ADVERTISEMENT

ജിദ്ദ∙ ഇനി ഫുട്ബാൾ ലോകം ആവേശത്തോടെ സൗദിയിലേക്ക് ഉറ്റുനോക്കും. സൗദി വേദിയാകുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023ന് ജിദ്ദയിൽ നാളെ തുടക്കം കുറിക്കും. ഇതിനായി സൗദി കായിക മന്ത്രാലയവും ഫിഫയും വിപുലമായ ഒരുക്കമാണ് പൂർത്തിയാക്കിയത്. ഈ മാസം 22 വരെ നീണ്ടു നിൽക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങളില്‌ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് ഏഴ് ടീമുകളാണ് പങ്കെടുക്കുക.

∙  ഏഴ് ടീമുകൾ
ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ജിദ്ദയിലാണ് നടന്നത്. സൗദി റോഷൻ ലീഗ് ചാംപ്യന്മാരായ അൽ ഇത്തിഹാദ്, യുകെയിലെ മാഞ്ചസ്റ്റർ സിറ്റി, ജപ്പാനിലെ ഉറവ, ഈജിപ്തിലെ അൽ അഹ്‌ലി, മെക്സികോയിലെ ലിയോൺ, ബ്രസീലിലെ ഫ്ലുമിനെൻസ്, ന്യൂസീലൻഡിലെ ഓക്ക്‌ലൻഡ് സിറ്റി എന്നീ ടീമുകളാണ് മത്സരിക്കാൻ യോഗ്യത നേടിയത്. ആദ്യ മത്സരം അൽ ഇത്തിഹാദും ഓക്ക്‌ലൻഡ് സിറ്റിയും തമ്മിലാണ്. 22 നാണ് ഫൈനൽ. സൗദി ചരിത്രത്തിലാദ്യമായാണ് ക്ലബ് ലോകകപ്പിന് വേദിയാകുന്നത്. നിലവിലെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ക്ലബ് ലോകകപ്പ് മത്സരമാണിത്.

ലോക ഫുട്ബാൾ താരങ്ങളെയും ആരാധകരെയും സ്വീകരിക്കാനും ജിദ്ദ നഗരം ഒരുങ്ങിക്കഴിഞ്ഞു. ഫിഫ ക്ലബ് ലോകകപ്പിനെ സ്വാഗതം ചെയ്ത് ‘ആരാധകർക്ക് സ്വാഗതം’ എന്നെഴുതിയ ബോർഡുകൾ തെരുവുകളിലും വിമാനത്താവളത്തിലും സ്ഥാപിച്ചിട്ടുണ്ട്.

ജിദ്ദ വിമാനത്താവളം ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെയും ആരാധകരെയും സ്വീകരിക്കാൻ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്. ഏഴ് ക്ലബുളുടെ ഔദ്യോഗിക നിറങ്ങളും മുദ്രകളുമായി സ്വാഗത ബോർഡുകൾ ആഗമന ഹാളിൽ ഉയർന്നുകഴിഞ്ഞു. ഫിഫ ക്ലബ് ലോകകപ്പ് 2023 ആഘോഷമാക്കുന്നതിനായി ഒരുക്കിയ ക്രിയേറ്റിവ് പ്രമോഷനൽ സിനിമ വിമാനത്താവളത്തിലുടനീളം കൂറ്റൻ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ടീമുകളെയും ടൂർണമെന്റിൽ പങ്കെടുക്കുന്ന സ്‌പോർട്‌സ് ക്ലബുകളിൽ നിന്നുള്ള പ്രധാന വ്യക്തികൾ, മാധ്യമ പ്രവർത്തകർ, ടൂർണമെന്റ് ടിക്കറ്റ് നേടിയവർ എന്നിവരെയും സ്വീകരിച്ച് യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ‘ഫാസ്റ്റ് ട്രാക്ക്’ സേവനവും ഒരുക്കിയിട്ടുണ്ട്.കായിക മന്ത്രാലയത്തിൽ നിന്നുള്ള ജീവനക്കാരുൾപ്പെടുന്ന ഇൻഫർമേഷൻ കൗണ്ടറും വിവിധ ഭാഷകളിൽ ആളുകൾക്ക് മാർഗനിർദേശങ്ങൾ നൽകാൻ ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബാൾ ടീമുകളെയും ആരാധകരെയും സ്വീകരിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി ജിദ്ദ എയർപോർട്ട് സിഇഒ അയ്മൻ ബിൻ അബ്ദുൽ അസീസ് വ്യക്തമാക്കി.

80 സെൽഫ് സർവിസ് മെഷീനുകൾ, 114 ഇമിഗ്രേഷൻ കൗണ്ടറുകൾ, പാസഞ്ചർ ബ്രിഡ്ജുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 46 ട്രാവൽ ഗേറ്റുകൾ എന്നിവ ഉൾപ്പെടെ 220 കൗണ്ടറുകൾ ടെർമിനൽ നമ്പർ ഒന്നിലുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം കായിക മന്ത്രാലയവുമായി സഹകരിച്ച് ഇലക്ട്രോണിക് വീസ നടപടികൾ എളുപ്പമാക്കിയിട്ടുണ്ട്.

English Summary:

The FIFA Club World Cup will kick off in Jeddah tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com