അബുദാബി എയർപോർട്ടിൽ സ്വകാര്യ വിമാന ടെർമിനൽ ഒരുക്കും
Mail This Article
ദുബായ് ∙ അബുദാബി ഗ്രാൻഡ് പ്രീക്ക് മുന്നോടിയായി നഗരഹൃദയത്തിൽ സ്വകാര്യ വിമാന ടെർമിനൽ പ്രഖ്യാപിച്ച് പ്രൈവറ്റ് ഏവിയേഷൻ സ്ഥാപനമായ ജെടെക്സ്. ദുബായ് എയർ ഷോയിലാണ് അൽ ബത്തീൻ എക്സിക്യൂട്ടീവ് എയർ പോർട്ടിൽ സ്വകാര്യ വിമാനങ്ങൾക്കായി ജെടെക്സ് ടെർമിനൽ പ്രഖ്യാപിച്ചത്. ടെർമിനലിൽ നിന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഓഫിസുകളിലേക്കും റോഡ് മാർഗം അതിവേഗം എത്താൻ സൗകര്യമുണ്ട്. അബുദാബി എയർപോർട്ടാണ് സ്വകാര്യ ടെർമിനലും കൈകാര്യം ചെയ്യുക.
സ്വകാര്യ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും രാജ്യാന്തര സഞ്ചാരികൾക്കും സ്വദേശികൾക്കും മെച്ചപ്പെട്ട സേവനം നൽകാനും പുതിയ ടെർമിനൽ വഴി സാധിക്കുമെന്നു അബുദാബി എയർ പോർട്ട് മാനേജിങ് ഡയറക്ടർ എലേന സൊർലിനി പറഞ്ഞു. 50 വിമാനങ്ങൾക്കുള്ള സൗകര്യം സ്വകാര്യ ടെർമിനലിലുണ്ട്.
3.2 കിലോമീറ്റർ റൺവേ വലിയ വിമാനങ്ങൾക്കും ലാൻഡിങ് സൗകര്യം ഒരുക്കുന്നു. റൺവേ ലൈറ്റും ഗ്രൗണ്ട് ലൈറ്റും കൂടുതൽ മെച്ചപ്പെടുത്തി ടെർമിനലിന്റെ നവീകരണം പൂർത്തിയാക്കി. 50 വിമാനങ്ങൾക്ക് ആവശ്യമായ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനവും ഇവിടെ ലഭിക്കും.