ADVERTISEMENT

ദുബായ്∙ യുഎഇയുടെ 52–ാമത് ദേശീയ ദിനാഘോഷത്തിന് വർണപ്പൊലിമയോടെ മലയാളി യുവാവ് അണിയിച്ചൊരുക്കിയ ഫെരാരി കാണാനും മുന്നിൽ നിന്ന് സെൽഫിയെടുക്കാനും തിരക്കോട് തിരക്ക്. ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനങ്ങളിലൊന്നായ ഫെരാരി എഫ് 8 മൻസൂരി വാഹനം ദേശീയ ചിഹ്നങ്ങളും രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളും കൊണ്ടലങ്കരിച്ചാണ് കോഴിക്കോട് സ്വദേശിയും എഎംആർ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടറുമായ ഷഫീഖ് അബ്ദുൽ റഹ്മാൻ ശ്രദ്ധ നേടിയത്. അതോടൊപ്പം തന്നെ ദുബായിലെ നൂറുകണക്കിന് ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ തൊഴിലാളികൾ താമസിക്കുന്ന അൽ ഖൂസിലെ ദുബായ് ഡവലപ്മെന്റ് ബിൽഡിങ് സമുച്ചയത്തിൽ വർണ ശബളമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.

അലങ്കരിച്ച ഫെരാരി
അലങ്കരിച്ച ഫെരാരി

ഇവിടെ നിർത്തിയിട്ട ഫെരാരി ചുറ്റുവട്ടത്തെ ലേബർ ക്യാംപുകളിലുള്ളവർക്ക് കൗതുകക്കാഴ്ചയായി. ആഡംബര കാർ അടുത്ത് നിന്ന് കാണാനും ഒന്നു തൊടാനുമുള്ള അവസരം അവർ ശരിക്കും ഉപയോഗിച്ചു. റോഡുകളിലൂടെ ശരവേഗത്തിൽ പായുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഫെരാരി ഇത്രയും അടുത്ത് നിന്ന് കാണുന്നതെന്ന് തൊഴിലാളിയായ പാക്കിസ്ഥാൻ സ്വദേശി ഇർഫാൻ പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി യുഎഇ ദേശീയ ദിനാഘോഷം ആഡംബര വാഹങ്ങൾ അലങ്കരിച്ചും സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ പരിപാടികൾ ഒരുക്കിയും ഷെഫീഖ് ആഘോഷിച്ചു പോരുന്നു.

1)ദേശീയദിനാഘോഷത്തിൽ ഷഫീഖ് അബ്ദുൽ റഹിമാൻ പ്രസംഗിക്കുന്നു 2)ഷഫീഖ് അബ്ദുൽ റഹിമാനും സുഹൃത്തുക്കളും ഫെരാരിക്ക് മുൻപിൽ
1)ദേശീയദിനാഘോഷത്തിൽ ഷഫീഖ് അബ്ദുൽ റഹിമാൻ പ്രസംഗിക്കുന്നു 2)ഷഫീഖ് അബ്ദുൽ റഹിമാനും സുഹൃത്തുക്കളും ഫെരാരിക്ക് മുൻപിൽ

വികസനക്കുതിപ്പിന്റെ പര്യായമായ യുഎഇയുടെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്നത് വലിയ സന്തോഷം പകരുന്ന കാര്യമാണെന്ന് ഷഫീഖ് പറഞ്ഞു. സ്വന്തം രാജ്യത്തെ പോലെ തന്നെ പോറ്റമ്മ രാജ്യമായ യുഎഇയെയും ഹൃദയത്തിൽ ചേർത്ത് വയ്ക്കുന്നത് കൊണ്ടാണ് എല്ലാവർഷവും വ്യത്യസ്തമായ പരിപാടികൾ ഒരുക്കുന്നത്. ഏകദേശം ആറ് കോടി രൂപ വരുന്ന അതിവേഗ വാഹനമായ ഫെരാരി തിരഞ്ഞെടുത്തത് യുഎഇയുടെ കുതിപ്പ് മനസ്സിൽ കൊണ്ടാണെന്നും  പറഞ്ഞു. ഗോൾഡ് ഇലക്ട്രോ പ്ലെയിറ്റഡ് ഫ്ലോറൽ ഡ്രോയിംഗുകൾ കൊണ്ടാണ് വാഹനം അലങ്കരിച്ചിട്ടുള്ളത്. രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് മുതൽ രാഷ്ട്ര ശില്പികളായ ഭരണാധികാരികളുടെ ചിത്രങ്ങൾ ഉൾപ്പെടെ വാഹനത്തിന്റെ ഇരുവശങ്ങളിലുമായിആലേഖനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ഷഫീഖ് അബ്ദുറഹ്മാന്റെ വാഹനമാണ് യുഎഇ ദേശീയ ദിനത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നത്. കലാകാരനായ അഷർ ഗാന്ധിയാണ് വാഹനത്തിന്റെ അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്.

അൽഖൂസിൽ നടന്ന ആഘോഷ ചടങ്ങിൽ നൂറുക്കണിന് ആളുകൾ പങ്കെടുത്തു. ദുബായ് ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ മുഹമ്മദ് ഈസ മുഹമ്മദ് അൽ സംത്, സാലിഹ് മുഹമ്മദ് അബ്ദുല്ല, പേരോട് അബ്ദുൽ റഹിമാൻ സഖാഫി എന്നിവർ അതിഥികളായി പങ്കെടുത്തു. വിവിധ സ്ഥാപന മേധാവികളെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. പരമ്പരാഗത അറബ് നൃത്തങ്ങളും സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

English Summary:

Shefiq again decorates Ferrari for National Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com