ഡോക്ടര്‍ അപോയിന്റ്‌മെന്റ് ബുക്കിങ് ആപ് 'യൂണിഡോക്ക്' യുഎഇയിലും

Mail This Article
ദുബായ് ∙ എല്ലാവര്‍ക്കും ആരോഗ്യ പരിചരണം ലഭിക്കാനും യുഎഇയിലെ ഡിജിറ്റല്‍ ഹെൽത്ത് കെയര്‍ ഇക്കോ സിസ്റ്റം പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് ഡോക്ടര്‍ അപോയിന്റ്‌മെന്റ് ബുക്കിങ് ആപ്പിന് തുടക്കമായി.യൂണിഡോക് ലോഗോ യുഎഇയുടെ മുന്‍ പരിസ്ഥിതി-ജല മന്ത്രി ഡോ. സഈദ് മുഹമ്മദ് അല്‍ കിന്‍ദി പുറത്തിറക്കി. മൊബൈല്‍ ആപ്പ് ഐപിഎ സ്ഥാപക ഡയറക്ടറും മലബാര്‍ ഗോള്‍ഡ് ആന്‍ഡ‍് ഡയമണ്ട്‌സ് ഡയറക്ടറുമായ എ.കെ. ഫൈസല്‍, കോര്‍പറേറ്റ് വെബ്‌സൈറ്റ് ഐപിഎ ചെയര്‍മാനും ഹോട്ട്പാക്ക് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ ചാമക്കാലയും പ്രകാശനം ചെയ്തു.
ഏറ്റവുമടുത്തുള്ള ക്ലിനിക്കുകളും ആശുപത്രികളും കണ്ടെത്തി നിര്‍ദിഷ്ട രോഗിയുടെ ഇന്‍ഷുറന്‍സ് ദാതാക്കളെ മനസ്സിലാക്കി ഡോക്ടറുടെ പ്രൊഫൈല്‍ വിലയിരുത്തി അപ്പോയിന്റ്മെന്റ് ബുക് ചെയ്യാൻ ആപ് സഹായിക്കുന്നു. റീഷെഡ്യൂങ്ങിനും ക്യാന്‍സലേഷനുമുള്ള ഓപ്ഷനും ആപ് വാഗ്ദാനം ചെയ്യുന്നു. ഡോക്ടറെ കാണാന്‍ ക്ലിനിക്കുകളിലോ ആശുപത്രികളിലോ വിളിക്കേണ്ടതും ക്യൂനില്‍ക്കേണ്ടതുമായ സാഹചര്യം ഇതു മുഖേന ഇല്ലാതാവുകയാണ്.
അടുത്ത ഘട്ടത്തില്‍ ടെലികണ്‍സള്‍ട്ടേഷന്‍, ഇന്‍ഷുറന്‍സ് അപ്രൂവലുകള്‍, മെഡിക്കല്‍ ഡെലിവറി സേവനങ്ങള്‍ എന്നിവ സംയോജിപ്പിക്കാന്‍ പദ്ധതിയിടുകയാണെന്ന് യൂണിഡോക് പ്രോജക്ട് ഹെഡ് പരുള്‍ താക്കൂര്‍ പറഞ്ഞു. രാജ്യത്തെ മുഴുവൻ ക്ലിനിക്കുകളും ആശുപത്രികളും യൂണിഡോക് നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തി ഹോസ്പിറ്റല്‍, ക്ലിനിക് ശൃംഖലയുടെ പ്രവേശനക്ഷമത പരമാവധി വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂണിഡോക് ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്കിങ്ങിലെ ടീം ലീഡ് നസീമ അനബഗില്‍ പറഞ്ഞു.