3000 ത്തിലേറെ തൊഴിലാളികള്‍ പങ്കെടുത്തു; ദുബായിൽ മെഗാ യുഎഇ ദേശീയ ദിനാഘോഷം

Mail This Article
ദുബായ് ∙ യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിൽ 3,000-ത്തിലേറെ തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള ഒരു മെഗാ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ദുബായ് സർക്കാറിന്റെ തൊഴിൽ കാര്യ സ്ഥിരം സമിതിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്. അൽ ഹബാബിലെ ദുബായ് ഹെറിറ്റേജ് ആൻഡ് കൾച്ചർ വില്ലേജിലായിരുന്നു പരിപാടി. എമിറാത്തി സാംസ്കാരിക പൈതൃകങ്ങൾ പരിചയപ്പെടുത്തിയും വൈവിധ്യമായ മത്സരങ്ങൾ നടത്തിയും വിഭവസമൃദ്ധമായ ഭക്ഷണങ്ങളും കൈനിറയെ സമ്മാനങ്ങളും നൽകിയും തൊഴിലാളികൾക്ക് സന്തോഷത്തിന്റെ ദിനമാണ് ദുബായ് സമ്മാനിച്ചത്.
ദുബായിലെ തൊഴിൽകാര്യ പെർമനന്റ് കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി, പിസിഎൽഎ അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിളായിരുന്നു പരിപാടി. എമിറാത്തി പൈതൃകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും രസകരമായ ശൈലിയിൽ തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആഘോഷ ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. യുഎഇ സ്വദേശികളുടെ ഭൂതകാലത്തെ വീടുകളും മറ്റു സാമൂഹിക - കലാ -സാംസ്കാരിക അടയാളപ്പെടുത്തലുകളും പ്രദർശിപ്പിച്ചു. ബ്ലൂ കോളർ തൊഴിലാളികൾക്ക് ഒട്ടകത്തെ ഓടിക്കാനുള്ള അവസരവും നൽകി. ഇതുവഴി എമിറാത്തി ചരിത്രത്തിലും യുഎഇയിലെ ജനങ്ങള്‍ക്കും ഒട്ടകങ്ങള്‍ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കാനുള്ള ശ്രമമാണ് നടത്തിയത്.
തൊഴിലാളികൾക്കിടയിൽ സന്തോഷം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ദുബായ് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്‌സിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ആഘോഷമെന്ന് അധികൃതർ പറഞ്ഞു. തൊഴിലാളികൾ രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ഗണ്യമായ സംഭാവന നൽകിയവരാണ്. അവരെ ആദരവോടെ പരിഗണിക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി പറഞ്ഞു. തൊഴിലാളികളുടെ സന്തോഷം പകരുക എന്നത് പിസിഎൽഎയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. ദുബായിലെ ലേബർമാരുടെ ക്ഷേമം ഉറപ്പാക്കാൻ വകുപ്പ് വിവിധ പരിപാടികൾ നടത്തി വരുന്നുണ്ട്. ഇത് വഴി അവർക്ക് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മെച്ചപ്പെട്ട ജീവിത നിലവാരം പ്രദാനം ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.