അടുത്തവർഷം യുഎഇയുടെ ജിഡിപി 3.8 ശതമാനമാകും

Mail This Article
ദുബായ് ∙ 2025ൽ യുഎഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനം 3.8 ശതമാനമായി വളരുമെന്നു ലോക ബാങ്ക് റിപ്പോർട്ട്. നിലവിൽ 3.4 ശതമാനം ജിഡിപി ഈ വർഷം 3.7 ശതമാനം ആകുമെന്നും ഇന്നലെ പുറത്തിറക്കിയ ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്റ്റ്സിൽ പറയുന്നു. ജിസിസി രാജ്യങ്ങളുടെ വളർച്ചയും സാമ്പത്തിക രേഖയിൽ പറയുന്നു. ഈ വർഷം 3.6 ശതമാനവും അടുത്തവർഷം 3.8 ശതമാനവും വളർച്ച ജിസിസി രാജ്യങ്ങളുണ്ടാകും. എണ്ണയിതര സാമ്പത്തിക മേഖലയിലെ കുതിച്ചു ചാട്ടം കണക്കിലെടുത്താണ് പ്രവചനം.
മിഡിൽ ഈസ്റ്റും നോർത്ത് ആഫ്രിക്കയും ഉൾപ്പെടുന്ന മിനാ മേഖലയിൽ കഴിഞ്ഞ വർഷം സാമ്പത്തിക വളർച്ച 1.9 ആയി കൂപ്പു കുത്തിയിരുന്നു. അതേസമയം, സൗദിയിലുണ്ടാകുന്ന വളർച്ചയാണ് ഏറ്റവും ശ്രദ്ധേയമായി റിപ്പോർട്ടിലുള്ളത്. ഈ വർഷം സൗദിയുടെ ആഭ്യന്തര ഉൽപാദനം 4.1 ശതമാനമായി വളരുമെന്നും അടുത്ത വർഷം ഇത് 4.2 ശതമാനമാകുമെന്നും പറയുന്നു. എണ്ണ ഉൽപാദനത്തിൽ മുൻപന്തിയിലുള്ള കുവൈത്തിന് ഈ വർഷം 2.6 ശതമാനം വളർച്ചയും അടുത്ത വർഷം 2.7 ശതമാനം വളർച്ചയുമാണ് പ്രതീക്ഷിക്കുന്നത്.
ബഹ്റൈന്റെ സമ്പത്തിലും വളർച്ച കാണിക്കുന്നതാണ് അടുത്ത രണ്ടു വർഷം. ഈ വർഷം 3.3 ശതമാനവും അടുത്തവർഷം 3.2 ശതമാനവുമായിരിക്കും ബഹ്റൈൻ സമ്പദ് വളർച്ച. ഖത്തർ ഈ വർഷം 2.5% അടുത്തവർഷം 3.1% വളർച്ച നേടും. ഒമാൻ 2.7% അടുത്തവർഷം 2.9 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു.