ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾ തുടങ്ങി
Mail This Article
ദുബായ് ∙ വർണവിളക്കുകളുടെ പ്രഭയിൽ കുളിച്ച് ഗ്ലോബൽ വില്ലേജ്. എങ്ങും ക്രിസ്മസ് മയം. ക്രിസ്മസിന്റെ വരവറിയിച്ച് ആഘോഷ രാവുകൾ തുടങ്ങി. സമ്മാനപ്പൊതികളും മഞ്ഞു മനുഷ്യരും ജിഞ്ചർ മാനും ഓരോ പോയിന്റിലും ആഘോഷത്തിന്റെ ആവേശം നിറയ്ക്കുന്നു. ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾക്ക് ഗ്ലോബൽ വില്ലേജ് തുടക്കമിട്ടു കഴിഞ്ഞു. ഇനി ജനുവരി 4 വരെ നീളുന്ന പരിപാടികൾ. സന്ദർശകരെ അദ്ഭുതപ്പെടുത്തുന്ന കലാപ്രകടനങ്ങളും അലങ്കാരങ്ങളുമാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്.
സന്ദർശകരെ കാത്ത് നീളൻ ചെവികളുള്ള എൽഫുകൾ അവിടവിടെയായി നിലയുറപ്പിച്ചിരിക്കുന്നു. പ്രവേശന കവാടത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീയിൽ സമ്മാനപ്പൊതികളും കുഞ്ഞു ലൈറ്റുകളും നക്ഷത്രങ്ങളും പ്രഭചൊരിഞ്ഞു നിൽക്കുന്നു. കാൻഡി കെയിൻസ്, ഫെയ്റി ലൈറ്റ്, ഗിഫ്റ്റ് ബോക്സുകൾ, ബബിൾസ് എല്ലാം ചേർത്തൊരുക്കിയ ക്രിസ്മസ് ആഘോഷ മരത്തിന് ജിഞ്ചർ ബ്രെഡ് കുക്കിയാണ് വേലിയൊരുക്കിയിരിക്കുന്നത്. കാവൽ നിൽക്കുന്നത് എൽഫുകളും. വെളിച്ചത്തിൽ മുങ്ങിയ ഗ്ലോബൽ വില്ലേജ് വഴികളിലൂടെ നടക്കുമ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ ക്രിസ്മസ് രാവുകളുടെ ഓളം നേരിട്ട് അനുഭവിച്ചറിയാം.
വർണവെളിച്ചങ്ങൾ വീണ നടവഴിയും കമാനങ്ങളും സെൽഫി പ്രിയരുടെ ഇഷ്ടകേന്ദ്രങ്ങളാണ്. ക്രിസ്മസ് അലങ്കാരങ്ങളുടെ സുന്ദര കാഴ്ചകൾ കണ്ടു നടക്കുമ്പോൾ മുന്നിൽ സാന്റാ പ്രത്യക്ഷപ്പെടും. ഒപ്പം 12 എൽഫുകളും. അവരുടെ കലാപ്രകടനങ്ങൾ കണ്ട്, സാന്റയ്ക്കൊപ്പം ചിത്രം പകർത്തി ഗ്ലോബൽ വില്ലേജിലെ ഓരോ നിമിഷവും ആഘോഷമാക്കാം. ലോകത്തിലെ പ്രസിദ്ധമായ നിർമിതികളുടെ ചെറുരൂപവുമായി മിനി വേൾഡും ക്രിസ്മസ് ആഘോഷത്തിരക്കിലാണ്.