സൗഹൃദ സന്ദേശം ഉയർത്തി ഖത്തർ മലയാളി സമ്മേളനം

Mail This Article
ദോഹ ∙ സൗഹൃദ സന്ദേശം ഉയർത്തികാട്ടി ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ 'കാത്തുവയ്ക്കാം സൗഹൃദ തീരം' എന്ന പ്രമേയത്തിൽ നടന്ന എട്ടാം ഖത്തർ മലയാളി സമ്മേളനം സമാപിച്ചു. മികച്ച ജനപങ്കാളിത്തത്തിലാണ് സമ്മേളനം നടന്നത്. ഉദ്ഘാടന സമ്മേളനം, ടീൻസ് ആൻഡ് പേരന്റ്‌സ് മീറ്റ്, ഫാമിലി മീറ്റ്, മീഡിയ സെമിനാർ, സമാപന സമ്മേളനം എന്നീ സെഷനുകളിലായി ഖത്തറിലെയും കേരളത്തിലെയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലുള്ള പ്രമുഖരാണ് പങ്കെടുത്തത്.
പൊതുജനാരോഗ്യ മന്ത്രാലയം പബ്ലിക് ഹെൽത്ത് വകുപ്പ് ഡയറക്ടർ ഡോ.ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽതാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. സമ്മേളത്തിന്റെ സ്വാഗത സംഘം ചെയർമാൻ ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ എംപിമാരായ കെ.മുരളീധരൻ, ജോൺ ബ്രിട്ടാസ്, കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ജമാലുദ്ദീൻ ഫാറൂഖി, ഡോ. മല്ലിക എം.ജി, ബിഷപ്. ഡോ. ഗീവർസീസ് മാർ കൂറിലോസ്, ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ജനറൽ കൺവീനർ ഷമീർ വലിയ വീട്ടിൽ, കൺവീനർ അലി ചാലിക്കര എന്നിവർ പ്രസംഗിച്ചു.
അടുത്ത ഖത്തർ മലയാളി സമ്മേളനം 2026 നവംബറിൽ നടക്കുമെന്ന് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് കെ. എൻ സുലൈമാൻ മഅദനി പ്രഖ്യാപിച്ചു.