എഎഫ്‌സി ഏഷ്യൻ കപ്പ്; 24 മണിക്കൂറിൽ വിറ്റ ടിക്കറ്റ് 90000

Mail This Article
ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തറിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വിൽപന അതിവേഗത്തിൽ. ആദ്യ 24 മണിക്കൂറിനുള്ളിൽ വിറ്റത് 90,000 ടിക്കറ്റുകൾ. വിൽപനയിൽ ആദ്യ മൂന്നിൽ ഇന്ത്യയും. ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം ഡിസംബർ 1ന് പ്രകാശനം ചെയ്യും.
ഈ മാസം 19നാണ് രണ്ടാം ഘട്ട ടിക്കറ്റ് വിൽപന തുടങ്ങിയത്. വിൽപനയുടെ ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 90,000 ടിക്കറ്റുകൾ വിറ്റതായി പ്രാദേശിക സംഘാടകർ വ്യക്തമാക്കി. ഖത്തറിന് പുറമേ സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് വിൽപനയിൽ മുൻപിൽ. 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഇത്തവണ ടൂർണമെന്റിന്റെ മുഴുവൻ ടിക്കറ്റുകളും ഡിജിറ്റലാണ്. ഒക്‌ടോബറിൽ നടന്ന ആദ്യ ഘട്ടത്തിൽ ഒന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ ഹയാ കാർഡുമില്ല.
അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിന്റെ 9 സ്റ്റേഡിയങ്ങളിലായാണ് 51 മത്സരങ്ങൾ നടക്കുന്നത്. ഫിഫ ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ലുസെയ്ൽ സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറും ലബനനും തമ്മിലാണ് ആദ്യ മത്സരം.
ടിക്കറ്റുകൾ വാങ്ങാൻ: https://asiancup2023.qa/en