ഗാസ: നിലപാട് ആവർത്തിച്ച് ഖത്തർ പ്രധാനമന്ത്രി; വെടിനിർത്തലിന് മുഖ്യപരിഗണന

Mail This Article
ദോഹ ∙ ഗാസയിൽ അടിയന്തര വെടിനിർത്തൽ ഉറപ്പാക്കുന്നതിനും നിർബന്ധിത കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുന്നതിനുമാണ് രാജ്യം മുഖ്യപരിഗണന നൽകുന്നതെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു.
ഗാസ മുനമ്പിൽ പലസ്തീൻ ജനതയ്ക്കു മേലുള്ള ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കുക, വർഷങ്ങളായുള്ള അന്യായമായ ഉപരോധം പിൻവലിക്കുക, രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനം അവസാനിപ്പിക്കുക, വംശഹത്യയും പട്ടിണിയും നിർബന്ധിത കുടിയൊഴിപ്പിക്കലും എന്നിവ അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് ഖത്തർ മുഖ്യപരിഗണന നൽകുന്നതെന്നും ഷെയ്ഖ് മുഹമ്മദ് വിശദമാക്കി.
യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ-സെക്യൂരിറ്റി പോളിസി വകുപ്പ് ഹൈ റപ്രസന്റേറ്റീവ് ജോസഫ് ബോറലുമായി ദോഹയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. രാജ്യാന്തര ഉടമ്പടികളെയും നിയമങ്ങളെയും ബഹുമാനിക്കുന്നതിൽ രാജ്യാന്തര സമൂഹം അതിന്റെ അടിത്തറയിൽ ഉറച്ചു നിൽക്കണമെന്നും ഷെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.
രാജ്യാന്തര നിയമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ഇസ്രയേൽ വിഷയത്തിൽ രാജ്യാന്തര സമൂഹം കൃത്യമായ നിലപാട് സ്വീകരിക്കുകയും കൈകാര്യം ചെയ്യുകയും വേണം. പല രാജ്യങ്ങളും ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബന്ദികളെ സുരക്ഷിതമായി വീടുകളിലേക്ക് മടക്കി അയയ്ക്കാൻ കഴിയുന്ന കരാറിലേക്ക് അടുത്തു വരികയാണെന്ന് ആത്മവിശ്വാസമുണ്ടെന്നും ഗാസയിലെ ബന്ദികളുടെ മോചനം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ഗാസയിൽ അടിയന്തര വെടിനിർത്തൽ ശ്രമങ്ങൾക്കും ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനത്തിലും മധ്യസ്ഥ ചർച്ചകളിൽ പ്രധാനപങ്കു വഹിക്കുന്ന രാജ്യമാണ് ഖത്തർ.