ദുബായിൽ അന്തരിച്ച ചിത്രകാരൻ സി.എൽ പൊറിഞ്ചുക്കുട്ടിയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകും

Mail This Article
ദുബായ് ∙ ദുബായിൽ അന്തരിച്ച പ്രശസ്ത ചിത്രകാരൻ തൃശൂർ കേച്ചേരി ചിറനെല്ലൂർ സ്വദേശി പ്രഫ. സി.എൽ.പൊറിഞ്ചുക്കുട്ടി(91)യുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് നാലിന് ദുബായ് മുഹൈസിന മെഡിക്കൽ ഫിറ്റ് നസ് സെന്‍ററിൽ എംബാമിങ് നടക്കും. തുടർന്ന് പ്രാർഥനയുമുണ്ടാകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച(22) രാവിലെ 10 മുതൽ 11.30 വരെ തിരുവനന്തപുരം പാളയം കോളജ് ഓഫ് ഫൈൻ ആർട്സിൽ പൊതുദർശനത്തിന് വയ്ക്കുന്ന ഭൗതിക ശരീരം തുടർന്ന് പാറോട്ടുകോണം 40 ഗ്രീൻ വാലിയിലെ ചാണ്ടാൽ ഹൗസിലേയ്ക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 2 വരെ പ്രാർഥന. 2.30ന് നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാനഗർ ക്യാംപസിലെ ലോർഡെൻ ഫൊറേയ്ൻ ചർച്ച് സെമിത്തേരിയില്‍ അടക്കം ചെയ്യും.
ചിത്രകലയ്ക്കും അതിന്‍റെ പരിപോഷണത്തിനും ഒരു പുരുഷായുസ്സ് മുഴുവൻ സമർപ്പിച്ച കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും മുൻ വൈസ് ചെയർമാനും ഫൈനാർട്സ് കോളജ് പ്രഥമ പ്രിൻസിപ്പലുമായ പൊറിഞ്ചുക്കുട്ടി വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഏറെ നാളുകളായി കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി ദുബായ് ഗാർഡൻസിൽ മകന്‍റെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ 5 വർഷമായി മകന്‍റെയും കുടുംബത്തിന്‍റെയും കൂടെയായിരുന്നു താമസം. തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളജിന്‍റെ ശിൽപികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു.