പലസ്തീനികളായ 31 നവജാത ശിശുക്കൾ യുഎഇ ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ
Mail This Article
അബുദാബി ∙ ബുർജീൽ മെഡിക്കൽ സിറ്റി ഉൾപ്പെടെ യുഎഇ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന പലസ്തീൻ കുട്ടികളെയും കുടുംബങ്ങളെയും പ്രസിഡൻഷ്യൽ കോർട്ട് ഓഫിസ് ഓഫ് ഡവലപ്‌മെന്റ് ആൻഡ് മാർട്ടിയേഴ്സ് ഫാമിലി അഫയേഴ്‌സ് ചെയർമാൻ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. ഗാസയിൽ യുദ്ധത്തിൽ പരുക്കേറ്റ 1,000 കുട്ടികളെ യുഎഇയിൽ എത്തിച്ച് ചികിത്സിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് എത്തിയ ആദ്യ സംഘത്തിലെ കുട്ടികളെയും മാതാപിതാക്കളെയുമാണ് ഷെയ്ഖ് ദിയാബ് സന്ദർശിച്ചത്. ബുർജീൽ മെഡിക്കൽ സിറ്റിയിൽ ബുർജീൽ ഹോൾഡിങ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിലും ഡിപാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു.
31 നവജാത ശിശുക്കൾ യുഎഇ ഫീൽഡ് ആശുപത്രിയിൽ
ഗാസയിലെ അൽശിഫ ആശുപത്രിയിൽ ഇസ്രയേൽ ബോംബിട്ടതിനെ തുടർന്ന് ജീവന്മരണ പോരാട്ടത്തിലായിരുന്ന 31 നവജാത ശിശുക്കളെ റാഫ അതിർത്തിയിൽ യുഎഇ നിർമിച്ച ഫീൽഡ് ആശുപത്രിയിലേക്കു മാറ്റി. ലോകാരോഗ്യ സംഘടന, യുഎൻ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. മാസം തികയാതെ ജനിച്ച ഈ കുഞ്ഞുങ്ങൾക്കു പുറമേ 291 രോഗികളും ഈ ആശുപത്രിയിൽ ചികിത്സയിലുണ്ട്.