ADVERTISEMENT

ഷാർജ ∙ തലതിരിഞ്ഞ എഴുത്തിലൂടെ തലവര മാറ്റി ലോക ശ്രദ്ധ നേടുകയാണ് കൊല്ലം പാരിപ്പള്ളി മീനമ്പലം സ്വദേശി ആദിഷ് സജീവ്. മിറർ റൈറ്റിങിലെ റെക്കോർഡ് തിളക്കമാണ് ഈ 8 വയസ്സുകാരനെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ താരമാക്കിയത്. അക്കങ്ങളും അക്ഷരങ്ങളും പ്രതിബിംഭ മാതൃകയിൽ നിഷ്പ്രയാസം എഴുതുന്ന ആദിഷിന് അറേബ്യൻ വേൾഡ് റെക്കോർഡും ലഭിച്ചു. 

മഹാത്മാഗാന്ധിയുടെ ദ് സ്റ്റോറി ഓഫ് മൈ എക്സ്പെരിമെന്റ്സ് വിത്ത് ട്രൂത്ത് എന്ന പുസ്തകം മിറർ റൈറ്റിങ്ങിൽ എഴുതിതീർത്താണ് ആദിഷ് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയത്. പാരിപ്പള്ളി എംജിഎം സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. കണ്ണാടിയിൽ നോക്കിയാലേ ആദിഷിന്റെ പുസ്തകത്തിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിക്കാൻ സാധിക്കൂ. അക്ഷരങ്ങൾകൊണ്ട് അത്ഭുതം തീർക്കുന്ന ആദിഷിന്റെ പ്രകടനം നേരിട്ടറിയാൻ ദിവസേന ഒട്ടേറെ പേരാണ് ഷാർജ പുസ്തകമേളയിൽ എത്തുന്നത്.

പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലാത്ത ആദിഷ് നഴ്സറി ക്ലാസിൽ വച്ചുതന്നെ തലതിരിച്ച് എഴുതാൻ തുടങ്ങിയിരുന്നു. മകന് നേരെ ചൊവ്വെ എഴുതാൻ അറിയില്ലെന്നു ഭയന്ന അച്ഛൻ സജീവിനും അമ്മ വിജിതയ്ക്കും ആശങ്കയായി. ആദ്യം നിരുത്സാഹപ്പെടുത്തി. എന്നാൽ ഒരേസമയം 2 രീതിയിലും നിഷ്പ്രയാസം എഴുതിക്കാണിച്ചതോടെ ആശങ്ക ആനന്ദത്തിലേക്കു വഴിമാറി. പിന്നീട്  മാതാപിതാക്കളും സഹോദരി ആരാധ്യയും ആദിഷിനെ പ്രോത്സാഹിപ്പിച്ചു.

പുസ്തകമേളയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ തടസ്സമായി നിന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നാട്ടുകാരും മറുനാട്ടുകാരും കൂടെ നിന്നപ്പോൾ അക്ഷരങ്ങളുടെ മഹാമേളയിലേക്ക് ആദിഷും കുടുംബവും എത്തുകയായിരുന്നു. കുഞ്ഞുപ്രായത്തിൽ തന്നെ പുസ്തകമേളയിൽ പങ്കെടുക്കാൻ അവസരം നൽകിയ യുഎഇയ്ക്ക് മിറർ ഇമേജിൽ തന്നെ ഏറ്റവും വലിയ കത്ത് എഴുതാനുള്ള ഒരുക്കത്തിലാണ് ഈ പ്രതിഭ.  ഒപ്പം ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലും. ഭാവിയിൽ ശസ്ത്രജ്ഞനാകണമെന്നാണ് മോഹം.

English Summary:

Adish Sajeevs mirror writing reflected at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com