ഫിൻഖ്യു റോഡ് സുരക്ഷാപരിപാടി സംഘടിപ്പിച്ചു

Mail This Article
ദോഹ ∙ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വകുപ്പിന്റെ പങ്കാളിത്തത്തോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ (ഫിൻക്യു) റോഡ് ഗതാഗത സുരക്ഷാ പരിപാടി സംഘടിപ്പിച്ചു.
റോഡപകടങ്ങളിൽ മരിച്ചവരുടെ അനുസ്മരണദിനത്തോട് അനുബന്ധിച്ച് മദീനത്ത് ഖലീഫയിലെ ഗതാഗത വകുപ്പ് ആസ്ഥാനത്ത് നടന്ന പരിപാടിയുടെ ഭാഗമായാണ് ഫിൻഖ്യൂവിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്കിടയിൽ റോഡ് ഗതാഗത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. തലാബത്ത്, റഫീഖ് ഫുഡ് ഡെലിവറി ജീവനക്കാർ, ബിർള, ഒലിവ്, സ്‌കോളേഴ്സ് സ്‌കൂളുകളിൽ നിന്നുള്ള സ്‌കൂൾ ബസ് ഡ്രൈവർമാർ എന്നിവരിൽ നിന്നുള്ള 280-ലധികം പേർ പങ്കെടുത്തു. ഗതാഗത ബോധവൽകരണ വകുപ്പ് ഓഫിസർ ഫസ്റ്റ്. മിഷാൽ അൽ ഗുദൈദ് അൽമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഹമദ് മെഡിക്കൽ കോർപറേഷനിലെ കോർപറേറ്റ് വകുപ്പ് എമർജൻസി മെഡിസിൻ ചെയർമാൻ ഡോ. അഫ്താബ് മുഹമ്മദ് ഉമർ റോഡ് ട്രാഫിക് അപകടങ്ങളുടെ എമർജൻസി മാനേജ്മെന്റ് എന്ന വിഷയത്തിൽ പ്രത്യേക സെഷന് നേതൃത്വം നൽകി. മന്ത്രാലയം പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്കായി ഗതാഗത ബോധവൽക്കരണ സെഷൻ നടത്തി. മികച്ച ഗതാഗത റെക്കോർഡുള്ള 6 ഡ്രൈവർമാരെയും ചടങ്ങിൽ ആദരിച്ചു. ഫിൻഖ്യൂ പ്രസിഡന്റ് ബിജോയ് ചാക്കോ, ജോയിന്റ് സെക്രട്ടറി ഷൈജു എന്നിവർ പ്രസംഗിച്ചു. ഐസിബിഎഫ് ഇൻഷുറൻസ് സംബന്ധിച്ച വിശദാംശങ്ങളും അവതരിപ്പിച്ചു.