സൗദിയിൽ പെട്രോൾ ബങ്കുകളിൽ കോഫി ഷോപ്പുകളില്ലെങ്കിൽ 5,000 റിയാൽ പിഴ

Mail This Article
റിയാദ്∙ പെട്രോൾ ബങ്കുകൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ നടപ്പാക്കാൻ തുടങ്ങിയതായി സൗദി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം. ബങ്കുകളിൽ കോഫി ഷോപ്പുകളില്ലെങ്കിൽ 5,000 റിയാൽ പിഴ ചുമത്തും. വ്യാപാര സ്ഥാപനങ്ങളും പെട്രോൾ പമ്പുകളും അടക്കമുള്ള സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നഗരസഭാ നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളും അടങ്ങിയ പരിഷ്‌കരിച്ച നിയമാവലി കഴിഞ്ഞ ദിവസം മുതൽ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി.
കോഫി ഷോപ്പോ റസ്റ്ററന്റോ ഇല്ലാതിരിക്കുകയോ മിനിമാർക്കറ്റ് അടക്കുകയോ ചെയ്യുന്ന പെട്രോൾ ബങ്കിന് 5,000 റിയാൽ പിഴയാണ് ഈടാക്കുക. പെട്രോൾ ബങ്കുകളുടെ വിഭാഗങ്ങൾക്കനുസരിച്ച് നിയമ ലംഘനങ്ങൾ ഇവയാണ്, മിനിമാർക്കറ്റ് പ്രവർത്തിപ്പിക്കാതിരിക്കൽ, എൻജിൻ ഓയിൽ ചെയ്ഞ്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കൽ, നിർണിത വ്യവസ്ഥകൾ പ്രകാരമുള്ള വിസ്തൃതിയിൽ കുറയാത്ത പള്ളി ഇല്ലാതിരിക്കൽ, കോഫി ഷോപ്പ് ഇല്ലാതിരിക്കൽ എന്നിവയാണ്.