ADVERTISEMENT

ദുബായ് ∙ അനധികൃത പണമിടപാടുകളും ബ്ലേഡ് മാഫിയയും യുഎഇയിൽ വീണ്ടും സജീവമാകുമ്പോൾ നിയമവും കർശനമാകുന്നു. മലയാളികളടക്കമുള്ള വൻകിട ബിസിനസുകാർ തൊട്ട് തൊഴിലാളികള്‍, കഫ്റ്റീരിയ, റസ്റ്ററന്‍റ്, മാൾ ജീവനക്കാർ തുടങ്ങിയവര്‍ വരെ ഇവരുടെ വലയിൽപ്പെട്ട് പലിശ അടയ്ക്കാനാകാതെ പ്രതിസന്ധിയിലാണ്. കോവിഡ്19 കാലത്ത് നിലച്ചുപോയ ബ്ലേഡ് മാഫിയ പിന്നീട് പതിയെ തലപൊക്കുകയായിരുന്നു. ഇപ്പോൾ ഇവരുടെ നീരാളിപ്പിടിത്തത്തിൽ ശ്വാസംമുട്ടി കഴിയുന്നവർ ഒട്ടേറെ. സംഖ്യ എഴുതാത്ത ചെക്കു( ബ്ലാങ്ക് ചെക്ക്)കൾ ഒപ്പിട്ടു നൽകിയാണ് പലരും പലിശയ്ക്ക് പണം വാങ്ങി വെട്ടിലാകുന്നത്. മലയാളികളടക്കമുള്ള ഇന്ത്യക്കാർ വ്യാപകമായി ചെയ്തുവരുന്ന പിഴവാണിത്. ഇതു പലരേയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കുന്നു. ഗവ.അംഗീകരിച്ച ബാങ്കുകൾ മുഖേന മാത്രമേ പണം വായ്പ വാങ്ങാനും പലിശ നൽകാനും പാടുള്ളൂ. അനധികൃതമായി പലിശയ്ക്ക് പണം നൽകുന്നത് യുഎഇ നിയമപ്രകാരം കുറ്റകരമാണ്. ഒന്നു മുതൽ 5  വർഷം വരെ തടവും 50,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. 

യുഎഇയിലെ വൻകിട ബിസിനസ് സ്ഥാപനങ്ങൾ വളരെ പെട്ടെന്ന് തകരാൻ കാരണം അനധികൃതമായി വാങ്ങുന്ന ഇത്തരം വായ്പകളാണെന്ന് യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീതാ ശ്രീറാം മാധവ് മനോരമ ഓൺലൈനിനോട് പറഞ്ഞു. കഴുത്തറുപ്പൻ പണമിടപാടുകാരിൽ നിന്നും ബ്ലേഡ് മാഫിയയിൽ നിന്നും വൻ പലിശയ്ക്ക് പണം വായ്പ വാങ്ങുകയും മുതൽ തിരിച്ച് നൽകിയിട്ടും പലിശയുടെ പേരിൽ ജീവിതം മുന്നോട്ടുപോകാനാകാതെ ആശങ്കയോടെ തന്നെ സമീപിക്കുന്നവരിൽ സ്ത്രീകളടക്കം ഒട്ടേറെ വൻ–ചെറുകിട ബിസിനസുകാരും ജീവനക്കാരും തൊഴിലാളികളുമുണ്ട്. പലിശയും വട്ടിപ്പലിശയും തിരിച്ചടച്ചിട്ടും തീരാതെ, ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ ഭയന്ന് കഴിയുന്ന ഇവർ നാട്ടിലെ പോലെ ഇവിടെയും  പ്രതിസന്ധിയിലാണ്.

∙ കോവിഡ‍് കാലത്ത് ബിസിനസ് തകർന്നു; കുടുംബസുഹൃത്ത് പീഡനം തുടങ്ങി
അടുത്തിടെ ഇത്തരത്തിൽ ഒരു മലയാളി സ്ത്രീ എന്‍റെയരികിലെത്തി. അജ്മാനിൽ അലുമിനിയം ബിസിനസ് നടത്തുകയായിരുന്നു തൃശൂർ സ്വദേശിയായ സ്ത്രീയും ഭർത്താവും. കോവിഡ് കാലത്ത് ബിസിനസ് തകർന്നു. ‌ഇതിനിടെ ഭർത്താവ് മരിച്ചതോടെ സ്ത്രീയും ഏക മകനും വഴിയാധാരമായി. ഇതോടെ ചെറുപ്പക്കാരിയായ സ്ത്രീ കുടുംബ സുഹൃത്തിന്‍റെ കൈയിൽ നിന്ന് ഒരു ലക്ഷം ദിർഹം പലിശയ്ക്ക് വാങ്ങി. ഇതിന് പകരമായി ബ്ലാങ്ക് ചെക്കും ഒപ്പിട്ട് കൈമാറി. എന്നിട്ടും ബിസിനസ് പൂർവ സ്ഥിതിയിൽ കൊണ്ടുവരാൻ സ്ത്രീക്കും മകനും സാധിച്ചില്ല. മകനിപ്പോൾ നാട്ടിൽ പഠിക്കുകയാണ്. സ്ത്രീ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ കുടുംബ സുഹൃത്ത് ലൈംഗികച്ചുവയുള്ള സന്ദേശങ്ങളയച്ചും മറ്റും പീഡനം തുടർന്നു. ഇതിനോടൊന്നും സ്ത്രീ പ്രതികരിക്കാതിരുന്നപ്പോൾ നാട്ടിലെ മകന് അമ്മയെക്കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞും സന്ദേശങ്ങളയക്കാൻ തുടങ്ങിയതോടെയാണ് സ്ത്രീ എന്‍റെയരികിലെത്തിയത്. തനിക്കെതിരെ നിയമനടപടിയുണ്ടാകുമെന്നറിഞ്ഞതോടെ അയാൾ ഒത്തു തീർപ്പിന് തയ്യാറായി.

മറ്റൊരു സംഭവത്തിൽ, കോവി‍ഡിന് മുൻപ് ഉമ്മുൽഖുവൈനിലെ മലയാളി നഴ്സാണ് കുടുക്കിയിലായത്. യുവതിയുടെ ഭർത്താവിന് ജോലിയില്ലായിരുന്നു. നഴ്സിന്‍റെ ജോലി നഷ്ടപ്പെട്ടതോടെ ഉമ്മുൽഖുവൈനിൽ വട്ടമിട്ടുപറക്കുന്ന ബ്ലേയിഡുകാരിൽ നിന്ന് 2 വർഷം കൊണ്ട് തിരിച്ചു നൽകാമെന്ന വാഗ്ദാനത്തിൽ 25,000 ദിർഹം കടം വാങ്ങി. 2 ബ്ലാങ്ക് ചെക്കുകൾ കൂടാതെ, ഭർത്താവിന്‍റെ എടിഎം കാർഡും പാസ്പോർട്ടും കൈമാറിയിരുന്നു. എല്ലാ മാസവും നഴ്സ് തന്‍റെ ശമ്പളത്തിൽ നിന്ന് 2500 ദിർഹം വീതം ഭർത്താവിന്‍റെ അക്കൗണ്ടിലിടുകയും ഇത് അദ്ദേഹത്തിന്‍റെ എടിഎം കാർഡ് ഉപയോഗിച്ച് ബ്ലേയിഡുകാർ എടുക്കുകയും ചെയ്തു. എന്നാൽ കോവിഡ് കാലമായതോടെ തിരിച്ചടവ് മുടങ്ങി. പലിശ കുന്നുകൂടുകയും ചെയ്തതോടെ ബ്ലേയിഡുകാർ അരലക്ഷം ദിർഹം വീതം നഴ്സും ഭർത്താവും തരാനുണ്ടെന്ന് പറഞ്ഞ് സിവിൽ കേസ് ഫയൽ ചെയ്തു. ഈ കേസ് ഇപ്പോഴും നടന്നുവരുന്നു. പക്ഷേ, നഴ്സിന്‍റെയും ഭർത്താവിന്‍റെയും ജീവിതം ദുരതത്തിലായി. പലിശ നൽകിയതിന്‍റെ തെളിവ് ഉള്ളതിനാൽ വിധി നഴ്സിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ.

ദുബായില്‍ ബിസിനസ് നടത്തിയിരുന്ന മുംബൈ സ്വദേശിനിയായ മധ്യവയസ്കയുടേതാണ് മറ്റൊരു പലിശക്കേസ്. നല്ല രീതിയിൽ നടന്നിരുന്ന ബിസിനസായിരുന്നു അവരുടേത്. അപ്രതീക്ഷിതമായി സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതോടെ തന്‍റെ കൈയിലുള്ള ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണം പണയം നൽകി ബ്ലേയിഡുകാരിൽ നിന്ന് 25,000 ദിർഹം വാങ്ങിച്ചു. ഇതിന് പകരമായി മുംബൈക്കാരിയുടെ എടിഎം കാര്‍ഡും ബ്ലേയിഡുകാർ കൈവശപ്പെടുത്തി. എന്നാൽ, വൈകാതെ സ്ത്രീയുടെ സ്വർണവും എടിഎം കാർഡും കൊണ്ട് ബ്ലേയിഡുകാർ സ്ഥലം വിടുകയും ചെയ്തു.

അഡ്വ.പ്രീത ശ്രീറാം മാധവ്
അഡ്വ.പ്രീത ശ്രീറാം മാധവ്

∙ ബ്ലേയിഡിൽ തലവച്ചു;  ജീവനൊടുക്കിയവർ ഏറെ
ഒരു കാലത്ത് അജ്മാൻ മത്സ്യ വിപണിയിലെ മലയാളി, തമിഴ് ജീവനക്കാരുടെ ഇടയിലും ലേബർ ക്യാംപുകളിലും വൻതോതിൽ പിടിമുറുക്കിയിരുന്ന ബ്ലേയിഡുകാർ കോവിഡ് കാലത്ത് പിൻവലിയുകയും ഇപ്പോൾ വീണ്ടും ശക്തമായിരിക്കുകയുമാണ്. ഇവർ നേരിടുന്ന പ്രതിസന്ധി മനോരമ ഓൺലൈൻ നേരത്തെ റിപോര്‍ട്ട്  ചെയ്തിരുന്നു. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന മത്സ്യവിൽപനക്കാരും തൊഴിലാളികളും സാമ്പത്തിക ആവശ്യം വരുന്ന അത്യാവശ്യ ഘട്ടങ്ങളിൽ ബ്ലെയിഡുകാർക്ക് തലവച്ചുകൊടുക്കുന്നു. ഒടുവിൽ കിട്ടുന്ന ശമ്പളം മുഴുവൻ പലിശ നൽകി, നാട്ടിലെ കുടുംബത്തെ നിത്യച്ചെലവിന് സഹായിക്കാൻ പോലും കഴിയാതെ വന്നപ്പോൾ ജീവനൊടുക്കിയവർ ഏറെയാണ്. ഇത് വിവാദമായി ബ്ലേയിഡുകാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെ അവർ താത്കാലികമായി പിൻവലിയുകയായിരുന്നു. എന്നാൽ വീണ്ടും ബ്ലേഡ് മാഫിയ ശക്തമായിരിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു.

ഗുണ്ടാവിളയാട്ടം നാട്ടിലും
തങ്ങളുടെ കൈയിൽ നിന്ന് വാങ്ങിയ പണം മുതലടക്കം തിരിച്ചുകിട്ടിയിട്ടും കൊള്ളപ്പലിശയുടെ പേരിൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന സംഭവം തുടരുന്നു. ഇവിടെ നിന്ന് പണം കിട്ടില്ലെന്നാകുമ്പോള്‍ നാട്ടില്‍ ഗുണ്ടകളെ ഏർപ്പെട‌ുത്തിയാണ് വിളയാട്ടം. പ്രത്യേകിച്ച് സ്ത്രീകള്‍ മാത്രമുള്ള വീടുകളിൽ ചെന്ന് ഗുണ്ടകൾ  ഉപദ്രവിച്ച സംഭവം നേരത്തെ ഒട്ടേറെ റിപോർട്ട് ചെയ്തിട്ടുണ്ട്. പല പ്രവാസികളുടേയും പ്രായമുള്ള മാതാപിതാക്കളും മറ്റും അക്രമത്തിന് ഇരയായി. ഇവിടെ നിന്ന് വാങ്ങിയ പണത്തിന്‍റെ പലിശ നാട്ടിൽ നിന്ന് തിരിച്ചുകൊടുക്കുകയോ ഗുണ്ടകളോട് പ്രതികരിക്കുകയോ ചെയ്യേണ്ടതില്ല. നിയമത്തിന്‍റെ വഴി തേടുകയാണ് ഉചിതം.

∙ ഒരിക്കലും ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നൽകരുത്
ആരുടെ കൈയിൽ നിന്ന് പണം വാങ്ങിക്കുമ്പോഴും ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നൽകരുതെന്ന് അഡ്വ.പ്രീത പറയുന്നു. ഇത്തരത്തിൽ ചെക്ക് നൽകുകയും കൊള്ളപ്പലിശ  മടക്കിനൽകാനാകാതെ വരുമ്പോൾ പലിശക്കാർ അതുമായി കോടതിയെ സമീപിക്കുകയും ചെയ്യുന്നു. കേസായി അകത്താകുമെന്ന ഭയത്താൽ നാട്ടിലെ വീടും പറമ്പും സ്വത്തുമെല്ലാം വിറ്റ് പലിശ നൽകുക വഴിയ ജീവിത സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട മലയാളികളെ പലരെയും എനിക്കറിയാം. എത്ര ബുദ്ധിമട്ടിയാലും യുഎഇയിലെ അംഗീകൃത ബാങ്കുകളിൽ നിന്ന് മാത്രം പണം വായ്പയെടുക്കുക. പല ബാങ്കുകളും ഇടയ്ക്ക് സീറോ ഇന്‍ററസ്റ്റ്(പലിശരഹിത) റേറ്റിൽ പണം വായ്പ നൽകാറുണ്ട്. ഇത് മനസിലാക്കി പ്രവർത്തിക്കുക. 

ആഡംബര ജീവിതത്തിന് പിന്നാലെ പായുന്നതാണ് പലരെയും കുഴിയിൽ ചാടിക്കുന്നതെന്നും അഡ‍്വ.പ്രീത പറയുന്നു. പരിചയമില്ലാത്തെ മേഖലയിൽ ബിസിനസ് തുടങ്ങി പൊളിഞ്ഞാണ് ഒരുപാടുപേർ ജീവിതം തുലയ്ക്കുന്നത്. കുടുംബത്തിന്‍റെ ഭാവി ആലോചിക്കാതെ നാട്ടിലെ വീട് വിറ്റ് പോലും ചിലർ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കുന്നു. ഇതിന് വഴിയില്ലാത്തവരാണ് ബ്ലേഡ് മാഫിയെ ശരണം പ്രാപിക്കുന്നത്. ഒടുവിൽ ഉള്ളതെല്ലാം തുലച്ച് നിരാശാബാധിതരായി ചെറിയ ജോലിയിൽ പ്രവേശിക്കുകയോ നാട്ടിലേയ്ക്ക് മടങ്ങുകയോ  ചെയ്യുന്നു.

∙ പാസ്പോർട്ട് കൈമാറുന്നത് തെറ്റ്
പലിശക്കാർ പലപ്പോഴും  ഇരകളുടെ പാസ്പോർട്ടും വാങ്ങിക്കാറുണ്ട്. ഇത് വലിയ തെറ്റാണെന്ന് അഡ‍്വ.പ്രീത പറയുന്നു. ഒരിക്കലും പാസ്പോർട്ട് കൈമാറാൻ പാടുള്ളതല്ല. അത് മറ്റൊരാള്‍ കൈവശം വയ്ക്കുന്നത് നിയമലംഘനമാണ്. ആരെങ്കിലും പാസ്പോർട്ട് കൈപ്പറ്റി തിരിച്ചു തരാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ചാൽ 3 ദിവസത്തിനകം മടക്കി നൽകണമെന്നാണ് ഉത്തരവുണ്ടാകാറ്. ഇത്തരത്തിൽ കോടതിയെ സമീപിക്കുന്നു എന്ന് കണ്ടപ്പോൾ ബ്ലേഡ് മാഫിയ പാസ്പോർട്ട് കീറിക്കളഞ്ഞ സംഭവവും അരങ്ങേറിയിട്ടുണ്ട്. പാസ്പോർട്ട് നൽകുമ്പോൾ അത് കൈപ്പറ്റിയതായി എഴുതി വാങ്ങാൻ മറക്കരുത്.

∙ ഇരകൾക്ക് യുഎഇയുടെ പരിരക്ഷ
പലിശയ്ക്കെതിരെ 2021-ലെ 31-ാം നമ്പർ ഫെഡറൽ ഉത്തരവ് പ്രകാരം ക്രൈംസ് ആൻഡ് പെനാൽറ്റി നിയമത്തിന്റെ വ്യവസ്ഥകൾ ബാധകമാണ്. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയും മറ്റ് യോഗ്യതയുള്ള അധികാരികളും നിയന്ത്രിക്കുന്ന ലൈസൻസുള്ള ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മാത്രമേ പലിശ അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് വ്യവസ്ഥകൾക്കനുസരിച്ച് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം വായ്പ നൽകാൻ അധികാരമുള്ളൂ. കൂടാതെ, ഒരു വ്യക്തി മറ്റ് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പലിശയ്ക്ക് പണം കടം കൊടുക്കുന്നത് നിയമവിരുദ്ധമാണ്. ഇത് യുഎഇ ക്രിമിനൽ നിയമത്തിലെ ആർട്ടിക്കിൾ 458, ആർട്ടിക്കിൾ 459 എന്നിവയ്ക്ക് അനുസൃതമാണ്. 

യുഎഇ ക്രിമിനൽ നിയമത്തിലെ ആർട്ടിക്കിൾ 458 പറയുന്നത് മറ്റൊരു വ്യക്തിക്ക് പണമടയ്ക്കാൻ വൈകിയതിന് പ്രതിഫലമായി പലിശ നിരക്കിൽ വായ്പ ൽകുന്ന ഏതൊരു വ്യക്തിയും അത് ഏതെങ്കിലും തരത്തിലുള്ള സിവിൽ, വാണിജ്യ ഇടപാടുകളിൽ പലിശ വ്യക്തമോ പരോക്ഷമോ ആണെങ്കിലും ജയിൽ ശിക്ഷയ്ക്ക് വിധേയനാകും. ഒരു വർഷത്തിൽ കുറയാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ലഭിക്കുക എന്നാണ്.  യഥാർത്ഥ കടവും അവ്യക്തമായ പലിശയും എല്ലാ വിധത്തിലും തെളിയിക്കപ്പെടാം. യുഎഇ ക്രിമിനൽ നിയമത്തിലെ ആർട്ടിക്കിൾ 459 പ്രകാരം പലിശ വായ്‌പ നൽകുന്നത് സ്ഥിരമായി ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും അഞ്ച് 5 വർഷത്തിൽ കൂടാത്ത താൽക്കാലിക തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കും. 

നിങ്ങൾ ആരോടെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കിൽ, ആ മുതൽ നിങ്ങൾ കൃത്യമായി തിരിച്ചു നൽകിയിട്ടുണ്ടെങ്കിൽ പലിശയുടെ പേരിൽ ഉപദ്രവിക്കുന്നവർക്കെതിരെ നിയമ സഹായം തേടാവുന്നതാണ്. യുഎഇ നിയമവും കോടതിയും സർക്കാരും ഇരകൾക്ക് . വിവരങ്ങൾക്ക്: +971 52 731 8377 (അഡ്വ.പ്രീത ശ്രീറാം മാധവ്).

English Summary:

Illegal money transactions and blade mafia are active in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com