ഷാർജയിലെ ആയിരക്കണക്കിന് വിദ്യാർഥികളെ യൂണിഫോമണിയിച്ച മുസ്തഫ മുട്ടുങ്ങൽ നാട്ടിലേക്ക് മടങ്ങുന്നു
Mail This Article
ഷാർജ∙ ഒട്ടേറെ വിദ്യാർഥികളെ യൂണിഫോമണിയിച്ച വടകര മുട്ടുങ്ങൽ ചോറോഡ് ഗെയിറ്റ് സ്വദേശി മുസ്തഫ മുട്ടുങ്ങൽ നാല് പതിറ്റാണ്ടിന്‍റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ഏറെ കാലം ഷാർജയിൽ സ്കൂൾ യൂണിഫോം വിൽപന കേന്ദ്രം നടത്തുകയും അതോടൊപ്പം സാമൂഹിക സാംസ്കാരിക രംഗത്തും സജീവമായിരുന്ന ഇദ്ദേഹം പ്രവാസ കാലത്തെ നല്ലോർമകളുമായാണ് മടങ്ങുന്നത്.
1983 ഡിഗ്രി ഫൈനൽ വിദ്യാർഥിയായിരിക്കെ ബന്ധു അയച്ചു തന്ന വീസയിലാണ് ഷാർജയിലെത്തിയത്. പുതുതായാരംഭിച്ച അദ്ദേഹത്തിന്‍റെ റെഡിമെയ്ഡ് ഷോപ്പിൽ പിറ്റെ ദിവസം തന്നെ ജോലിയിൽ പ്രവേശിച്ചു. 10 വർഷങ്ങൾക്ക് ശേഷം അൽ ഗുവൈർ മാർക്കറ്റിൽ പങ്കാളിത്ത്വത്തോടെ തുടങ്ങിയ കടയുടെ മേൽനോട്ടത്തിലേക്ക്. സകൂൾ യൂണിഫോമുകൾ പ്രാധാനമായും വിൽപന നടത്തിയിരുന്ന ആ കട 2015 വരെ നല്ല നിലയിൽ പ്രവർത്തിച്ചു. സ്കൂളുകൾ തന്നെ യൂണിഫോം വിതരണം തുടങ്ങിയതോടെ വിൽപന കുറയുകയും 2021 ആയപ്പോൾ സ്ഥാപനം നഷ്ടത്തിലാവുകയും ചെയ്തു. അൽഫദ് വ യൂനിഫോംസ് എന്ന ആ സ്ഥാപനത്തിന് അങ്ങനെ പൂട്ടുവീണു.
കോവിഡ്19 സ്ഥാപനത്തിന്‍റെ പതനത്തിന് ആഴം കൂട്ടിയെന്നും പറയാം. റോളയിലെ ചെറുകിട സ്ഥാപനങ്ങൾ നേരിടേണ്ടി വരുന്ന സ്വാഭാവിക പതനം. പിന്നെയും ചില പരിശ്രമങ്ങൾക്ക് തുനിഞ്ഞെങ്കിലും വൻകിടക്കാരുടെ കുത്തൊഴുക്കിൽ ചെറുകിട മേഖല വിജയിക്കാൻ സാധ്യത കുറവായതിനാൽ സാഹസത്തിനു മുതിരാതെ നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിക്കുക്കയായിരുന്നു.
യുഎഇയിൽ എത്തിയ വർഷം തന്നെ ചന്ദ്രിക റീഡേഴ്സ് ഫോറം എന്ന സംഘടനയിൽ അംഗമായി ചേർന്നു. പിന്നീട് കെഎംസിസിയായി മാറിയ ഈ സംഘടനയിൽ 1990 വരെ സംസ്ഥാന കമ്മിറ്റിയംഗമായി. കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിന്‍റെ സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്‍റ് എന്ന നിലയിൽ 15 വർഷം . സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായാണ് പിരിഞ്ഞത്. സി എച് സെൻറർ, തണൽ തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ സാരഥിയായിട്ടുണ്ട്. ഇപ്പോൾ തണലിന്‍റെ എക്‌സിക്യൂട്ടീവ് അംഗവും യുഎഇ വിങ്ങിന്‍റെ ജനറൽ സെക്രട്ടറിയുമാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ലൈഫ് മെമ്പർ. പല തവണ അസോസിയേഷന്‍റെ ലിറ്റററി , പബ്ലിക്കേഷൻ കമ്മിറ്റികളിൽ കൺവീനറായി പ്രവർത്തിക്കുകയും അതുവഴി ഷാർജയിലെ സാഹിത്യ സാംസ്കാറിക മേഖലയിലുള്ളവരുമായി അടുത്തിടപഴകാൻ സാധിക്കുകയും ചെയ്തു. കേരള മാപ്പിള കലാ അക്കാദമി സെക്രട്ടറിയായിരുന്നു. മാധ്യമപ്രവർത്തകന്‍റെ റോളും വഹിച്ചു.
യുഎഇ യുടെ കണ്ണഞ്ചിക്കുന്ന വികസനക്കുതിപ്പിന് സാക്ഷിയാവാൻ സാധിച്ചു. അത് ലോകത്തിന് നൽകിയ നൻമയുടെയും അച്ചടക്കത്തിന്‍റെയും സമാധാനത്തിന്‍റെയും ഈ തുരുത്തിൽ ഒരു നാലു പതിറ്റാണ്ട് ജീവിക്കാൻ കഴിഞ്ഞതിലുള്ള മാനസികോല്ലാസമാണ് പ്രവാസത്തിന്‍റെ ബാക്കിപത്രമായുള്ളത്. ഒപ്പം കുറെ നല്ല സുഹൃദ് ബന്ധങ്ങളം . നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലിടപെടാൻ കഴിഞ്ഞതും ഈ സൗഹൃദ് ബന്ധങ്ങളുടെ കരുത്തിലാണ്. മകൻ മുനീബ് ദുബായിൽ എൻജിനീയർ. ഭാര്യ ഫാർമസിസ്റ്റായി 'ഷാർജയിൽ ജോലി ചെയ്യുന്നു.