ADVERTISEMENT

ദുബായ്∙ ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത മലയാളം യുവ സംവിധായകന്‍റെ തിരക്കഥയടങ്ങുന്ന ബാഗുകൾ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലഭിച്ചത് വെള്ളം കയറി നശിച്ച്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സംവിധായകൻ പ്രശോഭ് രവിയുടെ ബാഗുകളാണ് വെള്ളം വീണ് നശിച്ചത്. ബാഗുകളിലൊന്നിലുണ്ടായിരുന്ന, താൻ പുതുതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ തിരക്കഥയും മറ്റു ചില വിലകൂടിയ ഇലക്ട്രോണിക്സ് സാധനങ്ങളും മറ്റും ഉപയോഗശൂന്യമായെന്ന് പ്രശോഭ് രവി പറഞ്ഞു.

ഇന്ന് പുലർച്ചെ 8ന് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് എ എക്സ് - 344 വിമാനത്തിലാണ് പ്രശോഭ് രവി യാത്ര ചെയ്തത്. ഹാൻഡ് ബാഗേജടക്കം മൂന്ന് ബാഗുകളാണ് ഉണ്ടായിരുന്നത്. കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാഗുകൾ ലഭിച്ചപ്പോൾ, ഇതില്‍ ഹാൻഡ് ബാഗേജൊഴിച്ച് ബാക്കി രണ്ട് ബാഗുകളും വെള്ളം കയറി സാധനങ്ങൾ നശിച്ചിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നില്ലെങ്കിലും ബാഗുകളിൽ വെള്ളം കയറിയതിനെക്കുറിച്ച് വിമാനത്താവളം അധികൃതരോട് നേരിട്ട് പരാതിപ്പെട്ടപ്പോൾ അവർ കയ്യ്മലർത്തുക മാത്രമേ ചെയ്തുള്ളൂ എന്ന്  പ്രശോഭ് രവി ആരോപിച്ചു. ബാഗുകളില്‍ എന്തെങ്കിലും സാധനങ്ങൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ തങ്ങൾ ഉത്തരവാദികളാകൂ എന്നും വെള്ളം കയറിയതിന് പരിഹാരമുണ്ടാക്കാൻ സാധിക്കുകയില്ലെന്നും അവർ കൂട്ടിച്ചേർത്തു. താൻ ഏറ്റവുമധികം വിലമതിക്കുന്ന തന്‍റെ ആദ്യ സിനിമയുടെ  തിരക്കഥ ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നഷ്ടമായത് അധികൃതർ വളരെ നിസാരമായാണ് കണക്കാക്കിയതെന്നും പ്രശോഭ് ആരോപിച്ചു. 

ചില മലയാളം സിനിമകളില്‍ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള പ്രശോഭ് രവി പരസ്യ സംവിധാന രംഗത്ത് കൂടി പ്രവർത്തിക്കുന്നു. കോഴിക്കോട്ടെ ഏക അംബാസഡർ ടാക്സി ഡ്രൈവറായ ഗോപിയേട്ടൻ എന്ന 60കാരൻ കർണാടക കൂർഗിലേയ്ക്ക് നടത്തുന്ന സാഹസിക യാത്രയാണ് പ്രശോഭ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രമേയം. 2024  ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാൻ ഉദ്ദ്യേശിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയിലെ കൂട്ടിച്ചേർക്കലുകളും മറ്റും കടലാസിലാണ് ചെയ്തിട്ടുള്ളത് എന്നതിനാൽ ഇനി ഇതെല്ലാം വീണ്ടും ഒരുക്കിയെടുക്കാൻ സമയം വേണ്ടി വരും. ബാഗുകൾ നനഞ്ഞ് തിരക്കഥ നഷ്ടമായതിനെക്കുറിച്ച് കോഴിക്കോട് രാജ്യാന്തര വിമാനത്താവളം അധികൃതർക്കും സിവിൽ വ്യോമയാന വകുപ്പിനും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് പ്രശോഭ് രവി. ഇത്തരത്തിൽ ലഗേജുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടാകുന്നത് നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

∙ ലഗേജുകൾ വൈകിയാലും നാശമുണ്ടായാലും നഷ്ടപരിഹാരം ലഭിക്കും

വിമാനയാത്രയിൽ ലഗേജ് നഷ്ടപ്പെടുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്യുകയാണെങ്കിൽ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കാൻ രാജ്യാന്തരതലത്തിൽ നിയമമുണ്ട്. വിമാനമിറങ്ങി ശേഷം യാത്രക്കാരന്‍റെ സ്യൂട്ട്കേസ് കേടായാണ് ലഭിച്ചതെങ്കിൽ  കേടുപാടുകൾ രേഖപ്പെടുത്തുകയും പ്രശ്നത്തെക്കുറിച്ച് എയർലൈനെ അറിയിക്കുകയും വേണം. ഈ ആവശ്യത്തിനായി കേടായ ലഗേജുകളുടെ ഫൊട്ടോകൾ എയർലൈനിന് സമർപ്പിക്കുന്നത് നല്ലതാണ്. റീഇംബേഴ്‌സ്‌മെന്റിനായി നിങ്ങൾ എയർപോർട്ടിലെ  ഔദ്യോഗിക നാശനഷ്ട റിപ്പോർട്ട്(പ്രോപ്പർട്ടി റെഗുലാരിറ്റി റിപ്പോർട്ട്)  പൂരിപ്പിക്കേണ്ടതുണ്ട്. പകരമായി കേടായ ലഗേജ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ എയർലൈനിലേയ്ക്ക് എഴുതി നാശനഷ്ടം റിപ്പോർട്ട് ചെയ്യാം. എന്നിരുന്നാലും, എയർപോർട്ടിൽ നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതാണ് അഭികാമ്യം. കേടായ സ്യൂട്ട്കേസിന്റെ മൂല്യം തെളിയിക്കാൻ വാങ്ങിയതിന്റെ പ്രസക്തമായ തെളിവ് കാണിക്കുന്നതും നല്ലതായിരിക്കും..

ലഗേജ് വൈകുകയാണെങ്കിലോ അതിന് ഏതെങ്കിലും വിധത്തിൽ നാശമുണ്ടാവുകയാണെങ്കിലോ വിമാനത്താവളം അധികൃതർ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.  വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും മറ്റും ഉപയോഗിക്കാൻ പറ്റാത്ത വിധം നശിച്ചാൽ അത് വീണ്ടും ന്യായമായ വിലയ്ക്ക് വാങ്ങാൻ യാത്രക്കാർക്ക് അവകാശമുണ്ട്. ഇവയ്ക്കുള്ള ചെലവുകൾ എയർലൈൻ വഴി തിരിച്ചുനൽകണം. റീപ്ലേസ്‌മെന്റ് വാങ്ങലുകൾക്കുള്ള പരമാവധി തുക ഒരു യാത്രക്കാരന് ഏകദേശം 1,385 യൂറോയാണ്.  ഉദാഹരണത്തിന്, യാത്രക്കാരന്‍റെ സ്യൂട്ട്കേസ് 24 മണിക്കൂർ വൈകുകയും സൗന്ദര്യവർധക വസ്തുക്കൾക്കും വസ്ത്രങ്ങൾക്കും നാശമുണ്ടായാലും അവ മാറ്റുന്നതിനുമുള്ള ചെലവുകൾ ന്യായമാണ്. സ്യൂട്ട്കേസ് ദിവസങ്ങളോളം വൈകിയാൽ കൂടുതൽ വസ്ത്രങ്ങൾ ആവശ്യമാണെന്ന് അനുമാനിക്കുകയും നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യും. വാങ്ങലുകൾ ഉചിതമാണെങ്കിൽ വിമാനക്കമ്പനികൾ ചെലവ് തിരികെ നൽകും. 

വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കാമെന്നതിനാൽ വിമാനക്കമ്പനികൾ സാധാരണയായി വിലയുടെ 50 ശതമാനം നൽകാറുണ്ട്. എന്നാൽ സൗന്ദര്യവർധക വസ്തുക്കൾക്കുള്ള ചെലവുകൾ പൂർണമായും നൽകും. ലഗേജ് വൈകുന്ന സാഹചര്യത്തിൽ തിരിച്ചടവ് ലഭിക്കുന്നതിന്, യാത്രക്കാർ ബാഗേജ് വീണ്ടെടുത്തതിന് ശേഷം 21 ദിവസത്തിനുള്ളിൽ അവരുടെ ചെലവുകൾ എയർലൈനിൽ അറിയിക്കുകയും വാങ്ങിയതിന്റെ എല്ലാ തെളിവുകളും ഉൾപ്പെടുത്തുകയും വേണം.

English Summary:

Waterlogged Baggage Returned to Passenger by Air India Express; The screenplay and electronic devices of the young Malayali director were destroyed

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com