മിൽമ ഉത്‌പന്നങ്ങൾ ഇനി ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും
Mail This Article
ദുബായ്∙ മിൽമ ഉത്‌പന്നങ്ങൾ ഗൾഫിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി വിൽക്കാൻ കേരള കോ ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനും (കെ.സി.എം.എം.എഫ്-മിൽമ) ലുലു ഗ്രൂപ്പ് ഇന്റർനാഷണലുമായി ധാരണാപത്രം ഒപ്പിട്ടു വ്യവസായമന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കെ.സി.എം.എം.എഫ് എം.ഡി ആസിഫ് കെ യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലിമുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
ഡൽഹി പ്രഗതി മൈതാനില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023 സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ്.
മേളയിലെ കേരള പവിലിയന്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. ഭക്ഷ്യ സംസ്കരണ രംഗത്ത് മികച്ച സാധ്യതകളാണ് നിക്ഷേപകർക്ക് കേരളം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. മില്‍മയുടെ അഞ്ച് ഉത്പന്നങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തുടക്കത്തിൽ ഉള്‍പ്പെടുത്തുന്നത്. നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് പൗഡര്‍(ഹെല്‍ത്ത് ഡ്രിങ്ക്), ഇന്‍സ്റ്റന്‍റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്സ് എന്നിവയാണ് ലഭിക്കുക.
ആഗോള ബ്രാൻഡായി മിൽമ മാറുന്നതിനു ലുലു ഗ്രൂപ്പുമായുള്ള സഹകരണം സഹായിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ലുലുവിന്‍റെ മറ്റ് രാജ്യങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റിലേക്കും എത്തിക്കുമെന്നും മിൽമ ചെയർമാൻ കെ. എസ് .മണി പറഞ്ഞുസംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം വളരെ മികച്ചതാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ വ്യവസായം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കുന്ന സര്‍ക്കാര്‍ നയത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. മില്‍മയുമായുള്ള സഹകരണത്തിലൂടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്കാണ് ഗുണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യമാർന്ന കാർഷികോൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ ഭാഗമായി മേഘാലയ, ഉത്തർ പ്രദേശ്, ജമ്മു കശ്‍മീർ, കാർഷികോത്പ്പന്ന കയറ്റുമതി അതോറിട്ടി എന്നിവയുമായി ലുലു ഗ്രൂപ്പ് ധാരണ പത്രത്തിൽ ഒപ്പിട്ടു.