സ്വദേശിവൽക്കരണ നിയമലംഘനം; യുഎഇയിൽ 1660 കമ്പനികൾക്ക് ഒരു ലക്ഷം വരെ പിഴ
Mail This Article
അബുദാബി ∙ യുഎഇയിൽ 995 കമ്പനികൾ സ്വദേശിവൽക്കരണ നിയമം ലംഘിച്ചതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വ്യാജ സ്വദേശിവൽക്കരണം നടത്തിയ 1660 കമ്പനികളെയും കണ്ടെത്തി. നിയമലംഘകർക്ക് 20,000 ദിർഹം മുതൽ ഒരു ലക്ഷം വരെ പിഴ ചുമത്തി. സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്ന കമ്പനികളെക്കുറിച്ച് കോൾ സെന്ററിൽ വിളിച്ചോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പിലൂടെയോ അറിയിക്കണം.
രണ്ടുഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ, അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% വീതം സ്വദേശിവൽക്കരണം നടപ്പാക്കണം. ഇതനുസരിച്ച് ഈ വർഷം അവസാനിക്കുമ്പോഴേക്കും 6% പൂർത്തിയാക്കണം. 2026നകം 10% സ്വദേശികളെ നിയമിക്കണം. ഈ വർഷം ആരംഭിച്ച രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിയിൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിൽ 2024, 2025 വർഷങ്ങളിൽ ഒരു സ്വദേശിയെ വീതം നിയമിക്കണം. 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്.