സൗദി ദേശീയ ഗെയിംസ് ഈ മാസം 26 മുതൽ

Mail This Article
റിയാദ്∙ സൗദിയുടെ കായിക ചരിത്രത്തിന് സുവർണ്ണ തിളക്കം പകർന്ന് സൗദി ദേശീയ ഗെയിംസിന് ഈ മാസം 26 ന് തുടക്കമാവും. റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് രണ്ടാമത് സൗദി ദേശീയ ഗെയിംസിന് കൊടിഉയരുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ദീപശിഖ തെളിയിക്കുന്നതോടെ കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും, വർണ്ണാഭമായ വിസ്മയം നിറക്കുന്ന നിരവധി കലാപരിപാടികളും, കരിമരുന്നു പ്രയോഗവുമൊക്കെയായി സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കായികമേളയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുക. സ്വർണ്ണനേട്ടം കൊയ്യാൻ 53 ലധികം ഇനങ്ങളിലായി 6000-ത്തിലേറെ കായികതാരങ്ങളാണ് പുരുഷ വനിത വിഭാഗങ്ങളിലായി പങ്കെടുക്കുന്നത്. രണ്ടാഴ്ചക്കാലം നീളുന്ന ദേശീയ ഗെയിംസിന്റെ വിവിധ കായിക ഇനം മൽസരങ്ങൾക്കായി 31 ഇടങ്ങളിലാണ് പലതരം കോർട്ടുകളും, ട്രാക്കുകളും,ഗോദകളും, ഫീൽഡുകളുമായി ഒരുക്കിയിരിക്കുന്നത്.
പ്രൗഡോജ്വലമായ ഉദ്ഘാടന ചടങ്ങുകൾ സ്റ്റേഡിയത്തിൽ നേരിട്ടുകാണുന്നതിന് പൊതുജനങ്ങൾക്കും അവസരം നൽകുമെന്ന് ദേശീയ ഗെയിംസ് സംഘാടക സമിതി അറിയിച്ചു. 35 റിയാൽ നിരക്കിൽ ഉദ്ഘാടന പരിപാടികൾക്കായുള്ള പ്രവേശന ടിക്കറ്റ് Tickets.saudigames.sa. വെബ്‌സൈറ്റ് വഴി ലഭ്യമാകും. ഈ മാസം 26ന് ആരംഭിക്കുന്ന ദേശീയ ഗെയിംസ് ഡിസംബര്‍ 10 നാണ് അവസാനിക്കുന്നത്.
സൗദി യുവാക്കളെ സ്‌പോർട്‌സിലൂടെ പ്രചോദിപ്പിക്കുക, രാജ്യാന്തര സ്‌പോർട്‌സ് വേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഉയർന്നുവരുന്ന കായിക തലമുറയെ സൃഷ്ടിക്കുക, അവരുടെ കഴിവുകൾ വെളിപ്പെടുത്തി വികസിപ്പിക്കുകയും എല്ലാ കായിക പ്രവർത്തനങ്ങളും പരിശീലിക്കാനുള്ള ഇടങ്ങളും അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുക. ഒപ്പം രാജ്യത്തിലെ കായിക പ്രസ്ഥാനത്തിന്റെ പ്രോത്സാഹനവും നൽകുക, കായിക മികവിനൊപ്പം ജീവിത നിലവാരം ഉയർത്തുന്നതിന് സൗദി വിഷൻ 2030 ന്റെ അനവധി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന നൽകുന്നു.
സൗദി അത്‌ലറ്റുകൾക്ക് അവരുടെ ഏറ്റവും മികച്ച സാധ്യതകളിലേക്ക് മികവ് പുലർത്താൻ ഒരു പ്ലാറ്റ്ഫോം നൽകുക. കായികരംഗത്ത് സൗദി യുവാക്കളെ പ്രചോദിപ്പിക്കുകയും ഏറ്റവും വലിയ മേളകൾ സംഘടിപ്പിക്കുന്നതിൽ രാജ്യാന്തരതലത്തിൽ രാജ്യത്തിന്റെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യവും ദേശീയ ഗെയിംസ് നിറവേറ്റുന്നു.
ദേശീയ ഗെയിംസിനു മുന്നോടിയായി കായികതാരങ്ങളും പ്രമൂഖരും പങ്കെടുക്കുന്ന രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലൂടെയുള്ള ദീപശിഖാപ്രയാണം തുടരുകയാണ്. സൗദി ദേശീയ ഗെയിംസിന്റെ സന്ദേശവുമായി 3500 ലേറെ കീലോമീറ്റർ ദൂരമാണ് ദീപശിഖാ പ്രയാണം നടക്കുന്നത്. രാജ്യമെമ്പാടും വിവിധകേന്ദ്രങ്ങളിലെത്തിച്ചേർന്ന ദീപശിഖപ്രയാണത്തിന് അവേശപൂർവ്വമായ സ്വീകരണം നൽകി പങ്കുചേരാൻ നിരവധിപേരാണ് എത്തുന്നത്.