ചുവപ്പും വെളുപ്പും നിരന്നു; ദേശീയദിനത്തിന് വസ്ത്രാലങ്കാരങ്ങൾ ഒരുക്കി സൂഖുകൾ
Mail This Article
മനാമ∙ ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് രാജ്യത്തെ വിവിധ മേഖലകൾ സജ്ജമായി . ബഹ്‌റൈനിലെ വസ്ത്ര വ്യാപാര രംഗത്തെ ഏറ്റവും പ്രധാന കേന്ദ്രങ്ങളായി അറിയപ്പെടുന്ന സൂഖുകൾ ചുവപ്പും വെളുപ്പും നിറങ്ങളാൽ സമൃദ്ധമായി. ഏതു പ്രായക്കാർക്കും ദേശീയ ദിനാഘോഷങ്ങളിൽ അണിയാനുള്ള വസ്ത്രങ്ങളാണ് ഇവിടെയുള്ള കടകളിൽ പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. സ്വദേശികൾക്കൊപ്പം ബഹ്‌റൈനിലെ പ്രവാസികളും ദേശീയ ദിനാഘോഷങ്ങളിൽ സജീവമായി പങ്കാളികളാകാനുള്ള ഒരുക്കത്തിലാണ്. മുഹറഖ് സൂഖിലെയും മനാമ സൂഖിലെയും വസ്ത്രവ്യാപാര സ്‌ഥാപനങ്ങളിലാണ് കൂടുതലും ദേശീയ ദിന ആഘോഷ വസ്ത്രങ്ങൾ വിൽപ്പനക്കായി പ്രദർശിപ്പിച്ചിട്ടുള്ളത്. സ്വദേശികളാണ് ഇത്തരം വസ്ത്രങ്ങളുടെ പ്രധാന ഉപയോക്താക്കൾ എങ്കിലും ഇപ്പോൾ മലയാളികൾ അടക്കമുള്ള പ്രവാസികളും കുട്ടികൾക്ക് വേണ്ടി ഇത്തരം വസ്ത്രങ്ങൾ വാങ്ങാറുണ്ടെന്ന് മുഹറഖിലെ മലയാളിയായ വസ്ത്ര വ്യാപാരി പറഞ്ഞു.
∙ സീസണൽ കച്ചവടം മാത്രം
ദേശീയ ദിനാഘോഷങ്ങളുടെ ബന്ധപ്പെട്ടുള്ള വസ്ത്രങ്ങൾ വിൽപ്പന നടക്കുക കൂടിപ്പോയാൽ രണ്ടാഴ്ച്ച മാത്രമാണ് . എന്നാലും പ്രവാസികൾ താമസിക്കുന്ന രാജ്യത്തോടുള്ള പ്രതിബദ്ധതയും ദേശീയ ദിനം അടുത്തുവരുമ്പോൾ ഉണ്ടാകുന്ന ആവേശവുമാണ് ഈ സീസണൽ ഇത്തരം വസ്ത്ര വില്പനയുമായി മുന്നോട്ട് പോകുന്നതെന്ന് മനാമ സൂഖിലെ വ്യാപാരികൾ പറഞ്ഞു. വലിയ ലാഭമൊന്നും ഇല്ലെങ്കിലും ബഹ്റൈൻ ദേശീയ ദിനം അടുത്തുവരുമ്പോൾ ഈ വസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നത് വിൽപ്പന മാത്രം ഉദ്ദേശിച്ചല്ല, ഇത് ഒരു അലങ്കാരം കൂടിയാണെന്നും വ്യാപാരികൾ പറഞ്ഞു. ബഹ്‌റൈൻ പതാകകൾ, പതാകയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വിവിധ ബാഡ്‌ജുകൾ, ആകർഷകമായ തൊപ്പികൾ. താക്കോൽ ചെയിനുകൾ,കുടകൾ മുതൽ സ്റ്റിക്കറുകൾ കുട്ടികൾക്കുള്ള കണ്ണടകൾ വരെയും വിൽപ്പനയ്ക്ക് തയ്യാറായിക്കഴിഞ്ഞ
ഇനിയുള്ള ദിവസങ്ങൾ രാജ്യം വൈദ്യുത ദീപാലങ്കാരങ്ങൾ കൊണ്ട് നിറയും. ബഹ്‌റൈനിലെ പ്രധാന വേദികൾ എല്ലാം തന്നെ അലങ്കാര ദീപങ്ങൾ ഒരുക്കുന്ന ജോലിയിലാണ് ഈ മേഖലയിൽ ഉള്ളവർ . വിവിധ സ്‌ഥാപനങ്ങളുടേയും ആഭിമുഖ്യത്തിൽ വ്യാപാര സമുച്ചയങ്ങളും പരിസരങ്ങളും അലങ്കരിക്കുന്ന ജോലിയും ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കലാവിഷ്കാരങ്ങളും സാംസ്കാരിക സദസ്സുകളും അടക്കമുള്ളവ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ പ്രവാസികളും .