ADVERTISEMENT

ദുബായ് ∙ എല്ലാ മേഖലകളിലും ഭാവിനയങ്ങൾ വികസിപ്പിക്കുന്നതും വെല്ലുവിളികൾ നേരിടുന്നതും സംബന്ധിച്ച് വിശകലനം ചെയ്യുന്ന ഫ്യൂച്ചർ ഫോറത്തിന് ദുബായിൽ തുടക്കമായി. നിർമിതബുദ്ധി യുഗത്തിനുള്ള തയാറെടുപ്പും മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധവും ഭാവി ശോഭനമാക്കാൻ വ്യക്തികൾ ആർജിക്കേണ്ട കഴിവുകളും സംബന്ധിച്ചായിരുന്നു ഇന്നലത്തെ ചർച്ചകൾ.

ബഹിരാകാശം, സുസ്ഥിരത, പരിസ്ഥിതി, ഊർജം, ഭക്ഷണം, ആരോഗ്യം, ചികിത്സ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലകളുണ്ട്. 100 ​​രാജ്യങ്ങളിൽ നിന്നുള്ള 2,500 വിദഗ്ധരാണ് ഭാവിയെക്കുറിച്ച് വിശകലനം ചെയ്യുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ദ്വിദിന സമ്മേളനത്തിൽ 70 സെഷനുകളിലായി 150 പേർ അഭിസംബോധന ചെയ്യും. പ്രകൃതിയെ പുനർനിർമിക്കുക, ഭാവിതലമുറ ശാക്തീകരണം, മനുഷ്യ-യന്ത്ര ബന്ധം, മനുഷ്യജീവിതത്തിലെ പരിവർത്തനങ്ങൾ എന്നിവ പ്രമേയമാക്കിയാണ് ചർച്ചകൾ നടക്കുന്നത്. 

ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽനെയാദി, ഹസ്സ അൽ മൻസൂരി, സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫ. പോൾ സാവോ തുടങ്ങിയവർ ബഹിരാകാശത്തിന്റെ ഭാവി സംബന്ധിച്ച ചർച്ചകൾക്കു നേതൃത്വം നൽകി. ഭാവിയിലെ കറൻസി, ഊർജ മേഖലയിലെ നൂതനാശയങ്ങൾ, ഭാവിനയങ്ങൾ വികസിപ്പിക്കുന്നതിൽ ക്രിയാത്മക നിർദേശം തുടങ്ങിയവയാണ് ഇന്നു ചർച്ച ചെയ്യുക. കാര്യക്ഷമവും സുസ്ഥിരവുമായ നയങ്ങൾ എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ച് സഹമന്ത്രി ഉഹൂദ് അൽ റൂമി പ്രഭാഷണം നടത്തും. അടുത്ത 50 വർഷത്തിനു ശേഷം രാജ്യം എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ചുള്ള ശിൽപശാലയുമുണ്ട്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡിഎഫ്എഫ്) സംഘടിപ്പിക്കുന്ന ഫോറം.

English Summary:

Dubai Future Forum kicks off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com