ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യുന്നതിന്റെ ചുമതല തൊഴിലുടമകൾക്ക്
Mail This Article
റിയാദ് ∙ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യുന്നതിന്റെ ചുമതല തൊഴിലുടമകൾക്ക്. ഇതുവരെ റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യുന്നതിന്റെ ചുമതല റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കായിരുന്നു. പരിഷ്‌കരണങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം താൽക്കാലികമായി നിർത്തിവച്ചിരുന്നു. പരിഷ്‌കരിച്ച ശേഷം തിങ്കളാഴ്ച മുതൽ സേവനം പുനരാരംഭിച്ചു. റിക്രൂട്ട്‌മെന്റ് കരാറുകൾ ഇൻഷുർ ചെയ്യാൻ ഇൻഷുറൻസ് കമ്പനികളുമായി നേരിട്ട് കരാർ ഒപ്പുവയ്ക്കാൻ തൊഴിലുടമകൾക്ക് സാധിക്കും.
നേരത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്നാണ് ഇതിൽ മുസാനിദ് പ്ലാറ്റ്‌ഫോം മാറ്റങ്ങൾ വരുത്തിയത്. റിക്രൂട്ട്‌മെന്റ് കമ്പനികളെയും ഓഫിസുകളെയും പ്രതിനിധീകരിച്ച് റിക്രൂട്ട്‌മെന്റ് കരാറുകൾ ഇൻഷുർ ചെയ്യുന്നതിനുള്ള നടപടികൾ നജും കമ്പനി വഴി ഓട്ടോമാറ്റിക് ആയി പൂർത്തിയാക്കുമെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കുള്ള സർക്കുലറിൽ മുസാനിദ് പ്ലാറ്റ്‌ഫോം പറഞ്ഞു. മുസാനിദ് പ്ലാറ്റ്‌ഫോമിൽ തന്നെ ഇപ്പോൾ ഇൻഷുറൻസ് കോളം ഉൾപ്പെടുത്തിയിട്ടുണ്ട്.
റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് പോളിസി പ്രകാരം തൊഴിലാളികൾ ഒളിച്ചോടുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം റിക്രൂട്ട്‌മെന്റ് ചിലവ് തൊഴിലുടമകൾക്ക് തിരികെ ലഭിക്കും. വിവിധ ഇൻഷുറൻസ് കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് പോളിസി നിരക്കായി ഈടാക്കുന്നത്. 24 മാസ കാലാവധിയുള്ള പോളിസിക്ക് 600 റിയാൽ മുതൽ 2,000 റിയാൽ വരെ കമ്പനികൾ ഈടാക്കുന്നു.
റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് പോളിസി നിരക്ക് അടക്കാൻ നേരത്തെ ഇൻഷുറൻസ് കമ്പനികൾ പരമാവധി 14 ദിവസമാണ് അനുവദിച്ചിരുന്നത്. സൗദിയിൽ 35 ലക്ഷത്തിലേറെ ഗാർഹിക തൊഴിലാളികളുണ്ട്. ഇപ്പോൾ ഇന്ത്യയും ബംഗ്ലാദേശും ശ്രീലങ്കയും അടക്കം 30 രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അവസരമുണ്ട്. നിലവിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യൽ നിർബന്ധമല്ല. ഇഷ്ടമുള്ളവർ മാത്രം കരാർ ഇൻഷുർ ചെയ്താൽ മതി.