ADVERTISEMENT

ദുബായ്∙ കാലാവസ്ഥ വ്യതിയാനം മൂലം ലോകത്തുണ്ടാകുന്ന കെടുതികൾ പരിഹരിക്കാൻ 3000 കോടി ഡോളർ കാലാവസ്ഥ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. കാലാവസ്ഥ ദുരന്തങ്ങളെ ചെറുക്കുന്നതിനു തടസ്സമായുള്ള സാമ്പത്തിക പ്രതിസന്ധി ഈ പണം ഉപയോഗിച്ചു മറികടക്കും. 2030 ആകുമ്പോഴേക്കും 25000 കോടി ഡോളർ കാലാവസ്ഥ ഫണ്ടായി സ്വരൂപിക്കുമെന്നും യുഎഇ പ്രഖ്യാപിച്ചു. ക്രിയാത്മക പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കു തടസ്സം, ഫണ്ടിന്റെ അപര്യാപ്തതയാണെന്നും അതിന് അടിയന്തര പരിഹാരമാണ് യുഎഇയുടെ സാമ്പത്തിക സഹായമെന്നും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ് 28ന്റെ ഔപചാരിക ഉദ്ഘാടന കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

2050 ആകുമ്പോഴേക്കും രാജ്യം കാർബൺ പുറന്തള്ളിൽ പൂജ്യം നേട്ടം കൈവരിക്കുമെന്നു ലോക നേതാക്കളെ സാക്ഷി നിർത്തി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് ഘടന പുനർ നിർവചിക്കുന്ന ജോലികളായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ട്. പെട്രോളിയം ഉൽപാദക രാഷ്ട്രത്തിൽ നിന്ന് പുനരുപയോഗം ഊർജത്തിന്റെ ഉറവിടമായി മാറുന്നതിനുള്ള ശേഷി രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം പൂജ്യത്തിലെത്തിക്കാനുള്ള വഴിയിലാണ് രാജ്യം. 2030 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളിൽ 40% കുറവ് എന്ന ലക്ഷ്യം നേടുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഇതുവരെ 10000 കോടി ഡോളർ കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി യുഎഇ നിക്ഷേപിച്ചു. ഇതിൽ മുഖ്യ പങ്കും പുനരുപയോഗ, ഹരിത ഊർജ മേഖലയിലാണ്. അടുത്ത 7 വർഷത്തിനകം അടുത്ത 13000 കോടി ഡോളർ കൂടി ഈ മേഖലയിൽ നിക്ഷേപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

പ്രകൃതിയെയും മണ്ണിനെയും പ്രകൃതി സമ്പത്തിനെയും സ്നേഹിക്കണമെന്നു വിശ്വസിച്ച ഒരു ദീർഘദർശിയുടെ പിന്തുടർച്ചക്കാരാണ് ഞങ്ങൾ. ഒരു രാജ്യത്തിന്റെ സമ്പത്ത് അതിലെ ജനങ്ങളാണെന്നു വിശ്വസിച്ച നേതാവിന്റെ പിന്മുറക്കാർ. ഏറ്റവും ശോഭനമായ ഒരു ഭാവിക്കു വേണ്ടി നിലമൊരുക്കിയ മാർഗദർശിയാണ് ഞങ്ങൾക്കുള്ളത്. ഈ രാജ്യത്തിന്റെ ഭൂതികാലവും വർത്തമാനകാലവും ഭാവിയും നിർവചിച്ച യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ദർശനങ്ങളെയാണ് ഈ രാജ്യം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

∙ ദരിദ്ര രാഷ്ട്രങ്ങൾക്കു 20 കോടി
കാലാവസ്ഥ ദുരന്തം നേരിടുന്ന രാജ്യങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായമായി 20 കോടി ഡോളർ ധനസഹായം പ്രഖ്യാപിച്ച് യുഎഇ. കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ചേർന്ന് ക്ലൈമറ്റ് ആക്‌ഷൻ സമ്മേളനത്തിലാണ് യുഎഇയുടെ പ്രഖ്യാപനം. ഈ വർഷം ആദ്യം ദരിദ്ര രാഷ്ട്രങ്ങൾക്കു പ്രഖ്യാപിച്ച 20 കോടി ഡോളറിന്റെ ധനസഹായത്തിനു പുറമെയാണിത്. പ്രത്യേക സാമ്പത്തിക സഹായമായും രാജ്യാന്തര നാണ്യനിധിയുടെ ദീർഘകാലത്തേക്കുള്ള വായ്പയായും ഫണ്ട് വിതരണം ചെയ്യും. കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും വലിയ കെടുതികൾ നേരിടുന്ന രാജ്യങ്ങളെ സഹായിക്കുന്നതിൽ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നു ധനസഹായം പ്രഖ്യാപിച്ചു കൊണ്ട് കോപ്28 അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. ഡോളർ, യൂറോ, റെമിൻബി, യെൻ, പൗണ്ട് കറൻസികളിൽ സൂക്ഷിക്കുന്ന ഫണ്ട് ഐഎംഎഫ് അംഗ രാജ്യങ്ങൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാം.

English Summary:

COP28: UAE announces 2.5 Lakh Crore Climate Fund, PM Modi proposes to host COP33 in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com