ADVERTISEMENT

മനാമ∙ ഗൃഹോപകരണങ്ങൾ മുതൽ പച്ചക്കറികൾ വരെയും റെഡിമെയ്‌ഡ്‌ വസ്ത്രങ്ങൾ മുതൽ 'ഹോംലി ' ഭക്ഷണം  വരെയും അനധികൃതമായി സമൂഹമാധ്യമങ്ങളിലൂടെ വിൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നു . ഇത് ലൈസൻസ് എടുത്ത് സ്‌ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്ന ബിസിനസുകൾക്ക് ഭീഷണിയാകുന്നു. 

Image Supplied
Image Supplied

കോവിഡിന് ശേഷം ആരംഭിച്ച 'ഓൺലൈൻ ട്രെൻഡ്' പലരും 'ബിസിനസ്' ആക്കി മാറ്റിയതോടെയാണ്  യഥാർഥ സംരംഭകർക്ക് തിരിച്ചടിയായത്. റെഡിമെയ്‌ഡ്‌ വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ മുതൽ കേക്ക്, ബേക്കറി ഭക്ഷണസാധനങ്ങൾവരെയും  സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി പലരും വീട്ടിൽ നിന്നാണ്  വിൽപന നടത്തുന്നത്. യഥാർഥത്തിൽ ഓൺലൈൻ വിൽപന നടത്തുന്നതിന് അധികൃതരിൽ നിന്ന് അംഗീകാരം നേടിയ പല സ്‌ഥാപനങ്ങളും ഉണ്ടെങ്കിലും ഒരു അംഗീകാരവും ഇല്ലാതെ വില്പന നടത്തിവരുന്ന ഹോംലി ബിസിനസാണ് പല സംരംഭകർക്കും 'പാര'യായി മാറുന്നത്.   

നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവരുന്ന റെഡി മെയ്‌ഡ്‌ വസ്ത്രങ്ങളും മറ്റു തുണിത്തരങ്ങളും ഓൺലൈൻ വഴിയും മറ്റു സൗഹൃദങ്ങൾ വഴിയും വിൽപന നടത്തുന്നവർ യഥേഷ്ടമാണ്. സൗന്ദര്യ വർധകവസ്തുക്കൾ, വസ്ത്രങ്ങൾക്ക് ഇണങ്ങുന്ന തരത്തിലുള്ള  ആഭരണങ്ങൾ തുടങ്ങിയവയുടെയും ഓൺലൈൻ വ്യാപാരം നടന്നുവരുന്നുണ്ട്. പല പ്രമുഖ ബ്രാൻഡഡ് അംഗീകൃത ഓൺലൈൻ വ്യാപാരം തകൃതിയായി നടക്കുന്നതിനിടയിലാണ്  വീട്ടമ്മമാരോ മറ്റു ജോലിയോ ഉള്ളവർ നടത്തിവരുന്ന ഇത്തരത്തിലുള്ള അനധികൃത  വ്യാപാരങ്ങൾ  ബിസിനസ് സംരംഭകർക്ക് വിനയായി  മാറുന്നത് .

∙ ഹോംലി ഭക്ഷണങ്ങളും കേക്കുകൾക്കും ആവശ്യക്കാർ ഏറെ 
സമൂഹമാധ്യമങ്ങളിലൂടെയും സൗഹൃദങ്ങൾ വഴിയും ഫ്‌ളാറ്റ്‌ കൂട്ടായ്മകൾ വഴിയുമുള്ള പരസ്യങ്ങളിലൂടെ വിൽപ്പന നടത്തുന്ന കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്  പിറന്നാൾ പാർട്ടികൾക്കും മറ്റു സൽക്കാരങ്ങൾക്കുമുള്ള വിഭവങ്ങൾ. ആശ്രയ വീസയിലുള്ള വീട്ടമ്മമാരാണ് ഇത്തരത്തിൽ വീടുകളിൽ പാചകം ചെയ്ത് പണം സമ്പാദിക്കുന്നത്.

ഉയർന്ന ജീവിത സാഹചര്യവും മറ്റു പല ജോലിയും ഉള്ളവർ പോലും ഇത്തരത്തിൽ ഹോം ബിസിനസ് നടത്തുന്നുണ്ടെന്നാണ് ഗുദൈബിയയിലെ ഒരു റസ്റ്ററന്റ് ഉടമ ആരോപിക്കുന്നത്. വീടുകളിൽ പാകം ചെയ്ത ഭക്ഷണം  പല സ്‌ഥലങ്ങളിലും എത്തിച്ച് 'മെസ്സ്' ബിസിനസ്  നടത്തുന്നത് റസ്റ്ററന്റ് മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് മുഖേനയും വാട്‍സ് ആപ് മുഖനേയും ഗ്രൂപ്പുകൾ  ഉണ്ടാക്കി പരസ്യം ചെയ്ത് റസ്റ്ററന്റിൽ നൽകുന്ന വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിതരണം നടത്തിയാണ് ചില വീട്ടമ്മമാർ ബിസിനസ് നടത്തുന്നത്. 

തങ്ങൾ ശമ്പളം കൊടുത്തും കട വാടക നൽകിയും വാറ്റ് അടക്കം നൽകിയും ബിസിനസ് നടത്തുമ്പോൾ  ഇതൊന്നും നൽകാതെ  വീട്ടിലിരുന്ന് നടത്തുന്ന ബിസിനസുകളെ അംഗീകരിക്കാൻ കഴിയില്ലെന്നും  ഇതിനെതിരെ മറ്റു കച്ചവടക്കാരുമായി ചേർന്ന് അധികൃതർക്ക് പരാതി നൽകുമെന്നും മനാമയിലെ ഒരു ബേക്കറി വ്യാപാരി പറഞ്ഞു. ടാക്‌സും വാടകയും ജീവനക്കാർക്ക് ശമ്പളവും നൽകേണ്ട എന്നത് കൊണ്ട് തന്നെ വീടുകളിൽ നിന്ന് ഉണ്ടാക്കുമ്പോൾ  അവർക്ക് ഉൽപ്പന്നങ്ങൾ വില കുറച്ചു നൽകാൻ കഴിയും. അത് കൊണ്ട്  പലരും ഇത്തരത്തിലുള്ള 'ഹോംലി' ബിസിനസുകളുടെ ഉപഭോക്താക്കൾ ആകുന്നന്നത് ഗണ്യമായി വര്‍ധിക്കുന്നു.

∙ വില തുച്ഛം;ഗുണം മെച്ചം 
അടുത്ത കാലത്തായി ഭക്ഷണ സാധനങ്ങളിൽ മായം ചേർക്കുന്നുവെന്ന വാർത്തകൾ മാധ്യമങ്ങളി നിരന്തരം വന്നു തുടങ്ങിയതോടെയാണ് വീടുകളിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾക്ക് ആവശ്യക്കാർ ഏറിയത്.  വിശ്വസിച്ച് കഴിക്കാം, കൂടുതൽ ആളുകൾക്ക് വിതരണം ചെയ്യാൻ സാധിക്കുന്നു എന്നതൊക്കെയാണ് ഇത്തരത്തിലുള്ള ഹോം മെസ്സുകൾക്ക് പ്രിയം  വർധിക്കാൻ കാരണം. കുഞ്ഞു സൗഹൃദക്കൂട്ടായ്മകൾക്ക് മുതൽ സംഘടനകളുടെ യോഗങ്ങൾക്ക് വരെ ഇത്തരത്തിൽ വീടുകളിൽ പാകം ചെയ്ത ഭക്ഷണങ്ങൾ എത്തിച്ചു കൊടുക്കാൻ സന്നദ്ധരായി നിരവധി ആളുകൾ ഉണ്ട്. വീട്ടമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ മായമോ ഉപയോഗിച്ച എണ്ണകളോ ഉണ്ടാകില്ലെന്ന വിശ്വാസവും കൂടുതൽ  ശുചിത്വം ഉണ്ടാകും എന്നുള്ളതും ഹോട്ടൽ ഭക്ഷണത്തേക്കാൾ വില കുറയും എന്നുള്ളതുമെല്ലാം ഹോംലി  വിഭവങ്ങളെ  ജനപ്രിയമാക്കുന്നു.

English Summary:

'Homely Online' business active in Gulf through social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com