നിയമപോരാട്ടത്തിനൊടുവിൽ സൗദി ഓജർ കമ്പനി ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യവും നൽകി തുടങ്ങി
Mail This Article
റിയാദ് ∙ 6 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സൗദി ഓജർ കമ്പനിയിലെ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യവും ഇന്നലെ മുതൽ വിതരണം ചെയ്തുതുടങ്ങി. 5 ലക്ഷം റിയാൽ വരെ കുടിശ്ശികയുള്ള തൊഴിലാളികൾക്കാണ് ആദ്യ ഘട്ടത്തിൽ നൽകിവരുന്നത്. 38 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ ഓജർ സാമ്പത്തിക തകർച്ചയിൽ 2016ലാണ് അടച്ചുപൂട്ടിയത്. 10 മാസത്തെ കുടിശ്ശികയും പതിറ്റാണ്ടുകളുടെ സേവനാന്ത ആനുകൂല്യവും കിട്ടാതായതോടെ പെരുവഴിയിലായ തൊഴിലാളികൾ കോടതിയെ സമീപിക്കുകയായിരുന്നു. ജീവനക്കാരിൽ പതിനായിരത്തിലേറെ ഇന്ത്യക്കാരിൽ മൂവായിരത്തി അഞ്ഞൂറോളം മലയാളികളായിരുന്നു.
നിയമപോരാട്ടത്തിനൊടുവിൽ കോടതി വിധിയെ തുടർന്ന് കമ്പനിയുടെ ആസ്ഥികളും മറ്റും വിറ്റ് സ്വരൂപിച്ച തുക വിതരണത്തിനായി മാനവശേഷി വികസന വകുപ്പ് അൽഇൻമ ബാങ്കിനു കൈമാറുകയായിരുന്നു. നിലവിൽ സൗദിയിൽ ഉള്ളവർ ഇഖാമയുമായി ബാങ്കിൽ നേരിട്ടെത്തി ഐബാൻ ഉൾപ്പെടെയുള്ള അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ മണിക്കൂറുകൾക്കകം പണം അക്കൗണ്ടിലെത്തും. ഇതിനകം ഒട്ടേറെ മലയാളികൾക്ക് പണം ലഭിച്ചതായി ഫോർട്ട് കൊച്ചി സ്വദേശി ഷമീർ ഇസ്മയിൽ പറഞ്ഞു. 10 മാസത്തെ ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യവും ചേർത്ത് പലർക്കും വൻതുക ലഭിച്ചു. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ തുക കിട്ടിയ സന്തോഷത്തിലാണ് മലയാളികൾ. ഇതേസമയം ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്കു മടങ്ങിയവർക്കും ഇതിനകം മരിച്ചവരുടെ ആശ്രിതർക്കും തുക എങ്ങനെ ലഭിക്കുമെന്ന ആശങ്കയുമുണ്ട്.
പ്രശ്ന പരിഹാരത്തിന് നേരത്തെ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സൗദിയിൽ എത്തി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. തിരിച്ചുപോകുന്ന തൊഴിലാളികൾക്കും സൗദിയിൽ തുടരുന്ന തൊഴിലാളികൾക്കും അതിനുള്ള അവസരവും ഒരുക്കിരുന്നു. നാട്ടിലേക്കു മടങ്ങുന്നവരുടെ ആനുകൂല്യം ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ മുഖേന അക്കൗണ്ടിലേക്കു അയച്ചുകൊടുക്കുമെന്നാണ് അന്നത്തെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ അവരെ അറിയിച്ചിരുന്നത്.