ബിസിനസ് കോൺക്ലേവ് ഒൻപതിന് ദുബായിൽ
Mail This Article
അബുദാബി ∙ തന്ത്രങ്ങൾ നവീകരിച്ച് ബിസിനസ് വികസിപ്പിക്കാൻ സംരംഭകരെ സഹായിക്കുന്ന ബിസിനസ് കോൺക്ലേവ് (റീബൂട്ട് യുവർ ബിസിനസ്) 9ന് ദുബായ് ഹിൽട്ടൻ ഹോട്ടൽ ഡബ്ൾട്രീയിൽ നടക്കും.
കോർപറേറ്റ് പരിശീലന രംഗത്തെ മുൻനിര സ്ഥാപനമായ എഡോക്‌സി ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് സംരഭകത്വ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും പരിശീലകനായ ഷമീം റഫീഖ് കോൺക്ലേവ് നയിക്കും.
യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭകർക്കു മാത്രമായി സംഘടിപ്പിക്കുന്ന പരിപാടി ശനി രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കുമെന്ന് എഡോക്‌സി ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ഷറഫുദ്ദീൻ മംഗലാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തിഗത, ഗ്രൂപ്പ്, കോർപറേറ്റ് വിഭാഗങ്ങളിലായി മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം.
നേതൃപാടവും, ടീം ബിൽഡിങ്, പ്രതിസന്ധികളെ നേരിടൽ, ബിസിനസിൽ സമയോചിത മാറ്റം, ആത്മവിശ്വാസം വീണ്ടെടുക്കൽ തുടങ്ങി സംരംഭകന് അറിഞ്ഞിരിക്കേണ്ട ബിസിനസുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും കോൺക്ലേവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺക്ലേവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെബ്‌സൈറ്റിൽ https://www.edoxi.com റജിസ്റ്റർ ചെയ്യണം.
പുതുതായി ബിസിനസ് രംഗത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്കു മാത്രമായി പിന്നീട് മറ്റൊരു കോൺക്ലേവ് നടത്താനും പദ്ധതിയുണ്ടെന്ന് എഡോക്‌സി സീനിയർ ബിസിനസ് മാനേജർ മുഹമ്മദ് ഫാസിൽ, ബിസിനസ് അഡ്മിനിസ്‌ട്രേറ്റർ അഷിത പിള്ള എന്നിവർ പറഞ്ഞു.