ADVERTISEMENT

റിയാദ്∙ വിമാനത്തിലെത്തിയപ്പോള്‍ അസുഖമുണ്ടായതിനെ തുടര്‍ന്ന് യാത്ര മുടങ്ങി നാല് ദിവസം ടെർമിനലിനുള്ളിൽ തന്നെ കഴിയേണ്ടി വന്ന മലയാളി ഒടുവിൽ സുമനസുകളുടെ സഹായത്താൽ നാട്ടിലെത്തി. റിയാദിന് സമീപം റുവൈദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശി സാജു തോമസ് (47) ആണ് ഈ മാസം 12ന് നാട്ടിലേക്ക് പോകാൻ റിയാദ് വിമാനത്താവളത്തിൽ എത്തിയപ്പോൾ അപസ്മാര ബാധയുണ്ടാവുകയും യാത്ര മുടങ്ങുകയും ചെയ്തത്.

കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു ടിക്കറ്റ്. എമിഗ്രേഷൻ, ബോഡിങ് നടപടികൾ പൂർത്തിയാക്കി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അപസ്മാര ലക്ഷണങ്ങൾ കാണിച്ചത്. ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചു. പരിഭ്രാന്തിക്കിടയിൽ പല്ലുകൾ കടിച്ച് നാവ് മുറിഞ്ഞു, വായിൽ ചോരയും വന്നു. ഉടൻ വിമാനത്തിൽനിന്ന് കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകി. എമിഗ്രേഷൻ കഴിഞ്ഞതിനാൽ എയർപോർട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലായിരുന്നു. തുടർന്ന് ബന്ധുക്കളെ  വിളിച്ചുപറഞ്ഞ് അടുത്ത വിമാനത്തിനുള്ള ടിക്കറ്റ് എത്തിച്ചു. പക്ഷേ വിമാനകമ്പനി സ്വീകരിക്കാൻ തയ്യാറായില്ല. ടിക്കറ്റുകൾ മാറിമാറി എടുത്ത് അടുത്ത ദിവസങ്ങളിലും ശ്രമിച്ചു. ഒരു വിമാന കമ്പനിയും തയ്യാറായില്ല. പുറത്തിറങ്ങാനും വയ്യ, യാത്രയും നടക്കുന്നില്ല എന്ന അവസ്ഥയിൽ പ്രതിസന്ധിയിലാവുകയും ചെയ്തു. 

ടെർമിനലിനുള്ളിൽ തന്നെ കഴിയേണ്ട അവസ്ഥയിൽ സ്ഥിതിയാകെ വഷളായി. എവിടെയോ തലയിടിച്ച് വീണ് നെറ്റി മുഴയ്ക്കുകയും കണ്ണിന് മുകളിൽ രക്തം കട്ടപിടിച്ച് കൺപോള വീർത്ത് നീലിക്കുകയും ചെയ്തു. ഇത് കൂടിയായതോടെയാണ് വിമാന ജീവനക്കാർ സ്വീകരിക്കാൻ ഒട്ടും തയ്യാറാവാതിരുന്നത്. നാലുദിവസമാണ് ടെർമിനലിനുള്ളിൽ കഴിഞ്ഞത്.

വിവരമറിഞ്ഞ് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എയർപോർട്ടിലെത്തി ഉദ്യോഗസ്ഥരെ കണ്ട് സാജു തോമസിനെ പുറത്തിറക്കി. എമിഗ്രേഷൻ നടപടികൾ കാൻസൽ ചെയ്തു. ആശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ നൽകുകയും സിടി സ്കാനിങ് ഉൾപ്പടെയുള്ള വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. നാലുദിവസം സാമൂഹികപ്രവർത്തകരായ അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവർ ഏറ്റെടുത്ത് സ്വന്തം താമസസ്ഥലത്ത് കൊണ്ടുപോയി കൊച്ചി വരെ ഒപ്പം പോകാൻ ശിഹാബ് കൊട്ടുകാട് സന്നദ്ധനായി. ഞായറാഴ്ച കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി.

English Summary:

The Malayali, who was stuck inside the terminal, returned home after four days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT