എഎഫ്സി ഏഷ്യൻ കപ്പിന് ഇനി 53 ദിവസം; ആദ്യഘട്ടത്തിൽ വിറ്റത് ഒന്നര ലക്ഷം ടിക്കറ്റ്

Mail This Article
ദോഹ∙ ഏഷ്യൻ വൻകരയുടെ പോരാട്ടത്തിന് 53 ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രണ്ടാം ഘട്ട ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമിടുന്നത്. 25 റിയാൽ മുതലാണ് നിരക്ക്. കഴിഞ്ഞ മാസം അവസാനിച്ച ആദ്യ ഘട്ടത്തിൽ ഖത്തർ, സൗദി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് വാങ്ങിയവരിൽ മുൻനിരയിൽ. 1,50,000 ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിറ്റത്. https://asiancup2023.qa/en എന്ന വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം. ഇത്തവണത്തെ ടൂർണമെന്റിൽ ഡിജിറ്റൽ ടിക്കറ്റ് മാത്രമാണുള്ളത്. സ്റ്റേഡിയം പ്രവേശനത്തിന് ഫാൻ ഐഡി അഥവാ ഹയാ കാർഡുകളുമില്ല. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ 9 സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് നടക്കുന്നത്. ഏഷ്യയിലെ മികച്ച 24 ടീമുകളാണ് മത്സരിക്കുന്നത്. ജനുവരി 12ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ തുടങ്ങും.
6,000 വൊളന്റിയർമാരെയാണ് ടൂർണമെന്റിനായി തിരഞ്ഞെടുത്തത്. 20 മേഖലകളിലായാണ് വൊളന്റിയർമാരുടെ സേവനം. സ്റ്റേഡിയങ്ങൾ തമ്മിലുള്ള കൂടിയ അകലം 75 കിമീ മാത്രമാണ് എന്നതിനാൽ ഫിഫ ലോകകപ്പ് പോലെ തന്നെ കോംപാക്ട് ആയ ടൂർണമെന്റാണ് ഖത്തർ ഫുട്‌ബോൾ ലോകത്തിന് സമ്മാനിക്കുന്നത്. വേദികളിലേക്ക് നീണ്ട യാത്ര വേണ്ട. കളിക്കാർക്കും കാണികൾക്കും താമസ സ്ഥലവും മാറേണ്ടതില്ല. ടൂർണമെന്റിലുടനീളം ഒരിടത്ത് തന്നെ താമസിച്ച് മത്സരം ആസ്വദിക്കാം