കാലാവസ്ഥ ഉച്ചകോടി; 1200 പ്രതിദിന സർവീസുമായി ദുബായ് മെട്രോ
Mail This Article
ദുബായ് ∙ യുഎൻ കാലാവസ്ഥ ഉച്ചകോടി (കോപ്പ് 28) സന്ദർശകർക്കായി ദുബായ് മെട്രോ നടത്തുന്നത് 1200 പ്രതിദിന സർവീസുകൾ. ദുബായ് എക്സ്പോ സെന്ററിലെ ഉച്ചകോടി നഗരിയിലേക്കും തിരിച്ചും സന്ദർശകരെ അതിവേഗം എത്തിക്കുന്നതിനാണ് സേവനമെന്ന് ആർടിഎ പൊതുഗതാഗത വകുപ്പ് തലവൻ അഹ്മദ് ബഹ്റൂസിയാൻ അറിയിച്ചു. നവംബർ 30 മുതൽ 12 വരെയുള്ള ഉച്ചകോടി ദിനങ്ങളിൽ മാത്രം 15,600 സർവീസുകൾ മെട്രോ പൂർത്തിയാക്കും.
കോപ് 28നായുള്ള പ്രത്യേക ട്രെയിൻ സർവീസ് പുലർച്ചെ 5ന് ആരംഭിച്ച് രാത്രി ഒന്നിനാണ് അവസാനിക്കുക. എക്സ്പോ 2020 സ്റ്റേഷനിൽനിന്ന് സെന്റർപോയന്റ് സ്റ്റേഷനിലേക്കുള്ള അവസാന ട്രെയിൻ രാത്രി 12നായിരിക്കും. ഒരു ട്രെയിനിൽ 643 യാത്രക്കാർക്കു യാത്ര ചെയ്യാം.
പാർക്കിങ്
സന്ദർശകരുടെ തിരക്കു പരിഗണിച്ച് ചില മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ വാഹന പാർക്കിങ് അനുവദിച്ചു. സെന്റർ പോയിന്റിൽ 2698 പാർക്കിങ്ങുകളുണ്ട്. ഇത്തിസാലാത്ത് സ്റ്റേഷനിൽ 2341, ജബൽഅലി സ്റ്റേഷനിൽ 3038 പാർക്കിങ്ങുകളും.
പ്രത്യേക കാർഡുകൾ
ഉച്ചകോടി പ്രതിനിധികൾക്ക് സൗജന്യ യാത്ര സാധ്യമാകുന്ന പ്രത്യേക 'നോൾ കാർഡ്' പുറത്തിറക്കി. ഉച്ചകോടി കഴിയും വരെ പൊതുഗതാഗതം പ്രയോജനപ്പെടുത്താൻ പ്രേരിപ്പിക്കുന്നതിനാണിത്.
മൊബൈൽ ആപ്പ്
ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ 'സുഹൈൽ' മൊബൈൽ ആപ്പ് ഉപയോഗിച്ച് എളുപ്പത്തിലും വേഗത്തിലും സമ്മേളന നഗരിയിലെത്താം. മെട്രോയ്ക്ക് പുറമേ ഇലക്ട്രിക് ബസുകളിലും സന്ദർശകർക്ക് യാത്രാ ചെയ്യാനാകും. പ്രകൃതി സൗഹൃദ ടാക്സി വാഹനങ്ങളും ലഭ്യമാണ്.
ഹരിത മേഖല
എക്സ്പോ സിറ്റിയിൽ ഒരുക്കിയ 'ഹരിതമേഖല'യിൽ ആർടിഎയുടെ ഭാവി പദ്ധതികൾ അടുത്തറിയാം. ഡ്രൈവറില്ലാ വാഹനങ്ങൾ, എയർ ടാക്സികൾക്കുള്ള ഫ്യൂച്ചർ സ്റ്റേഷനുകൾ, നവീന വാഹനങ്ങൾ തുടങ്ങിയവ പരിചയപ്പെടാം.