്ക് ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ പാസ്പോർട് പുതുക്കുമ്പോൾ ഈടാക്കുന്നതിന്റെ അഞ്ച് ഇരട്ടിയോളം തുകയാണ് വിദേശത്ത് പാസ്പോർട് പുതുക്കാനായി നൽകേണ്ടി വരുന്നത്. ഇതിന്റെ കൂടെയാണ് സ്ലോട്ട് കുറവ് കാരണം സാധാരണക്കാരെ പ്രിമിയം ലോഞ്ച് ഉപോയോഗിക്കാൻ നിർബന്ധിതരാക്കുന്നത്. 

2012ൽ ആരംഭിച്ച പ്രിമിയം ലോഞ്ചിൽ സർവീസ് നിരക്ക് മാത്രം 225 ദിർഹമാണ്. കൂടാതെ, ഒാരോ രേഖകളും അറ്റസ്റ്റ് ചെയ്യാൻ 105 ദിർഹം വീതം നൽകണം. നാട്ടിൽ പുതുതായി പാസ്പോർട്ടിന് 3000 രൂപയാണ് ഫീസ്. പാസ്പോർട്ട്  പുതുക്കാൻ ആകെ 1800 രൂപ നൽകിയാൽ മതി. എന്നാൽ യുഎഇയിൽ പുതിയ പാസ്പോർട്ടിന് 615 ദിർഹവും പുതുക്കാൻ 415 ദിർഹവും. ഇതിനുള്ള സ്ലോട്ട് ലഭിക്കാത്തതിനാലാണ് പ്രിമിയം ലോഞ്ചിൽ അപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്. ഇതിനാണ് 225 ദിർഹം എക്സ്ട്രാ നൽകേണ്ടിവരുന്നത്.

slots-not-available-when-trying-to-apply-and-renew-indian-passport-new
അ‍ഡ്വ.ഫരീദ്

∙ ഇന്ത്യൻ തൊഴിലാളിയുടെ ദൈന്യത കണ്ട് പ്രശ്നത്തിലിടപെട്ടു
മക്കളുടെ ടിസി അറ്റസ്റ്റ് ചെയ്യാനാണ് അ‍ഡ്വ.ഫരീദ് ഉൗദ് മേത്തയിലെ ഇന്ത്യൻ പാസ്പോർട് സർവീസ് കേന്ദ്രമായ ബിഎൽഎസിൽ ചെന്നത്. അവിടെ കാത്തു നിന്നപ്പോൾ വൃദ്ധനായ തൊഴിലാളി ദൈന്യതയോടെ നിൽക്കുന്നതു കണ്ടു. നാട്ടിലെ കുടിലും 10 സെന്റ് സ്ഥലവും സഹോദരന്മാർക്ക് കൈമാറുന്നതിനായി പവർ ഒാഫ് അറ്റോർണി അറസ്റ്റ് ചെയ്യാനായിരുന്നു രണ്ടു ദിവസത്തെ ശമ്പളം നഷ്ടപ്പെടുത്തി അയാളെത്തിയത്. നരത്തെ അറ്റസ്റ്റേഷന് അപോയിന്റ്മെന്റ് ആവശ്യമില്ലായിരുന്നുവെങ്കിലും നിലവിൽ ആവശ്യമാണ്. ഇതറിയാതെയായിരുന്നു ഇയാളെത്തിയത്. പവര്‍ ഒാഫ് അറ്റോർണി അത്യാവശ്യ കാര്യത്തിനായതിനാൽ പ്രിമിയം ലോഞ്ചിൽ അപേക്ഷിക്കാൻ ഇയാൾ നിർബന്ധമായി. എന്നാൽ ഫീസ് നൽകേണ്ട പണം 225 ദിർഹം തികച്ചും കൈയിലില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു. മറ്റൊരിക്കൽ വരികയാണെങ്കിൽ അപ്പോഴും 2 ദിവസത്തെ ശമ്പളം നഷ്ടപ്പെടുത്തേണ്ടി വരുമെന്നതിനാൽ പ്രതിസന്ധിയിലായിരുന്നു അയാൾ. അഡ‍്വ.ഫരീദ് അയാളോട് കാര്യം തിരക്കുകയും അധികൃതരോട് ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. എന്നാൽ, ഫീസിനത്തിൽ യാതൊന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് ഇത്തരം സേവനങ്ങൾ ലഭിക്കാൻ സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നത്. ടൈം സ്ലോട്ട് കിട്ടാത്തതടക്കമുള്ള പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാകുന്നത് വരെ ഗ്ലോബൽ പ്രവാസി യൂണിയൻ പോരാടുമെന്ന് അഡ്വ.ഫരീദ് മനോരമ ഒാൺലൈനോട് പറഞ്ഞു.

∙ പാസ്പോർട്ടിന് അപേക്ഷിക്കാൻ
ഓൺലൈൻ പാസ്‌പോർട്ട് അപേക്ഷാ ഫോം http://embassy.passportindia.gov.in ഇൗ ലിങ്കിൽ ലഭ്യമാണ്. മുതിർന്നവർക്കുള്ള 36 പേജ് പാസ്പോർട്ടിന് 285 ദിർഹമാണ് നിരക്ക്. ഇവർക്ക് 60 പേജുള്ള ജംബോ പാസ്പോർട്ടിന് 380 ദിർഹവും. തത്കാൽ സേവനങ്ങൾക്ക് (36 പേജ്) 855 ദിർഹവും തത്കാൽ 60 പേജ് ജംബോയ്ക്ക് 950 ദിർഹവുമാണ് നിരക്ക്. സർവീസ് ചാർജായി 9 ദിർഹവും ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിലേക്ക് 8 ദിർഹവും അടയ്ക്കണം. 2 മുതൽ 30 ദിവസത്തിനുള്ളിൽ പാസ്പോർട് അപേക്ഷകളിന്മേൽ നടപടിയുണ്ടാകും. അനിവാര്യമായ വേരിഫിക്കേഷൻ അടിസ്ഥാനത്തിലാണ് ദിവസങ്ങൾ തീരുമാനിക്കുക. അതേസമയം, തത്കാൽ സേവനങ്ങൾക്ക് ചുരുങ്ങിയത് 2 പ്രവൃത്തി ദിവസം മതിയാകും. 

∙ അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
സമീപകാലത്ത് എടുത്ത രണ്ടു ഫോട്ടോകൾ 51mm*51mm (മൂന്ന് മാസത്തിൽ കൂടുതൽ പഴയതാകരുത്). വെള്ള പശ്ചാത്തലത്തിൽ ചെവികൾ കാണുംവിധം, കണ്ണുകൾ തുറന്ന്, നെറ്റി മുതൽ താടി വരെ പൂർണമായി ദൃശ്യമാകുന്ന ഫോട്ടോ ആയിരിക്കണം. നിലവിലെ ഒറിജിനൽ ഇന്ത്യൻ പാസ്‌പോർട്ട്, പാസ്‌പോർട്ടിന്റെ ഫോട്ടോ കോപ്പി (എല്ലാ ഉപയോഗിച്ച പേജുകളും/ സ്റ്റാമ്പ് ചെയ്ത പേജുകളും/അംഗീകരിക്കപ്പെട്ട പേജുകളും യുഎഇ വീസ പേജുകളും ഉൾപ്പെടെ). കോൾ സെന്റർ–അബുദാബി: 04 387 5667, ദുബായ്: 04 387 5777, ഇ–മെയിൽ : info@blsindiavisa-uae.com. 

English Summary: Slots are not available when trying to apply and renew Indian passport through official agency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com