ദുബായുടെ ആകാശത്ത് ഒരു താലികെട്ട്; സെലിബ്രിറ്റികളുടെ സാന്നിധ്യത്തിൽ മകളുടെ വിവാഹം ആഘോഷമാക്കാൻ ഇന്ത്യൻ വ്യവസായി

Mail This Article
ദുബായ്∙ ദുബായിലെ വിസ്മയങ്ങളുടെ ആകാശത്ത് സന്തോഷകരമായ ചടങ്ങിന് സാഹചര്യം ഒരുങ്ങുന്നു. അതിമനോഹര നഗരദൃശ്യം, സമൃദ്ധമായ റിസോർട്ടുകൾ, സമകാലികവും പരമ്പരാഗതവുമായ ഘടകങ്ങളുടെ സമന്വയം എന്നിവയാൽ ജനപ്രിയ വിവാഹ കേന്ദ്രമായ ദുബായിൽ ഇന്ത്യൻ വ്യവസായ കുടുംബത്തിലെ അംഗത്തിന്‍റെ വിവാഹം വിമാനത്തിൽ നടക്കാൻ പോകുന്നു. യുഎഇ ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി ദിലീപ് പോപ്ലിയുടെ മകൾ വിധി പോപ്ലിയുടെ വിവാഹമാണ് ഈ മാസം 24ന് സ്വകാര്യ വിമാനത്തിൽ നടക്കുക. ‘പോപ്ലിയുടെ വിവാഹം ആകാശത്ത്’ എന്ന് പേരിട്ട പരിപാടിയുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
ബോളിവുഡ്, ഹോളിവുഡ് സെലിബ്രിറ്റികൾ, പ്രമുഖർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ തുടങ്ങി 300 അതിഥികളുടെ സാന്നിധ്യത്തിലാണ് വിവാഹം. സ്വകാര്യ ചാർട്ടർ ഫ്ലൈറ്റ് ഓപറേറ്ററായ ജെറ്റെക്സ് ബോയിങ് 747 വിമാനം ദുബായിൽ നിന്ന് പുറപ്പെട്ട് 3 മണിക്കൂർ യാത്രയ്ക്കായി ഒമാനിലേക്ക് പറക്കും. ‘ മകളുടെ വിവാഹം തീരുമാനിച്ചു. ഞാനും എന്റെ കുടുംബവും ഉയരത്തിൽ പറക്കുമ്പോഴാണ് താലികെട്ട്. ഈ അവിശ്വസനീയമായ അനുഭവം പ്രിയപ്പെട്ടവരുമായും ലോകവുമായും പങ്കിടുന്നതിൽ സന്തോഷമുണ്ടെന്ന്’ സംഘാടകർ പറഞ്ഞു.
അതിരുകളില്ലാത്ത ചാരുതയുള്ള ദുബായ് ഇത്തരമൊരു സവിശേഷമായ ആഘോഷത്തിന് അനുയോജ്യമായ സ്ഥലമാണ്. ചരിത്രം സൃഷ്ടിക്കാൻ പങ്കുചേരാൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും പോപ്ലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ ദിലീപ് പോപ്ലി പറഞ്ഞു. കഴിഞ്ഞ 30 വർഷമായി ഇദ്ദേഹം ദുബായിൽ താമസിക്കുന്നു. എന്നാൽ പോപ്ലി കുടുംബത്തിന് ഇത് ആകാശത്ത് നടക്കുന്ന ആദ്യ വിവാഹമല്ല. 1994-ൽ പോപ്ലി ജ്വല്ലേഴ്‌സിന്റെ ഉടമ ലക്ഷ്മൺ പോപ്ലി തന്റെ മകൻ ദിലീപിന്റെ വിവാഹം എയർ ഇന്ത്യ വിമാനത്തിൽ ആഘോഷിച്ചപ്പോൾ അത് വാർത്തകളിൽ ഇടംനേടിയിരുന്നു.