ADVERTISEMENT

ദോഹ∙ അടിയന്തര വെടിനിർത്തലിന് മുൻഗണന നൽകണമെന്നും ഗാസയ്ക്ക് സമ്പൂർണ ശിക്ഷയെന്ന ഇസ്രയേലിന്റെ നയങ്ങളെ അംഗീകരിക്കില്ലെന്നും ഖത്തർ‍ പറഞ്ഞു. നിരപരാധികളെ ഹമാസ് മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നുവെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആരോപിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനിയും ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖത്തറും അമേരിക്കയും പലസ്തീൻ വിഷയത്തിലെ നിലപാട് ആവർത്തിച്ചത്. 

ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കുക, സാധാരണ ജനങ്ങൾക്ക് സംരക്ഷണം നൽകുക, ബന്ദികളെ മോചിപ്പിക്കുക, സംഘർഷം പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങളിലാണ് ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങൾ പ്രധാന പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ശക്തമായി അപലപിച്ചു. തികച്ചും സങ്കീർണമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും യുഎസ് ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമായ ഘട്ടമാണിതെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ദോഹയിൽ പ്രവർത്തിക്കുന്ന ഹമാസിന്റെ ഓഫിസ് തുടക്കം മുതൽ തന്നെ ആശയവിനിമയത്തിനുള്ള ചാനലായും മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള മാർഗമായും മാത്രമാണ് ഉപയോഗിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി വെളിപ്പെടുത്തി. ആശയവിനിമയത്തിനുള്ള വഴികൾ തുറന്നിടുകയും സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് എല്ലായ്‌പ്പോഴും ഖത്തർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ ഏറ്റവും പ്രയാസകരവും സുപ്രധാനവുമായ സമയത്താണ് ദോഹ സന്ദർശനത്തിന് എത്തിയതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഗാസയിലെ പ്രതിസന്ധി വ്യാപിക്കുന്നത് തടയാൻ ഖത്തറുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അതേസമയം നിരപരാധികളായ സാധാരണക്കാരെ ഹമാസ് മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നതിനാൽ ഗാസയിലെ ഉപരോധം പിൻവലിക്കുക എളുപ്പമല്ലെന്നും ബ്ലിങ്കൻ ചൂണ്ടിക്കാട്ടി. പൗരന്മാരുടെ ജീവൻ സംരക്ഷിക്കാനും സ്വയം പ്രതിരോധിക്കാനും ഇസ്രയേലിന് അവകാശമുണ്ടെന്ന നിലപാട് തന്നെയാണ് ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിലും ബ്ലിങ്കൻ വ്യക്തമാക്കിയത്.  ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി നടന്ന കൂടിക്കാഴ്ചയിൽ ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കാൻ ഗാസയിൽ മാനുഷിക ഇടനാഴി തുറക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നാണ് അമീറും ആവശ്യപ്പെട്ടത്. സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്കാണ് രാജ്യം മധ്യസ്ഥത വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English Summary:

US Secretary Blinken's news conference in Qatar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com