സൗദിയിൽ കനത്ത മഴ, മക്ക മേഖലയിൽ റെഡ് അലേർട്ട്; രാജ്യത്ത് ജാഗ്രതാ നിർദേശം

Mail This Article
ജിദ്ദ ∙ മഴക്കെടുതി നേരിടാൻ വൻ ക്രമീകരണങ്ങൾ. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള നിർദേശങ്ങൾ പാലിച്ച് ജാഗ്രത പുലർത്തണമെന്ന് അധികൃതർ. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. ചില പ്രദേശങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയും ലഭിക്കുന്നുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മക്ക മേഖലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മക്കയിലെ മസ്ജിദുൽ ഹറമിൽ ഇന്നലെ മഴ ലഭിച്ചു.
മദീന മേഖലയിലെ ചില പ്രദേശങ്ങളിലും ഹായിൽ, ഖസീം, റിയാദിന്റെ വടക്ക് പടിഞ്ഞാറ് ഭാഗം, ജിസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിലും മഴ പെയ്തു. മഴക്കെടുതികൾ നേരിടുന്നതിനായി പല ഭാഗങ്ങളിലായി ആവശ്യമായ ജീവനക്കാരെ നിയോഗിക്കുയും പ്രത്യേക ഉപകരണൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
റോഡുകളിൽ വെള്ളം ഉയരുന്നത് തടയാൻ തത്സമയം വെള്ളം വലിച്ചെടുക്കുന്നതിനുള്ള ഉപകരണങ്ങളും പലയിടത്തായി സ്ഥാപിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നും സിവിൽ ഡിഫൻസിന്റെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും നിർദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ കഴിയണമെന്നും അധികൃതർ മുന്നറയിപ്പ് നൽകി.
ഈ ആഴ്ച അവസാനത്തോടെ സൗദിയുടെ ഒട്ടുമിക്ക പ്രവിശ്യകളിലും അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറഞ്ഞ് തണുത്ത കാലാവസ്ഥയിലേക്ക് മാറുമെന്ന് കാലാവസ്ഥ നിരീക്ഷകനായ അബ്ദുല്‍ അസീസ് അല്‍ഹുസൈനി അറിയിച്ചു. ശൈത്യമനുഭപ്പെടുന്നതിനാൽ പാര്‍ക്കുകളിലും മറ്റു തുറസായ സ്ഥലങ്ങളിലും മറ്റും പോകുമ്പോള്‍ തണുപ്പിനെ പ്രതിരോധിക്കാൻ പറ്റുന്ന തരം വസ്ത്രങ്ങള്‍ ധരിക്കണം. റിയാദുള്‍പ്പെടുന്ന മധ്യ, കിഴക്കന്‍, വടക്കന്‍, കിഴക്ക് പടിഞ്ഞാറൻ പ്രവിശ്യകളിലുള്ളവര്‍ മരുഭൂമികള്‍, ഫാമുകള്‍,തോട്ടങ്ങളിലെ വിശ്രമകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോള്‍ ടെന്റുകളോ മുറികളോ താമസത്തിനും വിശ്രമത്തിനുമായി ഉപയോഗിക്കണമെന്ന് അദ്ദേഹം പറയുന്നു.
സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ നാലാം മഴക്കാലത്തിന് ഞായറാഴ്ച പുലര്‍ച്ചെയോടെ തുടക്കമായിട്ടുണ്ടെന്ന് അൽഹുസൈനി സൂചിപ്പിച്ചു. പല സമയത്തായി വിവിധ പ്രദേശങ്ങളിൽ മഴപെയ്യുന്നതിന് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുന്നത് കൂടാതെ ആലിപ്പഴം പെയ്യുന്നതിനും സാധ്യതയുണ്ട്.
മദീനയുടെ കിഴക്ക് ഭാഗത്ത് നിന്ന് പെയ്തു തുടങ്ങുന്ന മഴ പിന്നീട് ഹായിലിന്റെ ചില ഭാഗങ്ങളിൽ വ്യാപിക്കും. അവിടെ നിന്ന് അല്‍ഖസീമിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കും മക്ക, അസീര്‍, അല്‍ബാഹ, ജിസാന്‍ ഭാഗങ്ങളിലേക്കും മഴ പെയ്യുന്നത് വ്യാപിക്കും. റിയാദിന്റെ പടിഞ്ഞാറൻ ഭാഗത്തേക്കും ഖസീം മുഴുവനായും മഴ പെയ്യും. പിന്നീട് റിയാദിന്റെ വടക്കൻ ജില്ലകള്‍, കിഴക്കന്‍ പ്രവിശ്യയുടെ വടക്കൻ പ്രദേശം, വടക്ക് അതിര്‍ത്തി പ്രദേശങ്ങളുടെ കിഴക്ക് ഭാഗം, അല്‍സമാന്‍ എന്നിവിടങ്ങളിലും മഴ പെയ്യും.