ADVERTISEMENT

ദുബായ് ∙ ഭൂമിയെ രക്ഷിക്കാൻ പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം ഉപേക്ഷിക്കാൻ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾക്കിടയിൽ ധാരണ. ഉപയോഗം കുറയ്ക്കുകയല്ല, പൂർണമായും ഉപേക്ഷിക്കുകയാണു വേണ്ടതെന്ന് നേതാക്കൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.

ഉച്ചകോടികളിലെ തീരുമാനങ്ങൾ അട്ടിമറിക്കപ്പെടുന്നതാണു മുൻ അനുഭവമെന്നും ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന യുഎസിന്റെയും ചൈനയുടെയും പ്രസിഡന്റുമാരുടെ അസാന്നിധ്യം തന്നെ അതിന് ഉദാഹരണമാണെന്നും വികസ്വര രാജ്യങ്ങളുടെ ഭരണത്തലവന്മാർ വിമർശിച്ചു. അതേസമയം, കാലാവസ്ഥക്കെടുതികൾ അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കാൻ 300 കോടി ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) ഹരിത കാലാവസ്ഥാ ഫണ്ട് യുഎസ് പ്രഖ്യാപിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ അസാന്നിധ്യത്തിൽ അമേരിക്കൻ സംഘത്തെ നയിക്കുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസാണ് ഉച്ചകോടിയിൽ സഹായം പ്രഖ്യാപിച്ചത്. 

ഉച്ചകോടിയുടെ ഭാഗമായ സമ്മേളനത്തിൽ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കെടുത്തപ്പോൾ.
ഉച്ചകോടിയുടെ ഭാഗമായ സമ്മേളനത്തിൽ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കെടുത്തപ്പോൾ.

ഇതോടെ അമേരിക്കയുടെ കാലാവസ്ഥാ ഫണ്ട് 2000 കോടി ഡോളറായി. ലോകത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ഫണ്ടാണിത്. എന്നാൽ, 2030 ആകുമ്പോഴേക്കും കാലാവസ്ഥക്കെടുതികൾ നേരിടാൻ വികസ്വര രാജ്യങ്ങൾക്ക് 25,000 കോടി ഡോളർ പ്രതിവർഷം ആവശ്യമായി വരുമെന്നാണ് മുന്നറിയിപ്പ്.  വികസിത രാജ്യങ്ങൾ പ്രഖ്യാപിച്ച തുക, ആശ്യമായതിന്റെ ഒരു ഭാഗം പോലും ആകുന്നില്ലെന്നാണ് ആക്ഷേപം. കാലാവസ്ഥ വ്യതിയാനത്തിന്റെ ഉത്തരവാദികൾ എന്ന നിലയിൽ നഷ്ടപരിഹാരമായാണ് വികസിത രാജ്യങ്ങൾ കാലാവസ്ഥാ ഫണ്ട് പ്രഖ്യാപിക്കുന്നത്.

ലോകത്തിന്റെ ഭാവി നിർണയിക്കുന്ന ഉച്ചകോടി: ഫ്രാൻസിസ് മാർപാപ്പ
കാലാവസ്ഥാ ഉച്ചകോടിയിൽ ലോക നേതാക്കൾ എടുക്കുന്ന തീരുമാനമാണ് നമ്മുടെ നാളെയെ തീരുമാനിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ.പ്രകൃതിയെ നശിപ്പിക്കുന്നത് ദൈവനിന്ദയാണ്. സമൂലമാറ്റത്തിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഓരോരുത്തരും പ്രകടമാക്കണം. പെട്രോളിയത്തിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കണം. കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതക്കയത്തിൽ നട്ടം തിരിയുന്ന ദരിദ്ര രാജ്യങ്ങൾക്കു നൽകിയ കടങ്ങൾ എഴുതിത്തള്ളാൻ വികസിത രാജ്യങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. ശ്വാസകോശ രോഗത്തെ തുടർന്നു വിശ്രമിക്കുന്ന മാർപാപ്പയുടെ സന്ദേശം വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പെട്രോ പറോലിനാണ് വായിച്ചത്.

English Summary:

World Leaders in Unison at Climate Summit No more, Petroleum Fuel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com